വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ മിതാലി രാജിന്റെ റെക്കോര്‍ഡിനൊപ്പമെത്തി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും. ഏഴ് സെഞ്ചുറികളുമായി മിതാലി രാജ് ആയിരുന്നു ഇതുവരെ റെക്കോര്‍ഡ് കൈവശം വെച്ചിരുന്നത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലാണ് സ്മൃതി മിതാലിയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. 120 പന്തുകളില്‍ നിന്ന് സ്മൃതി 136 റണ്‍സ് എടുത്തു. 84 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സ്മൃതി ഈ നേട്ടത്തിന് ഉടമയായത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ 127 പന്തുകളില്‍ നിന്ന് 117 റണ്‍സും സ്മൃതി നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിക്ക് കൂടി സ്മൃതി അര്‍ഹയായി. രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും നൂറു കടന്നു. 88 പന്തില്‍ നിന്ന് 103 റണ്‍സ് നേടി കൗര്‍ പുറത്താകാതെ നിന്നു. കൗറിന്റെ ആറാം ഏകദിന സെഞ്ചുറിയാണ് ഇത്. അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചാണ് അവര്‍ സെഞ്ചുറി തികച്ചത്.
49.2 ഓവറില്‍ 85 ബോളുകളില്‍ നിന്ന് 88 റണ്‍സായിരുന്നു കൗറിന്റെ സ്‌കോര്‍. അടുത്ത മൂന്നു ബോളുകളില്‍ നിന്ന് ഒരു സിക്‌സറും രണ്ട് ഫോറുകളും അടിച്ചു കൂട്ടി 103 റണ്‍സ് എടുക്കുകയായിരുന്നു.