ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ആരംഭം, അര്‍ജന്റീനയും ബ്രസീലും ഇന്നിറങ്ങുന്നു

ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ആരംഭം, അര്‍ജന്റീനയും ബ്രസീലും ഇന്നിറങ്ങുന്നു
Published on

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തര്‍ ലോകക്കപ്പ് വേദി വീണ്ടുമുണരുകയാണ്. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്ന ഇന്ന് ബ്രസീലും അര്‍ജനീനയും വ്യത്യസ്ത മത്സരങ്ങളില്‍ ബൂട്ടണിയും. ഇന്ത്യന്‍ സമയം രാത്രി 8:30ന് എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് ബ്രസീല്‍ ക്രൊയേഷ്യ പോരാട്ടം. 12:30ന് ലുസെയില്‍ സ്റ്റേഡിയത്തില്‍ അര്‍ജ്ജന്റീന നെതര്‍ലാന്‍ഡിനെ നേരിടും. ബ്രസീല്‍ ലോകകപ്പിലെ 17ാം ക്വാര്‍ട്ടര്‍ ഫൈനലിനാണ് ഇന്ന് ഇറങ്ങുക. അര്‍ജന്റീനയുടെ 10ാം ക്വാര്‍ട്ടര്‍ ഫൈനലാണിത്. സൂപ്പര്‍ താരം നെയ്മറും മികച്ച ഫോമില്‍ കളിക്കുന്ന വിനീഷ്യസ് ജൂനിയറും ബ്രസീലിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ലൂക്കാ മോന്‍ഡ്രിച്ചും പെരിസിച്ചും ചേരുന്ന ക്രൊയേഷ്യന്‍ നിരയും ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറും ശക്തമായ വെല്ലുവിളി നല്‍കാന്‍ പോന്നതാണ്. തോല്‍വി വഴങ്ങാതെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയെത്തിയ ലൂയിസ് വാന്‍ഗാലിന്റെ ഡച്ച് പട മെസ്സിയുടെ അര്‍ജ്ജന്റീനയെ വെള്ളം കുടിപ്പിക്കുമെന്നതില്‍ സംശയമില്ല.

ആത്മവിശ്വാസത്തോടെ ബ്രസീല്‍, പൊരുതാനുറച്ച് ക്രൊയേഷ്യ

പ്രീക്വാര്‍ട്ടറിലെ ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ഡൊമിനിക് ലിവാകോവിച്ചിന്റെ മികച്ച സേവുകളോടെ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. സൗത്ത് കൊറിയക്കെതിരെ നേടിയ 4-1 ന്റെ ആധികാരിക വിജയത്തോടെയാണ് ബ്രസീലിന്റെ വരവ്. കണക്കുകളില്‍ മുന്‍തൂക്കം ബ്രസീലിനാണ്. ഇരുവരും പരസ്പരം ഏറ്റുമുട്ടിയ അവസാന 4 മത്സരങ്ങളില്‍ മൂന്നെണ്ണം ബ്രസീല്‍ ജയിച്ചു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു. കണങ്കാലിന് പരിക്കേറ്റ് പുറത്തിരുന്ന നെയ്മര്‍ തിരിച്ച് വന്നതോടെ ആത്മവിശ്വാസം ഇരട്ടിച്ച ബ്രസീലിനെ പിടിച്ച് കെട്ടുക എന്നത് ക്രൊയേഷ്യക്ക് ശ്രമകരമായിരിക്കും. ഗോള്‍ വേട്ടയില്‍ സാക്ഷാല്‍ പെലെയ്ക്ക് ഒപ്പമെത്താന്‍ ഒരു ഗോളിന്റെ മാത്രം ആവശ്യമുള്ള നെയ്മര്‍ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ അത് സാധിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. നെയ്മറിന് പുറമെ വിനീഷ്യസ് ജൂനിയറും റിച്ചാലിസണും പക്ക്വേറ്റയും മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റി മറിക്കാന്‍ പോന്നവരാണ്. ഇത് ആധികാരികമായ മേല്‍ക്കൈ ബ്രസീലിന് നല്‍കുന്നുണ്ട്. എന്നാല്‍ ഗോള്‍ വല കാക്കാന്‍ ഡൊമിനിക് ലിവാകോവിച്ചും മുന്നേറ്റത്തില്‍ മോന്‍ഡ്രിച്ചും പെരിസിച്ചുമുള്ളപ്പോള്‍ ആറാം കിരീടനേട്ടം ലക്ഷ്യമിടുന്ന ബ്രസീലിന് ക്രൊയേഷ്യയെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല. ക്രൊയേഷ്യയുടെ 37കാരനായ, ബാലണ്‍ ഡിയോര്‍ ജേതാവ് കൂടിയായ ലൂക്ക മോന്‍ഡ്രിച്ചിന്റെ അവസാന ലോകക്കപ്പും അവസാന അന്താരാഷ്ട്ര മത്സരങ്ങളുമാണ് ഖത്തറില്‍ നടക്കുന്നത്. 2018 റഷ്യ ലോകകപ്പില്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയമേറ്റ് മടങ്ങിയ മോന്‍ഡ്രിച്ചിന്റെ സംഘത്തിന് കപ്പെന്ന സ്വപ്നം പൂവണിയിക്കാന്‍ ഇന്ന് വിജയം അനിവാര്യമാണ്.

സാധ്യത: ബ്രസീലിന് വ്യക്തമായ മുന്‍തൂക്കം

തോല്‍വിയോടെ തുടങ്ങിയ അര്‍ജന്റീന, തോല്‍ക്കാത്ത ഡച്ച് പട

ഗ്രൂപ്പ് പോരാട്ടത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി തുടങ്ങിയ അര്‍ജന്റീന അമ്പരിപ്പിക്കുന്ന പ്രകടനമാണ് പിന്നീട് കാഴ്ച വെച്ചത്. മെക്‌സിക്കോയേയും പോളണ്ടിനെയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തിയ മെസ്സിയും സംഘവും ആസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം തോല്‍വിയറിയാതെ ഗ്രൂപ്പ് ഘട്ടം കടന്ന നെതര്‍ലാന്‍ഡ്‌സ് പ്രീക്വാര്‍ട്ടറില്‍ അമേരിക്കയെ 3-1 ന് പരാജയപ്പെടുത്തിയാണ് എത്തിയിരിക്കുന്നത്. 2014 ലോകകപ്പിലെ സെമിഫൈനലില്‍ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ആകെ 5 തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും വിജയം നെതര്‍ലാന്‍ഡ്‌സിനൊപ്പം നിന്നു. ഒരെണ്ണം മാത്രമാണ് അര്‍ജന്റീനക്ക് ജയിക്കാനായത്. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. ഇന്ന്, ബുദ്ധിമാനായ പരിശീലകന്‍ എന്ന് വിളിക്കപ്പെടുന്ന ലൂയിസ് വാന്‍ഗാലിന്റെ നെതര്‍ലാന്‍ഡ്‌സ് സ്‌കലോണിയുടെ അര്‍ജന്റീനയെ നേരിടുമ്പോള്‍ ആധികാരികമായ മേല്‍ക്കൈ ആര്‍ക്കും അവകാശപ്പെടാനില്ല. 5-3-2 ഫോര്‍മ്മാറ്റില്‍ കളത്തിലിറങ്ങുന്ന ഡച്ച്സംഘം പ്രതിരോധത്തില്‍ തന്നെയാവും ശ്രദ്ധ കേന്ദ്രീകരിക്കുക. ബോക്‌സിനകത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ ശേഷിയുള്ള മെസ്സിയെ പൂട്ടുകയാവും ഡച്ച് പ്രതിരോധ നിരയുടെ ലക്ഷ്യമെന്ന് പരിശീലകന്‍ വാന്‍ഗാല്‍ വെളിപ്പെടുത്തിയിരുന്നു. ജറിയന്‍ ടിമ്പറിനും നതാന്‍ ആകെക്കുമാകും ഇതിന്റെ ചുമതല. മെസ്സിക്ക് പുറമെ മികച്ച ഫോമില്‍ പന്ത് തട്ടുന്ന അല്‍വാരസും പൂട്ട് പൊട്ടിച്ച് മുന്നേറാന്‍ കെല്‍പ്പുള്ള ഡിമരിയയും പ്രതിരോധ നിരയെ നിഷ്പ്രഭമാക്കാന്‍ പോന്നവരാണ്. ഡിമരിയ പരിക്കില്‍ നിന്ന് മോചിതനായെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രീക്വാര്‍ട്ടറില്‍ വിശ്വരൂപം പുറത്തെടുത്ത ലയണല്‍ മെസ്സി ഇന്നും നിറഞ്ഞാടിയാല്‍ ഡച്ച് പടക്ക് ഈ ലോകകപ്പിലെ ആദ്യപരാജയത്തോടെ ഖത്തര്‍ വിടേണ്ടി വരും. റെഗുലര്‍ ടൈമില്‍ സമനിലക്കാവും നെതര്‍ലാന്‍ഡ്‌സ് ശ്രമിക്കുക. ഷൂട്ടൗട്ടിനായി കളിക്കാരെ ശാസ്ത്രീയമായി പരിശീലിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെയൊരു സാഹചര്യത്തിലേക്ക് കളി നീങ്ങിയാല്‍ തങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നും ഡച്ച് കോച്ച് വാന്‍ഗാല്‍ അവകാശപ്പെട്ടിരുന്നു. ഗോള്‍ വീഴാതിരിക്കാന്‍ നെതര്‍ലാന്‍ഡ്‌സും ഗോളടിക്കാന്‍ അര്‍ജന്റീനയും ശ്രമിക്കുമ്പോള്‍ ആവേശകരമായൊരു മത്സരത്തിനാവും ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

സാധ്യത: അര്‍ജന്റീനക്ക് നേരിയ മുന്‍തൂക്കം

Related Stories

No stories found.
logo
The Cue
www.thecue.in