ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിൽ വിരാട് കോഹ്‍ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് കോഹ്‍ലി പിൻമാറിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകൾ വാമികയുടെ ജന്മദിനം ആഘോഷിക്കാനാണ് കോഹ്‍ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തുനിന്നും വിരാട് കോഹ്‍ലിയെ മാറ്റുകയും പകരം രോഹിത് ശര്‍മ്മയെ നിയോഗിക്കുകയുമാണ് ബിസിസിഐ ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഏകദിന നായകസ്ഥാനം രോഹിത് വഹിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്. ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‍ലി നായകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രോഹിത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. 2021 ജനുവരി 11നാണ് വിരാട് കോഹ്‍ലി – അനുഷ്ക ശർമ ദമ്പതികളുടെ മകൾ വാമിക ജനിച്ചത്. കുഞ്ഞിന്റെ ഒന്നാം ജന്മദിനം ആഘോഷിക്കാനാണ് കോഹ്‍ലി പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെസ്റ്റ് പരമ്പരക്ക് ശേഷമായിരിക്കും കോഹ്‍ലി അവധിയില്‍ പ്രവേശിക്കുക. പരിക്ക് മൂലം രോഹിത് ശര്‍മ്മക്ക് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാകും. പക്ഷെ, ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് മടങ്ങിയെത്തും.