യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറിയിൽ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങൾക്ക് ഏഴ് രാജ്യങ്ങളുടെ ഫുട്ബോൾ ഫെഡറേഷനുകൾക്ക് പിഴയിട്ട് യൂറോപ്പ്യൻ ഫുട്ബോൾ ഫെഡറേഷൻ (യുവേഫ). ഏറ്റവും കൂടിയ പിഴ തുക ക്രൊയേഷ്യൻ ടീമിനാണ്. യൂറോ കപ്പിലെ ക്രൊയേഷ്യയുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഓരോന്നിനും 50,000 യൂറോസ് വീതം ടീം പിഴയടക്കണം. 30,000 യൂറോയാണ് അൽബേനിയൻ ഫുട്ബോൾ ഫെഡറേഷന് പിഴ വിധിച്ചിരിക്കുന്നത്. ക്രൊയേഷ്യ, സ്പെയിൻ മത്സരങ്ങൾക്കിടെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങൾക്കാണ് പിഴ.റൊമാനിയൻ ഫുടബോളിന് 40,000 യൂറോ, സെർബിയ, സ്ലൊവേന്യ ഫുട്ബോൾ ടീമുകൾക്ക് 30,000 യൂറോ, ഹംഗറിക്ക് 30,000 യൂറോ, ഓസ്ട്രിയയ്ക്ക് 20,000 യൂറോ എന്നിങ്ങനെയാണ് മറ്റു പിഴകൾ.
കഴിഞ്ഞ വാരം അവസാനിച്ച യൂറോ, കോപ്പ അമേരിക്ക മത്സരങ്ങളിൽ ഗാലറിയിലിരിക്കുന്ന ആരാധകരുടെ ഭാഗത്ത് നിന്ന് താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം ശക്തമായിരുന്നു. താരങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ല. കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ കൊളംബിയ താരങ്ങളെ വംശീയ അധിക്ഷേപം നടത്തിയതിന്റെ പേരിൽ അർജന്റീനൻ താരങ്ങൾക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു. വിജയാഘോഷത്തിനിടെ ടീമിന്റെ ഡ്രസ്സിങ് റൂമിൽ വെച്ച് നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ വീഡിയോ പുറത്ത് വന്നിരുന്നു. തങ്ങൾക്ക് തെറ്റ് പറ്റിയെന്നും വിജയാഹ്ലാദത്തിനിടയിൽ സംഭവിച്ച് പോയതാണെന്നും ഇത് ഫുട്ബോളിന്റെ സംസ്കാരമല്ലെന്നും അർജന്റീന ടീം അംഗം ജൂലിയൻ അൽവാരസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
2020 യൂറോ കപ്പ് ഫൈനലിൽ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് അന്ന് പെനാൽറ്റി നഷ്ടപ്പെടുത്തിയ ബുക്കായോ സാക്ക, മാർക്കസ് രാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ എന്നിവർ ശക്തമായ വംശീയാധിക്ഷേപം നേരിട്ടിരുന്നു. ടീമിന്റെ പരാതിയിൽ വംശീയാധിക്ഷേപം നടത്തിയ പതിനൊന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ വംശീയമായി അധിക്ഷേപിക്കുന്ന കാണികളെ ആജീവനാന്തം സ്റേഡിയങ്ങളിൽ നിന്ന് വിലക്കണമെന്ന് അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ മൊറട്ടോ പ്രതികരിച്ചത്.