സഞ്ജുവിന്റെ സാധ്യത കെടുത്തി ചുഴലിക്കാറ്റും; സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ മൂന്ന് മാറ്റങ്ങള്‍

സഞ്ജുവിന്റെ സാധ്യത കെടുത്തി ചുഴലിക്കാറ്റും; സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ മൂന്ന് മാറ്റങ്ങള്‍
Published on

ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങാന്‍ കഴിയാതിരുന്ന സഞ്ജു സാംസണ് തൊട്ടുപിന്നാലെ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിലും സ്ഥാനമുറപ്പിക്കാനായില്ല. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് പേരെ കൂടി ഉള്‍പ്പെടുത്തി. സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ, ജിതേഷ് ശര്‍മ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ബെറില്‍ ചുഴലിക്കാറ്റ് മൂലം ബാര്‍ബഡോസില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് ലോകകപ്പിന് ശേഷം ടീമിന് ഇന്ത്യയിലേക്ക് തിരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണ് സഞ്ജു, ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് പകരം മൂന്നു പേരെ ഉള്‍പ്പെടുത്തിയത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലമാണ് മാറ്റങ്ങളെന്നാണ് വിശദീകരണം.

ഇന്ത്യ-സിംബാബ്‌വെ പരമ്പര ജൂലൈ ആറിനാണ് ആരംഭിക്കുക. ലോകകപ്പ് സ്‌ക്വാഡ് അടുത്ത ദിവസം തിരികെയെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിലെത്തിയാല്‍ സഞ്ജുവിനും മറ്റു രണ്ടു പേര്‍ക്കും വിശ്രമത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യത്തെ രണ്ട് മാച്ചുകള്‍ക്കായാണ് ഇപ്പോള്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്, റിങ്കു സിങ്, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ, സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ എന്നിവരാണ് പരമ്പരയില്‍ കളിക്കുക. ഇവരില്‍ പേസര്‍ ഖലീല്‍ അഹമ്മദ്, ബാറ്റര്‍ റിങ്കു സിങ് എന്നിവരും ബാര്‍ബഡോസിലാണെങ്കിലും ലോകകപ്പില്‍ ട്രാവലിംഗ് റിസര്‍വായിരുന്ന ഇവര്‍ക്ക് പകരം താരങ്ങളെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ എന്നിവര്‍ ടീമിലെ പുതുമുഖങ്ങളാണ്. സറേ ടീമിനു വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന സുദര്‍ശന്‍ ഹരാരെയിലേക്ക് എത്തി ടീമിനൊപ്പം ചേരും. മൂന്നാം മത്സരത്തോടെ സഞ്ജുവും സംഘവും ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് വിജയത്തിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in