ഖത്തര്‍ ലോകകപ്പ് അതിന്റെ കലാശ പോരിലേക്ക് അടുക്കുകയാണ്. 32 ടീമുകളായി തുടങ്ങിയ അങ്കം നാലു രാജ്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങുമ്പോള്‍ ഖത്തറിലെ മൈതാനങ്ങള്‍ക്കിനി തീപിടിക്കും. 2018ലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സിനും ക്രൊയേഷ്യയ്ക്കും പുറമെ അര്‍ജന്റീനയും മൊറോക്കോയുമാണ് അവസാന നാലില്‍ ഇടം പിടിച്ച ടീമുകള്‍. മികച്ച പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും താണ്ടി വന്ന ബ്രസീലും ഇംഗ്ലണ്ടും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍ പൊരുതിവീണപ്പോള്‍ നന്നേ വിയര്‍ത്താണ് നാല് ടീമുകളും സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.
നാളെ രാത്രി 12:30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ആദ്യ സെമി മത്സരത്തില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടും. രണ്ട് ടീമുകളും ഷൂട്ടൗട്ടുകളെ അതിജീവിച്ചാണ് സെമിയില്‍ എത്തിയിരിക്കുന്നത്. വേള്‍ഡ് കപ്പിലെ ഫേവറേറ്റുകളായ ബ്രസീലിനെ തോല്‍പ്പിക്കാനായത് ക്രൊയേഷ്യയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിയാക്കോവിച്ച് തുടരുന്ന മികച്ച ഫോം പ്രതീക്ഷകളെ ഉയര്‍ത്തുകയും ചെയ്യുന്നു. കളം നിറഞ്ഞ് കളിക്കുന്ന ലൂക്ക മോഡ്രിച്ചിന്റെ സംഘം പ്രതിരോധത്തിലും ആക്രമണത്തിലും പന്തടക്കത്തിലും മേന്മ പുലര്‍ത്തുന്നുണ്ട്. മറുവശത്ത്, വാശിയേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തിയെത്തിയ അര്‍ജന്റീനയുടെ പ്രതീക്ഷ മുഴുവന്‍ മികച്ച ഫോമില്‍ കളി തുടരുന്ന മെസ്സിയിലാണ്. നാല് ഗോളുകളോടെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഫ്രാന്‍സിന്റെ എംബാപ്പെക്ക് പിറകില്‍ രണ്ടാമതായി മെസ്സിയുണ്ട്. ഇതിനോടകം മൂന്ന് മത്സരങ്ങളില്‍ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്സും മികച്ച ഫോമിലാണ്. 16 മഞ്ഞക്കാര്‍ഡുകള്‍ കണ്ട ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ക്ഷീണം അര്‍ജന്റീനക്കുണ്ട്. അക്വിനോയ്ക്കും മോണ്ടിയേലിനും ഇതുമൂലം സെമി ഫൈനല്‍ നഷ്ടമാകും. മുഴുവന്‍ സമയം കളിക്കാനുള്ള ക്ഷമതയിലേക്ക് തിരിച്ചെത്താത്ത ഡിമരിയയുടെ അഭാവവും ആദ്യ മിനിറ്റുകളില്‍ പ്രകടമാകും. നേരത്തെ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 2 മത്സരങ്ങള്‍ വീതം ഇരുടീമും ജയിച്ചിരുന്നു. ഒരെണ്ണം സമനിലയിലായി. ലോകകപ്പില്‍ ഏറ്റുമുട്ടിയ രണ്ട് കളികളില്‍ ഓരോന്ന് വീതമാണ് ജയം. 1998 ലോകകപ്പിലാണ് ആദ്യമായി ഏറ്റുമുട്ടിയത്, അന്ന് ലാറ്റിനമേരിക്കന്‍ സംഘം 1-0 വിജയിച്ചു. എന്നാല്‍ 2018 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 3-0 എന്ന മാർജിനിലാണ് ക്രൊയേഷ്യ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. 37 കാരനായ ലുക്ക മോഡ്രിച്ചിനും 35കാരനായ മെസ്സിക്കും ഇത് അവസാന ലോകകപ്പാണ്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ ആരുജയിച്ചാലും അത് ഒരാളുടെ സ്വപ്നത്തിന്റെ അന്ത്യമായിരിക്കും.
രണ്ടാം സെമിയില്‍ ഫ്രാന്‍സും മൊറോക്കോയും
ഡിസംബര്‍ 14 രാത്രി 12.30ന് അരങ്ങേറുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. അല്‍ ബയാത് സ്റ്റേഡിയത്തിലാണ് മത്സരം. വേള്‍ഡ് കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലിന് യോഗ്യത നേടുന്ന ആഫ്രിക്കന്‍ രാഷ്ട്രമെന്ന പ്രത്യേകതയോടെയാണ് മൊറോക്കോ വരുന്നത്. മുന്‍ ഫ്രഞ്ച് കോളനി കൂടിയായ മൊറോക്കോ 2002ലെ സെനഗല്‍ സൃഷ്ടിച്ച ചരിത്രം ആവര്‍ത്തിക്കുമോ എന്നാണു ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നത്. സെനഗലും ഫ്രാന്‍സിന്റെ കോളനിയായിരുന്നു. ക്രൊയേഷ്യയുള്‍പ്പെടുള്ള ഗ്രൂപ്പില്‍ നിന്ന് ബെല്‍ജിയത്തെയും കാനഡയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ എത്തിയ മൊറോക്കോ 2010 ചാമ്പ്യന്മാരായ സ്പെയിനിനെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ എത്തിയത്. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ 1-0 ത്തിനു പരാജയപ്പെടുത്തി. ശക്തമായ പ്രതിരോധ നിരയുള്ള മൊറോക്കോ ഇത് വരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാം ലോക കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഫ്രാന്‍സ് ഗ്രൂപ് ഘട്ടത്തില്‍ ട്യുണീഷ്യയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതൊഴിച്ചാല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ 3-1 നു പരാജയപ്പെടുത്തിയ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ത്രസിപ്പിച്ച പോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ 2-1നും പരാജയപ്പെടുത്തി. ഇരുവരും നേരിട്ട് ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ 3 എണ്ണം ഫ്രാന്‍സും ഒരെണ്ണം മൊറോക്കോയും ജയിച്ചിട്ടുണ്ട്. ലോകകപ്പിന്റെ വേദിയില്‍ ഇരുവരും ആദ്യമായി ഏറ്റുമുട്ടാന്‍ പോകുന്നു എന്ന പ്രത്യേകതയും ഈ സെമിഫൈനലിനുണ്ട്.