ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആരും ഭയക്കുന്ന ആരെയും വെല്ലുവിളിക്കാന്‍ കഴിയുന്ന പടയാക്കി മാറ്റിയ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഒന്നിന് പകരം പത്ത് തിരിച്ച് നല്‍കണം എന്നുറപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍. എന്നാല്‍ ദാദയുടെ അഗ്രഷന്‍ അതിനേക്കാള്‍ നൂറ് മടങ്ങ് ഏറ്റെടുത്ത്, ഒരു ടീമിന് മുഴുവന്‍ വീതിച്ച് നല്‍കി, ഗ്രൗണ്ടിലേക്കിറങ്ങിയ മറ്റൊരു റെഡ് ബോള്‍ ക്യാപ്റ്റന്‍ ഇന്ത്യക്കുണ്ടായിരുന്നു. ഓസീസ് മണ്ണില്‍ ആദ്യമായി ഇന്ത്യക്ക് ടെസ്റ്റ് സീരീസ് സമ്മാനിച്ച ക്യാപ്റ്റന്‍. അയാളുടെ ക്യാപ്റ്റന്‍സിയില്‍ ഗ്രൗണ്ടിലെ ഇന്ത്യന്‍ കളിക്കാരെല്ലാം പക്കാ ഗാങ്‌സ്റ്റേഴ്‌സായിരുന്നു. അയാളോ അവരെല്ലാം സലാം പറയുന്ന ക്രിക്കറ്റിന്റെ രാജാവും.
ഇന്ത്യക്കായി സച്ചിന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടങ്ങിവെച്ച റെക്കോര്‍ഡുകള്‍, അവിസ്മരണീയമായ ഇന്നിംഗ്‌സുകള്‍, ക്ലാസിക് ഷോട്ടുകള്‍ ഇവയെല്ലാം സച്ചിന്‍ വിരമിച്ചപ്പോള്‍ ഇന്ത്യക്ക് നഷ്ടമായിട്ടില്ല.. സച്ചിന്‍ കളി നിര്‍ത്തിയപ്പോഴേക്കും സച്ചിനെ പോലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടാന്‍ വിരാട് കോഹ്ലി തുടങ്ങിയിരുന്നു. റണ്‍സില്‍, സെഞ്ചുറികളില്‍, വിജയങ്ങളില്‍, ഏകദിനങ്ങളിലും, ടെസ്റ്റിലും, ട്വന്റി ട്വന്റിയിലും, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അയാള്‍ തന്നെയായിരുന്നു മോസ്റ്റ് ഡേഞ്ചറസ് ബാറ്റര്‍. റെക്കോര്‍ഡുകള്‍ അയാളുടെ പേരില്‍ എഴുതിച്ചേര്‍ത്ത് കൊണ്ടിരുന്നു. എന്നാല്‍ അയാള്‍ ഒരു ടീമിനെ ഏത് തരത്തില്‍ മാറ്റുമെന്ന് ചോദിച്ചാല്‍ ആരോടും കൊമ്പുകോര്‍ക്കുന്ന അയാളുടെ റെഡ്‌ബോള്‍ പടയെ കണ്ടറിയണം. 2018-19 സീസണിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മാത്രമെടുത്താല്‍ മതി അതറിയാന്‍.
കോഹ്ലി ആദ്യമായി ടെസ്റ്റ് ടീം കാപ്റ്റനാകുന്നത് 2014ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു. ധോണിക്ക് പകരക്കാരനായി അഡ്‌ലെയ്ഡില്‍. സെഞ്ചുറിയോടെ മുന്നില്‍ നിന്ന് നയിച്ചെങ്കിലും മത്സരവും സീരീസും ഇന്ത്യ തോറ്റു. വിരാട് കോഹ്ലി എന്ന ക്രിക്കറ്റ് താരത്തെ അറിയുന്നവര്‍ക്ക് അറിയാം, തോല്‍വിയുടെ കണക്കുകള്‍ അത്രപെട്ടെന്ന് മറക്കുന്നയാളല്ല അയാളെന്നും തിരിച്ചുകൊടുക്കാനുള്ള കണക്കുകള്‍ അയാള്‍ അന്നേ എഴുതി വെച്ചിട്ടുണ്ടാകുമെന്നും. അതുകൊണ്ട് തന്നെ എല്ലാ കണക്കുകളും പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ച് കൊടുക്കാന്‍ അയാള്‍ തന്റെ പടയുമായി ഓസ്‌ട്രേലിയക്ക് വിമാനം കയറി.
ഓസീസ് മണ്ണില്‍ നാല് ടെസ്റ്റ് മത്സരങ്ങള്‍, എന്ന് പറഞ്ഞാല്‍ ഗ്രൗണ്ടില്‍ ഇരുപത് ദിവസങ്ങള്‍. സ്റ്റാര്‍ക്കും. കമ്മിന്‍സും, ഹാസില്‍ വുഡുമെല്ലാം ആ ചുവന്ന പന്ത് തീപ്പന്തമാക്കി ഇന്ത്യന്‍ ബാറ്റേഴ്‌സിനെ തലങ്ങും വിലങ്ങും എറിഞ്ഞ് വീഴ്ത്താന്‍ നോക്കുമെന്ന് ഉറപ്പുള്ള ദിവസങ്ങള്‍. കളിക്കളത്തില്‍, പ്രത്യേകിച്ച് ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പരകളില്‍ മാന്യന്മാരല്ല ടീം. സ്ലെഡ്ജിങ്ങ് മാത്രമല്ല, ഡിആര്‍എസ് ഇല്ലാത്ത കാലത്ത്, ഫേക്ക് ഫീല്‍ഡിങ്ങുള്‍പ്പടെ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന ശീലം അവര്‍ക്കുണ്ട്. മുന്‍വര്‍ഷങ്ങളില്‍ അത് ഇന്ത്യയുള്‍പ്പെടെ അറിഞ്ഞിട്ടുമുണ്ട്. സീരീസിന് തൊട്ടുമുന്നേ ബോള്‍ ടാംപറിങ്ങിന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമടക്കം പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. എങ്കിലും അന്ന് കോഹ്ലി ഓസീസ് മണ്ണില്‍ മാധ്യമങ്ങളോട് പറഞ്ഞു, അവരേത് തരത്തില്‍ കളിക്കുമെന്നോ, എത്ര വള്‍ണറബിളാണെന്നോ ഒന്നുമല്ല, ഞങ്ങള്‍ ഫോക്കസ് ചെയ്യുന്നത് ഞങ്ങളുടെ ടീമിലാണ്.
ആദ്യ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ഓസീസ് ബോളിങ്ങിന്റെ ചൂടറിഞ്ഞു. കെ.എല്‍. രാഹുലും മുരളി വിജയും കോഹ്ലിയും രഹാനെയുമെല്ലാം പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെട്ടു. ചേതേശ്വര്‍ പൂജാര എന്ന ഇന്ത്യയുടെ വജ്രായുധം ഒഴിച്ചു നിര്‍ത്തിയാല്‍ ബാറ്റേഴ്‌സ് തട്ടിമുട്ടി സ്‌കോര്‍ മുന്നോട്ട് കൊണ്ടു പോയെന്ന് പറയാം. ഒന്നാം ഇന്നിങ്‌സില്‍ വെറും 250 റണ്‍സ് മാത്രം.
ഇന്ത്യയെ എറിഞ്ഞിട്ടു എന്ന ആവേശത്തില്‍ വിജയമുറപ്പിച്ചാണ് ഓസീസ് പട അന്ന് ബാറ്റിങ്ങിന് തയ്യാറെടുത്തത്. എന്നാല്‍ ആദ്യ ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇഷാന്ത് ശര്‍മ തിരിച്ചടി തുടങ്ങി. സ്റ്റംപുകള്‍ തെറിച്ച് പിന്നിലേക്ക് പോകുമ്പോഴേക്കും, ക്യാമറക്കണ്ണുകള്‍ വിരാട് കോഹ്ലിയിലേക്ക് ഫോക്കസ് ചെയ്യും. അപ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാം, വിക്കറ്റ് നേടിയ ബൗളറെപ്പോലെ, സ്വന്തം വിക്കറ്റ് പോലെ, നൂറ് കളികള്‍ ജയിച്ച പോലെ അതാഘോഷിക്കുന്ന കോഹ്ലിയെ. ധൈര്യമുള്ള അടുത്തവനോട് ക്രീസിലേക്ക് വരാന്‍ പറയെന്ന് വെല്ലുവിളിച്ചു കൊണ്ട്. കണക്കുകള്‍ തീര്‍ത്തിട്ടേ നമ്മളിവിടന്ന് പോകൂ എന്ന് അയാള്‍ തന്റെ ബൗളര്‍മാരോട് പറഞ്ഞുകഴിഞ്ഞുവെന്ന് ഉറപ്പായിരുന്നു. ക്രീസില്‍ തങ്ങള്‍ നേരിട്ടതെല്ലാം തിരിച്ച് തരാന്‍ റെഡിയായിട്ടാണ് തന്റെ ബൗളര്‍മാര്‍ വന്നിരിക്കുന്നതെന്ന്. അന്ന് ഓസീസ് ബാറ്റര്‍മാരും നേരില്‍ കണ്ടു.
ഇഷാന്ത് ശര്‍മയും ഷമിയും ബുംറയും അയാളുടെ പടയാളികളായി. ആവശ്യമായ ഇടവേളകളില്‍ അയാള്‍ക്ക് വേണ്ടി അവര്‍ വിക്കറ്റിട്ടു കൊടുത്തു. കൂട്ടിന് അശ്വിനും. എല്ലാ വിക്കറ്റിലും വിരാട് കോഹ്ലി ആഘോഷിച്ചു, ഏറ്റക്കുറച്ചിലുകളില്ലാതെ, ഓരോന്നും കൂട്ടിച്ചേര്‍ന്നാണ് വിജയമുണ്ടാകുന്നതെന്ന് മനസിലാക്കി തന്നെ. അതുവരെ ഓസീസ് മണ്ണില്‍ ടെസ്റ്റ് സീരീസ് കളിച്ചപ്പോഴുന്നും ആദ്യ ടെസ്റ്റില്‍ ഒരു വിജയം ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അഞ്ചാം നാള്‍ 31 റണ്‍സിന്റെ വിജയത്തോടെ അയാളതും നേടി. ഓസീസ് മണ്ണിലെ സീരീസ് ജയം ഇന്ത്യക്ക് അകലെയല്ലെന്ന് ഓരോ ആരാധകനും കൊതിച്ചു തുടങ്ങി. ഒരു മാസത്തിനിപ്പുറം അയാളത് നേടിത്തരുകയും ചെയ്തു.
ഓസീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി, സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനും ധോണിക്കും ഒന്നും നേടിത്തരാന്‍ കഴിയാത്തത് അയാള്‍ ഇന്ത്യന്‍ ജനതയുടെ കാല്‍ച്ചുവട്ടില്‍ കൊണ്ട് വന്ന് വെച്ചു. ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീം നൃത്തം വെച്ചു. ചേതേശ്വര്‍ പൂജാരയുടെ ക്ലാസ്സ് പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തിന്റെ അടിത്തറ, അതില്‍ തര്‍ക്കമില്ല. പക്ഷേ വ്യക്തികളേക്കാള്‍ അന്നത്തെ ഇന്ത്യന്‍ ടീമിന് എന്തോ ഒരു സ്‌പെഷ്യാലിറ്റിയുണ്ടായിരുന്നു. അത് നേരത്തെ പറഞ്ഞ വിരാട് കോഹ്ലി എല്ലാവരിലേക്കും കൊളുത്തിയ അഗ്രഷനായിരുന്നു. ഗ്രൗണ്ടില്‍ ഒരു പോയിന്റിലും അവര്‍ തോല്‍ക്കാന്‍ റെഡിയല്ലായിരുന്നു. ഏത് ബൗണ്‍സറും നേരിടാന്‍ റെഡിയായിട്ടായിരുന്നു അന്ന് ബാറ്റര്‍മാര്‍ ക്രീസിലേക്കിറങ്ങുക. ഒരു സ്ലെഡ്ജിങ്ങിനും അവരെ തളര്‍ത്താന്‍ കഴിയില്ലായിരുന്നു. ബോളേഴ്‌സോ അതിന്റെ നൂറിരട്ടി പ്രഹരശേഷിയുമായി തയ്യാറെടുത്ത് വന്നിരിക്കുന്നവരും. റണ്‍സ് കൊടുക്കില്ലെന്ന് ഉറപ്പിച്ച് പന്ത് കൈയ്യിലെടുത്തിട്ട് വന്നവര്‍. ഓസീസ് മണ്ണില്‍, ഓസീസ് ആരാധകര്‍ക്കിടയില്‍, അത്ര കോണ്‍ഫിഡന്റായി എന്തെടാ എന്ന അര്‍ത്ഥത്തില്‍ ഓസീസ് ബാറ്റേഴ്‌സിനെ വെല്ലുവിളിക്കാന്‍ വേറൊരു ടീമും ഒരുകാലത്തും ധൈര്യപ്പെട്ടിട്ടുണ്ടാവില്ല. ക്രീസിലേക്കല്ല യുദ്ധക്കളത്തിലേക്കാണ് ഓരോ ബാറ്റര്‍മാരും ഇറങ്ങുന്നതെന്ന് വിരാട് കോഹ്ലിയുടെ ആ ഗാങ്‌സ്റ്റേഴ്‌സ് ഓസീസ് ബാറ്റേഴ്‌സിനെ തോന്നിപ്പിച്ചു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വിജയം ഇന്ത്യക്ക് ഒരുപാട് വലുതായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ അതിന് മുന്നേ തന്നെ ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്ലി മറ്റൊരു ബ്രാന്‍ഡാക്കിയിരുന്നു. 42 മാസമായിരുന്നു ഇന്ത്യ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കളിച്ച 68 ടെസ്റ്റില്‍ 40 വിജയങ്ങള്‍. തോറ്റതോ വെറും 17 എണ്ണത്തില്‍ മാത്രം. ആരും ഭയക്കുന്ന, തന്നെപ്പോലെ തന്നെ ഡേഞ്ചറസായ ഒരു ടീമിനെ നിര്‍മിച്ചെടുത്തിട്ടും ആ കണക്കുകള്‍ക്ക് വില കൊടുക്കാതെയാണ് ബിസിസിഐ അയാളുടെ കൈയ്യില്‍ നിന്ന് ക്യാപ്റ്റന്‍സി പിടിച്ചുവാങ്ങിയത്. പലരും അയാളെ ഫെയില്‍ഡ് ക്യാപ്റ്റനെന്ന് വിളിച്ചു. എന്നാല്‍ അതൊന്നും ഏല്‍ക്കാത്ത വണ്ണം അയാള്‍ ടീമിനൊപ്പം ക്രിക്കറ്റിന്റെ രാജാവായി തുടര്‍ന്നു. റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് തന്നെ. ഇനി എത്രതവണ ഓസീസ് മണ്ണിലേക്കോ, ഇംഗ്ലീഷ് മണ്ണിലേക്കോ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം യാത്രയാലും, ഗ്രൗണ്ടില്‍ അയാളുണ്ടെങ്കില്‍, കാപ്റ്റനായോ പ്ലേയറായോ വിരാട് കോഹ്ലി ഉണ്ടെങ്കില്‍ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിക്കാന്‍, ചെറുതായി സ്ലെഡ്ജ് ചെയ്യാന്‍, ആരും ഭയക്കും. കാരണം അവര്‍ക്കറിയാം, തൊട്ടാല്‍ പൊട്ടുന്നത് ഒരു അഗ്‌നിപര്‍വ്വതം തന്നെയായിരിക്കുമെന്ന്.