പാരീസില്‍ ഇന്ത്യയുടെ അഭിമാനം, രാജ്യത്തിനു വേണ്ടി ആദ്യ മെഡല്‍ നേടിയ താരം; ആരാണ് മനു ഭാക്കര്‍

പാരീസില്‍ ഇന്ത്യയുടെ അഭിമാനം, രാജ്യത്തിനു വേണ്ടി ആദ്യ മെഡല്‍ നേടിയ താരം; ആരാണ് മനു ഭാക്കര്‍
Published on

2004ലെ ഏതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് നേടിയ വെള്ളിയോടെ തുടങ്ങുന്നു ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങള്‍. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണ്ണം നേടിയപ്പോള്‍ അത് വ്യക്തിഗത ഇനങ്ങളില്‍ ആദ്യമായി ലഭിക്കുന്ന സ്വര്‍ണ്ണം കൂടിയായി മാറി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയ് കുമാര്‍ വെള്ളിയും ഗഗന്‍ നാരംഗ് വെങ്കലവും നേടി ആ ചങ്ങല മുറിയാതെ കാത്തു. പക്ഷേ 2016ലെ റിയോ ഒളിംപിക്‌സിലും 2021ല്‍ നടന്ന ടോക്യോ ഒളിംപിക്‌സിലും ആ തുടര്‍ച്ച നിലനിര്‍ത്താന്‍ നമ്മുടെ താരങ്ങള്‍ക്കായില്ല. 2024 എത്തുമ്പോള്‍ പാരീസില്‍ പക്ഷേ പ്രതീക്ഷകള്‍ക്ക് ഫലമുണ്ടായിരിക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാക്കര്‍ വെങ്കലം നേടി ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യക്കു വേണ്ടി ഒളിംപിക് ഷൂട്ടിങ് മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇതോടെ മനുവിന് സ്വന്തം. നാല് പുരുഷന്‍മാര്‍ മാത്രം വാണിരുന്ന ഇന്ത്യയുടെ ഷൂട്ടിംഗ് മെഡല്‍ ജേതാക്കളുടെ ക്ലബ്ബില്‍ മനു ഭാക്കറും സ്വന്തം സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് മനുവിന്റെ വരവ്.

2021ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ നിര്‍ഭാഗ്യം കൊണ്ട് ഫൈനല്‍ നഷ്ടമായ ചരിത്രമുണ്ട് മനുവിന്. മനുവിന്റെ ആദ്യ ഒളിംപിക്‌സായിരുന്നു അത്. പക്ഷേ, ആ അരങ്ങേറ്റം അത്ര ശുഭകരമായില്ല. യോഗ്യതാ മത്സരത്തില്‍ തോക്കിന് തകരാറുണ്ടായി. മറ്റൊരു തോക്കുമായി മത്സരത്തില്‍ തിരികെയെത്തിയെങ്കിലും ഫൈനല്‍ യോഗ്യത നേടാനാകാതെ നിരാശയായി മടങ്ങേണ്ടി വന്നു. പക്ഷേ, മൂന്ന് വര്‍ഷത്തിനിപ്പുറം ഒളിംപിക്‌സിന്റെ രണ്ടാം ദിവസം തന്നെ രാജ്യത്തിനു വേണ്ടി മെഡല്‍ വാങ്ങാന്‍ പോഡിയത്തില്‍ കയറി നില്‍ക്കാന്‍ അവള്‍ക്കായി. ടോക്യോ സമ്മാനിച്ച നിരാശയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ആ മെഡല്‍ നേട്ടം. വെള്ളി മെഡല്‍ നേടിയ കിം യെജിയുമായി 0.1 പോയിന്റിന്റെ വ്യത്യാസം മാത്രമേ മനുവിനുള്ളു. ഈ വെങ്കലത്തിനും വെള്ളിത്തിളക്കമുണ്ട്. ദക്ഷിണ കൊറിയയുടെ ഒ യേ ജിന്‍ ഒളിംപിക് റെക്കോഡോഡെയാണ് സ്വര്‍ണ്ണം നേടിയത്.

ഹരിയാനയിലെ ജജ്ജറിലാണ് മനു ഭാക്കര്‍ ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് ടെന്നീസിലും ബോക്‌സിംഗിലും സ്‌കേറ്റിംഗിലുമൊക്കെ അവള്‍ ഒരു കൈ നോക്കി. താംഗ് റ്റ എന്ന ആയോധന കലയിലും കൈവെച്ചു നോക്കി. ഇതില്‍ ദേശീയ മെഡലുകള്‍ അവള്‍ കരസ്ഥമാക്കിയിരുന്നു. തന്റെ 14-ാമത്തെ വയസിലാണ് ഷൂട്ടിങ്ങിലാണ് ഭാവിയെന്ന് മനു തിരിച്ചറിഞ്ഞത്. അച്ഛനായിരുന്നു മനുവിന്റെ ശക്തികേന്ദ്രം. മകളുടെ തീരുമാനത്തിനൊപ്പം നിലയുറപ്പിച്ച ആ പിതാവ് പരിശീലനത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറായി. 2016 റിയോ ഒളിംപിക്‌സ് അപ്പോള്‍ അവസാനിച്ചതേയുള്ളു. തൊട്ടടുത്ത വര്‍ഷം ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച മനു ഒപ്പം മത്സരിച്ച ഒളിംപ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായിരുന്ന ഹീന സിദ്ധുവിനെ ഞെട്ടിച്ചുകൊണ്ട് ശ്രദ്ധ നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ സിദ്ധുവിന്റെ 242.3 എന്ന റെക്കോര്‍ഡ് സ്‌കോര്‍ മനു പിഴുതെറിഞ്ഞു. വെറും പതിനാറ് വയസുള്ളപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിക്കൊണ്ട് ടീനേജ് സെന്‍സേഷനായും മനു മാറി.

2018ല്‍ മെക്‌സിക്കോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്‍ ലോകകപ്പില്‍ മെക്‌സിക്കോയുടെ അലഹാന്ദ്ര സവാലയെ പരാജയപ്പെടുത്തിക്കൊണ്ട് മനു സ്വര്‍ണ്ണം നേടി. രണ്ടു തവണ ചാംപ്യനായ താരത്തെയാണ് അവള്‍ തോല്‍പിച്ചത്. 2019ലെ മ്യൂണിക്ക് ഐഎസ്എസ്എഫ് ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിക്കൊണ്ടാണ് അവള്‍ ഒളിംപിക് യോഗ്യത ഉറപ്പിച്ചത്. 2021ല്‍ ഡല്‍ഹിയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിലും തന്റെ ഇഷ്ടയിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in