ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ
Published on

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മാച്ച് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്നു വരുമ്പോള്‍ ടീം ഇന്ത്യയില്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ആ പ്രതീക്ഷകളില്‍ ഒരു പക്ഷേ ഏറ്റവും കാരണക്കാരനായി ടീമിനൊപ്പമുള്ളത് വിരാട് കോഹ്ലിയായിരിക്കും. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 487 റണ്‍സ് നേടി ഓസ്‌ട്രേലിയയ്ക്ക് 534 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം നല്‍കിക്കൊണ്ട് ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ ആ ആരാധക പ്രതീക്ഷകള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് കോഹ്ലി. കിംഗ് കോഹ്ലിയെന്ന വിളിപ്പേരിന് അര്‍ത്ഥം പകരുന്ന പ്രകടനം പുറത്തെടുക്കുകയും റെക്കോര്‍ഡുകള്‍ കടപുഴക്കുകയും ചെയ്തിരിക്കുന്നു താരം. കോഹ്ലി തന്റെ 30-ാമത് ടെസ്റ്റ് സെഞ്ചുറി കുറിച്ചിരിക്കുന്നു. 161 റണ്‍സ് തികച്ച് ജയ്‌സ്വാളും കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. ഡിക്ലയര്‍ ചെയ്യുമ്പോള്‍ 143 റണ്‍സുമായി കോഹ്ലിയും 38 റണ്‍സ് നേടി നിതീഷ് കുമാര്‍ റെഡ്ഡിയുമായിരുന്നു ക്രീസില്‍.

കോഹ്ലി കുറിച്ച റെക്കോര്‍ഡുകള്‍

പതിനാറ് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലി ഒരു സെഞ്ചുറി നേടിയിരിക്കുന്നത്. പക്ഷേ, ആ സെഞ്ചുറിയോടെ സാക്ഷാല്‍ സര്‍.ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തെ മറികടന്നിരിക്കുകയാണ് കോഹ്ലി. പെര്‍ത്ത് ടെസ്റ്റിന് മുന്‍പ് വരെ ബ്രാഡ്മാന്റെ നേട്ടത്തിനൊപ്പമായിരുന്നു കോഹ്ലി. 51 ടെസ്റ്റ് സെഞ്ചുറികളുമായി സച്ചിനാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. 30ലേറെ ടെസ്റ്റ് സെഞ്ചുറികള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാമനായി ഇതോടെ കോഹ്ലി മാറി. സച്ചിന് പുറമേ രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് ഈ നേട്ടം കുറിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ദ്രാവിഡ് 36 ടെസ്റ്റ് സെഞ്ചുറികളും ഗാവസ്‌കര്‍ 34 സെഞ്ചുറികളും നേടിയിട്ടുണ്ട്. പെര്‍ത്ത് സ്റ്റേഡിയത്തില്‍ കോഹ്ലി തകര്‍ത്താടിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണ് ഇത്.

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ
ഓസീസ് മണ്ണില്‍ ഓസീസിനെ വിറപ്പിച്ച, കരയിപ്പിച്ച കോഹ്ലിയുടെ ഗാങ്‌സ്റ്റേഴ്‌സ് |WATCH

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ കോഹ്ലി സ്വന്തം പേരിലാക്കി. 6 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തന്നെയായിരുന്നു ഈ റെക്കോര്‍ഡും ഇതുവരെ കൈവശം വെച്ചിരുന്നത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ തികച്ച വിദേശ താരമെന്ന ബഹുമതി ഇംഗ്ലണ്ടിന്റെ ജാക്ക് ഹോബ്‌സിനാണ്. 9 സെഞ്ചുറികളാണ് ഹോബ്‌സിന്റെ പേരിലുള്ളത്. 1920കളില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുള്ള വാള്‍ട്ടര്‍ ഹാമണ്ടും ഓസ്‌ട്രേലിയയില്‍ 7 സെഞ്ചുറികള്‍ കുറിച്ചിട്ടുണ്ട്. ഈ നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ കോഹ്ലി.

മറ്റൊരു സുപ്രധാന റെക്കോര്‍ഡ് കൂടി കോഹ്ലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ കുറിച്ച താരമെന്ന റെക്കോര്‍ഡ്. 9 സെഞ്ചുറികളുമായി ഹോബ്‌സായിരുന്നു മുന്നിലെങ്കില്‍ ഈ സെഞ്ചുറിയോടെ കോഹ്ലി ഓസ്‌ട്രേലിയന്‍ മണ്ണിലെ തന്റെ പത്താമത്തെ സെഞ്ചുറി തികച്ചിരിക്കുകയാണ്. ഏകദിനങ്ങളില്‍ കോഹ്ലി മൂന്ന് സെഞ്ചുറികള്‍ മുന്‍പ് തികച്ചിട്ടുണ്ട്. പതിനാല് മാച്ചുകള്‍, 27 ഇന്നിംഗ്‌സ്, 1457 റണ്‍സ്, 56.03 എന്ന ആവറേജില്‍ 169 റണ്‍സ് എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്നതാണ് ഓസ്‌ട്രേലിയയിലെ ടെസ്റ്റുകളില്‍ കോഹ്ലിയുടെ റെക്കോര്‍ഡ്.

റെക്കോര്‍ഡുകളില്‍ യശസ്വി ജയ്‌സ്വാളും

ഓസ്‌ട്രേലിയയിലെ ബുദ്ധിമുട്ടേറിയ പിച്ചുകളില്‍ കോഹ്ലി റെക്കോര്‍ഡുകള്‍ കുറിക്കുമ്പോള്‍ ഒപ്പം ക്രീസിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാളും ഏതാനും ചില റെക്കോര്‍ഡുകള്‍ തനിക്കൊപ്പം ചേര്‍ക്കുന്നുണ്ടായിരുന്നു. തന്റെ ആദ്യ നാല് ടെസ്റ്റ് സെഞ്ചുറികളും 150 റണ്‍സിനു മേല്‍ കുറിച്ച ആദ്യത്തെ ഇന്ത്യന്‍ ബാറ്റര്‍ എന്നതാണ് അതിലൊന്ന്. പെര്‍ത്തില്‍ 161 റണ്‍സാണ് രണ്ടാമിന്നിംഗ്‌സില്‍ ജയ്‌സ്വാളിന്റെ നേട്ടം. സൗത്ത് ആഫ്രിക്കയുടെ ഗ്രേയം സ്മിത്ത് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരം. കെ.എല്‍.രാഹുലുമായി ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 200ലേറെ റണ്‍സ് നേടിക്കൊണ്ട് ഓസ്‌ട്രേലിയയില്‍ 200ലേറെ റണ്‍സ് കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണിംഗ് ജോടി എന്ന നേട്ടവും ഇവര്‍ സ്വന്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in