വിനേഷ് ഫോഗട്ട് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പക്ഷേ എന്താണ് അയോഗ്യതയ്ക്ക് കാരണമായത്? വിധിപ്പകര്‍പ്പില്‍ പറയുന്നത് ഇങ്ങനെ

വിനേഷ് ഫോഗട്ട്
വിനേഷ് ഫോഗട്ട്
Published on

പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഗുസ്തി ഫൈനലില്‍ നിന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിന് കാരണമെന്തെന്ന് വിശദീകരിച്ച് രാജ്യാന്തര സ്‌പോര്‍ട് ആര്‍ബിട്രേഷന്‍ കോടതി. വിനേഷ് നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. പക്ഷേ, നിയമങ്ങള്‍ കര്‍ശനമാണ്. രണ്ടാം ദിവസവും ഭാര പരിധിക്കുള്ളില്‍ നില്‍ക്കുകയെന്നത് അത്‌ലറ്റിന്റെ ഉത്തരവാദിത്തമാണ്. അതില്‍ വീഴ്ച വന്നതാണ് അപ്പീല്‍ തള്ളാനുള്ള കാരണമെന്ന് വിധിയില്‍ പറയുന്നു. യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് നിയമങ്ങള്‍ പരിഗണിച്ചാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട് ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. നിയമം അനുസരിച്ച് ഭാരപരിധിക്കുള്ളിലല്ല കായികതാരമെങ്കില്‍ അയോഗ്യത നിലവില്‍ വരും. വിനേഷ് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചത്. അതുകൊണ്ടുതന്നെ ഭാരപരിധിക്കുള്ളില്‍ നില്‍ക്കണമെന്ന കാര്യം അവര്‍ക്ക് അറിയാവുന്നതാണ്. നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 7 അനുസരിച്ച് മത്സരിക്കുന്നവര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഓരോ ഇനത്തിലും പങ്കെടുക്കുന്നത്. ഒരു ഭാരയിനത്തില്‍ മാത്രമേ അവര്‍ക്ക് മത്സരിക്കാന്‍ കഴിയൂ. ഔദ്യോഗികമായി ഭാരം രേഖപ്പെടുത്തുന്ന സമയത്ത് ആ ഭാരപരിധിക്കുള്ളില്‍ നില്‍ക്കുകയെന്നത് അവരുടെ ഉത്തരവാദിത്തമാണെന്ന് സിഎഎസ് ചൂണ്ടിക്കാട്ടി.

അപ്പീല്‍ നല്‍കിയിരിക്കുന്നത് അനുഭവ സമ്പന്നയായ ഗുസ്തി താരമാണ്. അവര്‍ ഇതേ നിയമങ്ങള്‍ അനുസരിച്ച് മുന്‍പും മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര നിയമങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ല എന്നതിന് തെളിവൊന്നുമില്ല. 50 കിലോ വിഭാഗത്തില്‍ അവര്‍ സ്വമേധയാ ചേര്‍ന്നതാണ്. ഭാരം കുറയ്ക്കാന്‍ തനിക്ക് ആവശ്യമുള്ള സമയം ലഭിച്ചില്ല എന്നാണ് അവര്‍ അവകാശപ്പെട്ടത്. രണ്ടാമത്തെ ഭാരനിര്‍ണ്ണയം നടക്കുമ്പോള്‍ താരത്തിന്റെ ഭാഗത്തു നിന്ന് നിയമവിരുദ്ധമായ പ്രവൃത്തികള്‍ ഒന്നും ഉണ്ടായിട്ടില്ല. അയോഗ്യയെന്ന് കണ്ടെത്തിയ റൗണ്ടില്‍ മാത്രമാണ് അവര്‍ മത്സരിക്കാന്‍ യോഗ്യയല്ലെന്ന് കണ്ടെത്തിയതെന്നും മറ്റു റൗണ്ടുകളില്‍ അവര്‍ യോഗ്യയായിരുന്നെന്നും സിഎഎസ് ആര്‍ബിട്രേറ്റര്‍ വ്യക്തമാക്കി. 50 കിലോഗ്രാം വിഭാഗത്തിലെ ഫൈനലിലേക്ക് യോഗ്യത നേടിയതിനു ശേഷം തൊട്ടടുത്ത ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയിലാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. 100 ഗ്രാം ഭാരം കൂടുതലാണെന്ന കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ താരത്തെ അയോഗ്യയാക്കുകയായിരുന്നു. യുയി സുസാകി, ഒക്‌സാന ലിവാച്ച്, യുസ്‌നെലിസ് ഗുസ്മാന്‍ ലോപസ് എന്നിവരെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചത്.

53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് ഇത്തവണ മത്സരിക്കാനിരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ലിഗമെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാല്‍ അവര്‍ക്ക് ഏതാനും മാസങ്ങള്‍ ഗുസ്തിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ ആന്റിം പംഗല്‍ 53 കിലോ വിഭാഗത്തില്‍ ഒളിമ്പിക് യോഗ്യത നേടിയെന്നും തുടര്‍ന്ന് ഫോഗട്ട് 50 കിലോ വിഭാഗത്തില്‍ മത്സരിക്കുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ തലവനായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരത്തില്‍ പങ്കെടുത്ത വിനേഷിന് രാജ്യാന്തര മത്സരങ്ങളും യോഗ്യതാ മത്സരവും നഷ്ടമാകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാരീസിലെ ഒളിമ്പിക്‌സ് വില്ലേജിലേക്ക് സഹോദരിയെ എത്തിക്കുന്നതിനായി തന്റെ അക്രഡിറ്റേഷ്ന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ച ആന്റിം പംഗലിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in