ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; സൂര്യകുമാര്‍ യാദവിന്റെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയായേക്കും

T 20 World Cup
T 20 World Cup
Published on

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയും യുഎസും ഏറ്റുമുട്ടും. വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിക്ക് സെയിന്റ് ലൂസിയയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള പോരാട്ടം വ്യാഴാഴ്ച രാത്രി നടക്കും. ആദ്യ റൗണ്ടില്‍ പാകിസ്താനെതിരെ മിന്നുന്ന വിജയം നേടിയാണ് ആതിഥേയരായ യുഎസ് സൂപ്പര്‍ 8ല്‍ കടന്നത്. കാനഡയ്ക്ക് എതിരെയും യുഎസ് ടീം വിജയിച്ചിരുന്നു.

നാലു ടീമുകള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ നടക്കുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയില്‍ ഇന്ത്യ കളിക്കുന്നു. ആതിഥേയരായ യുഎസ്, വെസ്റ്റിന്‍ഡീസ് എന്നിവരും സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളുമാണ് ഗ്രൂപ്പ് ബിയില്‍. ഇന്ന് രാത്രി 8 മണിക്കാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഓരോ ടീമും ഗ്രൂപ്പിലെ മറ്റ് മൂന്നു ടീമുകളുമായി പോരാടും. രണ്ട് ടീമുകള്‍ വീതം സെമി ഫൈനലില്‍ പ്രവേശിക്കും. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ഗയാന എന്നിവിടങ്ങളില്‍ വെച്ച് ജൂണ്‍ 26, 27 തിയതികളിലായിരിക്കും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ടി 20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അമേരിക്കയിലായിരുന്നെങ്കില്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ സഹ ആതിഥേയരായ വെസ്റ്റിന്‍ഡീസില്‍ വെച്ചായിരിക്കും പൂര്‍ണ്ണമായും നടക്കുക. സൂപ്പര്‍ 8ലേക്ക് യോഗ്യത നേടിയ ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ നേരത്തേ കപ്പ് നേടിയിട്ടുള്ളവരാണ്.

അതേസമയം പരിശീലനത്തിനിടെ സൂര്യകുമാര്‍ യാദവിനേറ്റ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയായേക്കും. ബാറ്റിംഗ് പരിശീലനത്തിനിടെയാണ് സൂര്യയുടെ കൈയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സ തേടിയ സൂര്യ അഫ്ഗാനിസ്താനെതിരായ ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. ട്വന്റി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ സൂര്യ ഇന്ത്യയുടെ പ്രധാന തുറുപ്പുചീട്ടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in