കപിലിനും ധോനിക്കുമൊപ്പം സ്വന്തം പേരെഴുതിച്ചേര്‍ന്ന് രോഹിത് ശര്‍മ; ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിക്ക് സാധിക്കാതെ പോയ നേട്ടം

കപിലിനും ധോനിക്കുമൊപ്പം സ്വന്തം പേരെഴുതിച്ചേര്‍ന്ന് രോഹിത് ശര്‍മ; ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിക്ക് സാധിക്കാതെ പോയ നേട്ടം
Published on

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഏകദിനത്തിലും ട്വന്റി 20യിലും. ഏകദിനത്തില്‍ 1983ലും 2011ലും ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ട്വന്റി 20 ലോകകപ്പിന് തുടക്കമിട്ട 2007ലും പിന്നീട് ഇത്തവണയും കിരീടം സ്വന്തമാക്കിക്കൊണ്ട് ആധിപത്യം എന്ന വാക്കിന് പര്യായമായി മാറിയിരിക്കുകയാണ് ഇന്ത്യ. രോഹിത് ശര്‍മ എന്ന പേരാണ് ഈ വിജയത്തില്‍ ഏറ്റവും തിളക്കമോടെ ഉയര്‍ന്നു നില്‍ക്കുന്നത്. ഏഴു മാസം മുന്‍പ് നടന്ന ഏകദിന ലോകകപ്പില്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ ഏറ്റവും നിരാശനായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരിക്കണം. എന്നാല്‍ അതിനു പകരം ട്വന്റി 20യില്‍ ലോകകപ്പ് കയ്യിലെടുക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ പരാജയമറിയാത്ത ടീം എന്ന വിശേഷണം കൂടി ഇന്ത്യ സ്വന്തമാക്കുന്നുണ്ട്. വമ്പന്‍മാരായ ഓസീസും സൗത്ത് ആഫ്രിക്കയും പാകിസ്ഥാനുമൊക്കെ പരാജയം രുചിച്ച ഈ ലോകകപ്പില്‍ ഒരു മാച്ചില്‍ പോലും പരാജയപ്പെടാതെയാണ് ഹിറ്റമാനും സംഘവും കിരീടം ചൂടിയത്. ഇതോടെ ഇന്ത്യക്ക് ലോകകപ്പുകള്‍ നേടിത്തന്ന നായകന്‍മാരുടെ പേരുകള്‍ക്കൊപ്പം രോഹിത് തന്റെ പേരു കൂടി കുറിച്ചിരിക്കുന്നു. അതേ, കപില്‍ ദേവ്, മഹേന്ദ്ര്‌സിംഗ് ധോനി എന്നീ പേരുകള്‍ക്കൊപ്പമാണ് ഇനി രോഹിത്തിനും സ്ഥാനമുള്ളത്.

ഇന്ത്യയുടെ ക്യാപ്റ്റന്‍മാരില്‍ സുനില്‍ ഗാവസ്‌കറിനോ മുഹമ്മദ് അസറുദ്ദീനോ സൗരവ് ഗാംഗുലിക്കോ വിരാട് കോഹ്ലിക്കോ പോലും കഴിയാതെ പോയ ഒന്ന്. അതാണ് ഈ നേട്ടത്തെ മഹത്തരമാക്കുന്നത്. 1983ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ കപില്‍ഡ് ഡെവിള്‍സിന്റെ നേട്ടത്തോളം ആഘോഷിക്കപ്പെട്ട ഒന്ന് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലില്ല എന്നു തന്നെ പറയാം. 24 വര്‍ഷത്തോളം പിന്നീട് ലോകകിരീടങ്ങളൊന്നും ഇന്ത്യയെ തേടിയെത്തിയില്ല. 2007ല്‍ ആദ്യത്തെ ട്വന്റി 20 ലോകകപ്പ് മഹേന്ദ്രസിംഗ് ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരസ്ഥമാക്കുന്നതു വരെ. പിന്നീട് 2011ല്‍ ഏകദിന ലോകകപ്പ് നേടിയതോടെ രണ്ട് ഫോര്‍മാറ്റിലും ലോകകപ്പ് നേടിയ ക്യാപ്റ്റനായി ധോനി മാറി. ഇതിനിടയില്‍ മുഹമ്മദ് അസറുദ്ദീന്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി തുടങ്ങിയവരുടെ ക്യാപ്റ്റന്‍സിയിലും ഇന്ത്യ ലോകകപ്പുകള്‍ കളിച്ചിട്ടുണ്ടെങ്കിലും കപിലിന്റെയും ധോനിയുടെയും നേട്ടത്തിനൊപ്പമെത്താന്‍ അവര്‍ക്കായില്ല.

2011ലെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന രോഹിത് ശര്‍മയാണ് ഇപ്പോള്‍ ലോകകിരീട നേട്ടത്തില്‍ രാജ്യത്തിന്റെ അഭിമാനമായി നില്‍ക്കുന്നത്. 2014ല്‍ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട ടീമിലും രോഹിത് ഉണ്ടായിരുന്നു. അന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടെങ്കിലും ഫൈനല്‍ വരെയെത്താന്‍ രോഹിത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2024 ഫൈനലിനൊടുവില്‍ ക്യാപ്റ്റനെന്ന നിലയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചുകൊണ്ട് ടി 20യില്‍ നിന്ന് റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുമ്പോള്‍ അത് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണെന്ന് രോഹിത്തിന്റെ മുഖം വെളിപ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in