ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ താരമൂല്യത്തില്‍ വന്‍ വര്‍ദ്ധന. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഒളിമ്പിക്‌സിന് മുന്‍പ് വാങ്ങിയിരുന്ന തുകയുടെ നാലിരട്ടി വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാരീസ് ഒളിമ്പിക്‌സിന് മുന്‍പ് പരസ്യങ്ങള്‍ക്കായി 25 ലക്ഷം രൂപ വരെയായിരുന്നു താരം വാങ്ങിയിരുന്നത്. മെഡല്‍ ലഭിച്ചില്ലെങ്കിലും മിന്നുന്ന പ്രകടനം നടത്തിയ വിനേഷിന് ഇപ്പോള്‍ ഒരു സിംഗിള്‍ ബ്രാന്‍ഡിന് 75 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ലഭിക്കുന്നത്. ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിലൂടെ കനത്ത തിരിച്ചടിയാണ് നേരിട്ടതെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ വന്‍ പിന്തുണ താരത്തിന് ലഭിച്ചിരുന്നു. പാരീസില്‍ നിന്ന് തിരിച്ചെത്തിയ താരത്തിന് മെഡല്‍ ജേതാക്കള്‍ക്ക് നല്‍കിയതിനേക്കാള്‍ ഗംഭീര സ്വീകരണമാണ് സഹതാരങ്ങളും കര്‍ഷക നേതാക്കളും നാട്ടുകാരും ചേര്‍ന്ന് ഒരുക്കിയത്.
50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലായതിന്റെ പേരിലാണ് അയോഗ്യയാക്കപ്പെട്ടത്. പിന്നീട് ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്‌പോര്‍ട് വിനേഷിന്റെ അപ്പീല്‍ തള്ളി. നിയമ വിരുദ്ധമായി ഒന്നും താരം ചെയ്തിട്ടില്ലെങ്കിലും യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് നിയമങ്ങള്‍ കര്‍ശനമായതിനാല്‍ അപ്പീല്‍ അനുവദിക്കാനാവില്ലെന്നായിരുന്നു സിഎഎസ് ആര്‍ബിട്രേറ്റര്‍ വിധിയില്‍ വ്യക്തമാക്കിയത്. 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാനിരുന്ന താരം ആന്റിം പംഗല്‍ നേരത്തേ ഇതേ വിഭാഗത്തില്‍ ഒളിമ്പിക് യോഗ്യത നേടിയതോടെ 50 കിലോഗ്രാമിലേക്ക് ചുവടു മാറുകയായിരുന്നു.
മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയുടെയും മനു ഭാക്കറിന്റെയും ബ്രാന്‍ഡ് മൂല്യത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വെള്ളി മെഡല്‍ ജേതാവായ നീരജിന്റെ ബ്രാന്‍ഡ് മൂല്യം 330 കോടി രൂപ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വെങ്കലം നേടിയ ഷൂട്ടിംഗ് താരം മനു ഭാക്കര്‍ നേരത്തേ 25 ലക്ഷം രൂപയായിരുന്നു ഒരു പരസ്യത്തിന് വാങ്ങിയിരുന്നതെങ്കില്‍ ഒളിമ്പിക്‌സിന് ശേഷം തംപ്‌സ് അപ്പുമായി ഒപ്പുവെച്ച കരാറില്‍ അത് 1.5 കോടിയായി ഉയര്‍ന്നിട്ടുണ്ട്.