ലോകത്തിലെ രണ്ടാമത്തെ മൂല്യമേറിയ വിമെൻസ് സ്പോർട്സ് ലീഗ്
ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമല്ല, ലോക ക്രിക്കറ്റിനെ തന്നെ മാറ്റി മറിച്ച കണ്ടുപിടിത്തമായിരുന്നു ഐപിഎൽ. ലോകത്ത് ഏറ്റവും പണകൊഴുപ്പുള്ള കായിക മൽസരം. ഓരോ പന്ത് എറിഞ്ഞ് കഴിയുമ്പോഴും കോടികളുടെ പണകിലുക്കം. ഓരോ വർഷവും ഒരു പറ്റം മികച്ച യുവ താരങ്ങളുടെ പിറവി. ലോക ക്രിക്കറ്റിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും അൽഭുതം കാണിച്ചവരെല്ലാം ഇന്ത്യയിൽ നടക്കുന്ന പ്രീമിയർ ലീഗിന്റെ ഭാഗമാകാനും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും പരസ്പരം മൽസരിച്ചു. 2024 ൽ വിജയകരമായി 10 ടീമുകളുമായി 17 ആം പതിപ്പിലേക്ക് കടക്കുന്നു.
എന്നാൽ ഇവിടെ പറയുന്നത് ഈ ഐപിഎലലിനെ കുറിച്ചല്ല. ഇന്ത്യയിലും പുറത്തും വമ്പൻ വിജയമായ ഐപിഎൽ മാതൃകയിൽ ബിസിസിഐ 2023 മുതൽ തുടക്കം കുറിച്ച മറ്റൊരു ലീഗായ വിമെൻസ് ലീഗിനെ കുറിച്ചാണ്. 2021 - ലാണ് വിമെൻസ് ട്വന്റി 20 ചലഞ്ച് എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി വനിതകൾക്കായി ഒരു മേജർ ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. 2018 ൽ സിംഗിൾ മാച്ച് ടൂർണമെന്റായിരുന്ന ഇതിൽ തുടർന്നുള്ള വർഷങ്ങളിൽ മൂന്ന് ടീമുകൾ പങ്കെടുത്തു.
2022- ൽ അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി ഐപിഎൽ മോഡൽ വിമെൻസ് ലീഗ് അനൌൺസ് ചെയ്തു. ശേഷം അഞ്ച് ടീമുകളിലേക്ക് ബിസിസിഐ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. ബിസിസിഐയുടെ സെക്രട്ടറിയായിരുന്ന ജയ്ഷാ ടൂർണമെന്റിന്റെ പേര് വിമെൻസ് പ്രീമീയർ ലീഗ് എന്നാക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടാറ്റയായിരുന്നു 2027 വരെയുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്.
അഞ്ച് ടീമുകൾ മാത്രമുള്ള ടൂർണമെന്റ് ഡബിൾ റൗണ്ട് റോബിൻ രീതിയിലാണ് ആദ്യ ഘട്ടം കളിക്കാറുള്ളത്. എല്ലാ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റ് മുട്ടും. 2023 മാർച്ചിൽ നടന്ന ആദ്യ സീസണിൽ ഇത്തരത്തിൽ പ്ലേ ഓഫ് മൽസരങ്ങളടക്കം 22 മൽസരങ്ങൾ നടന്നു. അഞ്ച് പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള ടീമുകളായിരുന്നു ആദ്യ സീസണിൽ പങ്കെടുത്തിരുന്നത്.
ന്യൂ ദൽഹി ആസ്ഥാനമായി ദൽഹി ക്യാപ്പിറ്റൽസ്, അഹമ്മദാബാദ് കേന്ദ്രീകരിച്ച് ഗുജറാത്ത് ജയന്റ്സ്, മുംബൈ കേന്ദ്രീകരിച്ച് മുംബൈ ഇന്ത്യൻസ്, ബംഗളുരുവിൽ നിന്നും റോയൽ ചലഞ്ചേഴ്സ് ബാംഗളുരു, ലക്ക്നൌവിൽ നിന്നും യുപി വാരിയേഴ്സ് തുടങ്ങി ടീമുകളായിരുന്നു ആദ്യ സീസണിൽ കളിച്ചത്.
ഇന്ത്യക്കകത്തും പുറത്ത് നിന്നുമുള്ള ഏകദേശം 1500 താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തു. ഒരു ടീമിന് 12 കോടികൾക്കുള്ളിൽ 15 മുതൽ 18 താരങ്ങളെ വരെ വിളിക്കാം എന്നതായിരുന്നു നിബന്ധന. ആകെയുള്ള അഞ്ച് ടീമുകൾ 87 താരങ്ങൾക്കായി 59 കോടി ചിലവഴിച്ചു. 3.4 കോടി രൂപ ചിലവിട്ട് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ താരം സ്മൃതി മന്ദാനയായിരുന്നു ആദ്യ സീസണിലെ ഏറ്റവും മൂല്യമുള്ള താരം.
ആദ്യ സീസണിന്റെ ഫൈനലിൽ ദൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് കിരീടം നേടി.
ദൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനായിരുന്ന ആസ്ത്രേലിയൻ താരം മെഗ് ലാനിംഗായിരുന്നു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് (345 ) സ്കോർ ചെയ്ത് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. അഞ്ച് ട്വന്റി 20 വേൾഡ് കപ്പ് കിരീടം, രണ്ട് ഏകദിന ലോക കപ്പ് കിരീടമടക്കം ആസ്ത്രേലിയക്ക് ഏഴോളം കിരീടം നേടി കൊടുത്ത ക്യാപ്റ്റൻ കൂടിയായിരുന്നു മെഗ് ലാനിംഗ്. 16 വിക്കറ്റ് നേടിയ മുംബൈയുടെ വെസ്റ്റ് ഇന്ഡീസ് ഓൾ റൗണ്ടർ ഹെയ്‌ലി മാത്യൂസീനായിരുന്നു പർപ്പിൾ ക്യാപ്പ്.വിമെൻസ് പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ മലയാളിയായി. ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയാണ് ഓൾ റൗണ്ടറായ മിന്നു മണി കളിച്ചത്. ഇത്തവണ മിന്നുവിനെ കൂടാതെ വായനാടിൽ നിന്ന് തന്നെയുള്ള ബാറ്റർ സജന,ആശ ,നജ്‌ല തുടങ്ങിയവരും കളിക്കുന്നുണ്ട്. ആദ്യ കളിയിൽ തന്നെ കളിയുടെ അവസാന പന്തിൽ അഞ്ചു റൺസ് വേണമെന്നിരിക്കെ സിക്സർ നേടി മുംബൈക്ക് വിജയം നേടി കൊടുത്ത് സജനയും യുപി വാരിയേഴ്‌സിനെതിരെയുള്ള മത്സരത്തിൽ ടൂർണമെന്റ് ചരിത്രത്തിലെ ആദ്യ അഞ്ചു വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡോടെ ശോഭന ആശയും തുടക്കത്തിൽ തന്നെ മലയാളികളുടെ വരവറിയിച്ചിട്ടുണ്ട്.
ഗുജറാത്ത് ജയന്റ്സിന്റെ ബാറ്റർ ഹാർലിൻ ഡിയോൾ,ദൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമ്മ, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും സ്കിപ്പറുമായ ഹർമൻപ്രീത് കൗർ, യുപി വാരിഴേയ്‌സിന്റെ ഐസിസി ആൾ റൗണ്ടർ നാലാം നമ്പർ താരം ദീപ്തി ശർമ്മ, റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ സ്‌മൃതി മന്ദാന തുടങ്ങിയവരാണ് ഈ സീസണിലെ ഇന്ത്യയിൽ നിന്നുള്ള പ്രധാന താരങ്ങൾ.
ദൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുന്ന ആസ്ത്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ്, മുംബൈക്ക് വേണ്ടി കളിക്കുന്ന വെസ്റ്റ് ഇന്ഡീസ് ഓൾ റൗണ്ടർ ഹെയ്‌ലി മാത്യൂസ്, യുപി വാരിയേഴ്‌സിന്റെ ഇംഗ്ളീഷ് താരം സോഫി എക്ലെസ്റ്റോൺ, റോയൽ ചലഞ്ചേഴ്‌സിന്റെ ആസ്ട്രേലിയൻ താരം എല്ലിസ് പെറി, ആസ്ട്രേലിയയുടെ തന്നെ ഗുജറാത്ത് ജയൻറ്സ് താരം ബേത്ത് മൂണി തുടങ്ങിയവരാണ് വിമെൻസ് ലീഗിൽ ശ്രദ്ധിക്കേണ്ട പ്രധാന വിദേശ താരങ്ങൾ.
ടൂർണമെന്റിൽ ഓരോ ടീമുകളും ഓരോ മൽസരം പൂർത്തിയാക്കിയിരിക്കെ ഗാലറിയിലും ലൈവ് ടെലികാസ്റ്റിലും വലിയ രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനകം തന്നെ അമേരിക്കയിൽ നടക്കുന്ന വിമെൻസ് നാഷണൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് കഴിഞ്ഞാൽ ഏറ്റവും മൂല്യമേറിയ വിമെൻസ് സ്പോർട്സ് ലീഗാണ് വിമെൻസ് പ്രീമിയർ ലീഗ്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ടീമുകളും ആരവങ്ങളുമായി വിമെൻസ് പ്രീമിയർ ലീഗ് ഐപിഎൽ പോലെ തന്നെ തിളങ്ങുമെന്നുറപ്പാണ്.