Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?

Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?
Published on

ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനായി ടീന്‍ അക്കൗണ്ട് എന്ന പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. 13 മുതല്‍ 17 വയസ് വരെയുള്ള കൗമാരക്കാരായ യൂസര്‍മാരെ ലക്ഷ്യമിട്ടാണ് ഈ സുരക്ഷാ അപ്‌ഡേറ്റ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കിയിരുന്നു. ചെറു പ്രായക്കാരെ കൂടുതലായി ആകര്‍ഷിക്കുന്ന ഇന്‍സ്റ്റഗ്രാം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ആന്‍സൈറ്റി, അഡിക്ഷന്‍ തുടങ്ങി സൈബര്‍ ബുള്ളിയിംഗ് വരെ നിരവധി പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇവയെ കൈകാര്യം ചെയ്യുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അമേരിക്കയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കാനും തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് മെറ്റ പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ടീന്‍ അക്കൗണ്ടിന്റെ ഫീച്ചറുകള്‍

  • പ്രൈവറ്റ് അക്കൗണ്ടുകളായി മാറ്റപ്പെടും: 13 മുതല്‍ 17 വയസ് വരെയുള്ളവരുടെ അക്കൗണ്ടുകള്‍ ഡിഫോള്‍ട്ടായി പ്രൈവറ്റ് അക്കൗണ്ടുകളായി മാറും. ഇതോടെ അപരിചിതര്‍ക്ക് ഇവരുടെ അക്കൗണ്ടുകളില്‍ കയറാനോ ഇന്ററാക്ട് ചെയ്യാനോ സാധിക്കില്ല.

  • മെസേജിംഗ് നിയന്ത്രണങ്ങള്‍: ഡയറക്ട് മെസേജിംഗ് നിയന്ത്രിക്കപ്പെടും. ഫോളോ ചെയ്യുന്നവരില്‍ നിന്നുള്ള മെസേജുകള്‍ മാത്രമേ ടീന്‍ അക്കൗണ്ടുകളില്‍ ലഭിക്കൂ. അപരിചിതരുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന സംവിധാനമാണ് ഇത്.

  • സെന്‍സിറ്റീവ് കണ്ടന്റ് നിയന്ത്രണം: ടീന്‍ അക്കൗണ്ടുകള്‍ക്ക് ചേരാത്തതോ ദോഷകരമായതോ ആയ കണ്ടന്റുകള്‍ വിലക്കപ്പെടും.

  • ഇടപഴകലുകളില്‍ നിയന്ത്രണം: ഫോളോ ചെയ്യാത്ത മുതിര്‍ന്നവരുടെ അക്കൗണ്ടുകളുമായി ഇടപഴകുന്നത് നിയന്ത്രിക്കും. അപരചിതരുമായുള്ള ഇടപഴകല്‍ നിയന്ത്രിക്കുന്നത് ഓണ്‍ലൈന്‍ വേട്ട പോലെയുള്ള സംഭവങ്ങള്‍ മുന്‍ നിര്‍ത്തി.

  • സമയ പരിധി റിമൈന്‍ഡറുകള്‍: ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സമയ പരിധി നിശ്ചയിക്കാനുള്ള റിമൈന്‍ഡറുകള്‍ ലഭിക്കും. സോഷ്യല്‍ മീഡിയ ആരോഗ്യകരമായി ഉപയോഗിക്കുകയെന്ന സ്വഭാവം വളര്‍ത്തുകയാണ് ലക്ഷ്യം.

രക്ഷിതാക്കളുടെ മേല്‍നോട്ടം

കൗമാരക്കാരുടെ ഇന്‍സ്റ്റഗ്രാം ആക്ടിവിറ്റി നിയന്ത്രിക്കുന്നതിനായി പേരന്റല്‍ സൂപ്പര്‍വിഷന്‍ ഫീച്ചറും മെറ്റ അവതരിപ്പിച്ചു.

  • പ്രതിദിന സ്‌ക്രീന്‍ ടൈം മാതാപിതാക്കള്‍ക്ക് സെറ്റ് ചെയ്യാനാകും.

  • കുട്ടികള്‍ കാണുന്ന വിഷയങ്ങള്‍ മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാനാകും. ആരൊക്കെയായി ചാറ്റ് ചെയ്യുന്നുവെന്നതും കാണാനാകും.

  • സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആപ്പിലേക്കുള്ള ആക്‌സസ് ബ്ലോക്ക് ചെയ്യാനും മാതാപിതാക്കള്‍ക്ക് കഴിയും.

ഇത്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അത് നടപ്പാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രായം കൃത്യമായി പലരും പറയണമെന്നില്ല. അതുകൊണ്ടു തന്നെ യൂസര്‍മാരുടെ പ്രായം സ്ഥിരീകരിക്കാനുള്ള സാങ്കേതികവിദ്യ കൂടി മെറ്റ അവതരിപ്പിച്ചിട്ടുണ്ട്.

  • യോടി (Yoti)യുമായി സഹകരിച്ചുകൊണ്ട് പ്രായം വെരിഫൈ ചെയ്യാനുള്ള ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വീഡിയോ സെല്‍ഫിയിലൂടെ പ്രായം യൂസര്‍മാര്‍ക്ക് വെരിഫൈ ചെയ്യാം.

  • മ്യൂച്വല്‍ ഫ്രണ്ട്‌സിനോട് പ്രായം വെരിഫൈ ചെയ്യാന്‍ ആവശ്യപ്പെടാം.

Related Stories

No stories found.
logo
The Cue
www.thecue.in