ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ
ലോങ്ങ് ഓണിന് മുകളിലൂടെ പറന്നുപോകുന്ന ആ പന്തിലേക്ക് അയാൾ കണ്ണെടുക്കാതെ നോക്കി നിന്നു. എത്ര മനുഷ്യരുടെ സ്വപ്നമാണ് ലക്ഷ്യത്തിലേക്ക് പറന്നുയരുന്നത്. എത്ര നാളത്തെ കാത്തിരിപ്പാണ് മനോഹരമായി അവസാനിക്കുന്നത്. ആ സെക്കന്റുകളിൽ അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു പോയത് എന്തെന്ത് കാഴ്ചകളാകും. ഗ്യാലറയിൽ നിന്നുയർന്ന ചെവി തുളയ്ക്കുന്ന ആരവങ്ങൾ അയാളപ്പോൾ കേട്ടിരിക്കുമോ?. അറിയില്ല.
സ്വയം മറന്ന്, നിശ്ചലനായി നിന്ന അയാളുടെ ഇടംകൈയിൽ ബാറ്റ് യാന്ത്രികമെന്നോണം ചുറ്റിക്കറങ്ങുമ്പോൾ ഈ ഇന്ത്യാ മഹാരാജ്യത്ത് ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. കമന്റേറ്ററായ രവിശാസ്ത്രി ആ നിമിഷത്തിൽ പറഞ്ഞുവെച്ചത് ഇങ്ങനെയായിരുന്നു,
'Dhoniiiii finishes off in style. A magnificent strike into the crowd. India lift the World Cup after 28 years. The party's started in the dressing room. And it’s an Indian captain, who’s been absolutely magnificent, in the night of the final'
എന്ത് വിശേഷണമാണ് മഹേന്ദ്ര സിങ് ധോണിയെന്ന ആ മഹേന്ദ്രജാലക്കാരന് ചാർത്തിക്കൊടുക്കേണ്ടത്. മികച്ച ക്യാപ്റ്റൻ, മികച്ച ബാറ്റർ, മികച്ച കീപ്പർ, മികച്ച ഫിനിഷർ. ധോണി എല്ലാമാണ്. ആരാധകർക്കും ധോണി അവരുടെ എല്ലാമാണ്. 2004 - 05 കാലത്താണ് ഇന്ത്യൻ ടീമിലേക്ക് മുടി പറത്തിക്കൊണ്ട് ആ റാഞ്ചിക്കാരൻ കടന്നുവന്നത്. സൗരവ് ഗാംഗുലി എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്റെ കീഴിൽ ഇന്ത്യൻ ടീം പുതിയ ദിശാബോധത്തോടെ സഞ്ചരിക്കുന്ന കാലമായിരുന്നു അത്. ഒരർത്ഥത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുഷ്കല കാലം. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ പൂജ്യം റണ്ണിന് റൺ ഔട്ട് ആയി മടങ്ങിയ ആ ചെറുപ്പക്കാരനെ ആരും അന്നത്ര ഗൗനിച്ചിരുന്നില്ല. ബംഗ്ളാദേശുമായുള്ള ആ സീരീസിൽ മോശം പ്രകടനം നടത്തിയിട്ടും പിന്നീട് വന്ന പാകിസ്താനുമായുള്ള സീരീസിലേക്ക് അയാൾ തിരഞ്ഞെടുക്കപ്പെട്ടു. സെലക്ഷൻ കമ്മറ്റിയുടെ, പ്രത്യേകിച്ച് ക്യാപ്പ്റ്റൻ ഗാംഗുലിയുടെ ആ തീരുമാനം മഹേന്ദ്ര സിങ് ധോണി എന്ന റാഞ്ചിക്കാരന്റെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റിയെന്നാണ് ചരിത്രം.
പാകിസ്താനുമായുള്ള രണ്ടാം ഏകദിനത്തിൽ വൺ ഡൗൺ ആയി ഇറങ്ങി 123 പന്ത് നേരിട്ട് 148 റൺസ് സ്‌കോർ ചെയ്ത് ധോണി അത്ഭുതം സൃഷ്ടിച്ചപ്പോൾ അത് വരാനിരിക്കുന്ന ധോണിയുഗത്തിന്റെ കാഹളമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. അന്ന് ധോണിയെന്ന പുതുമുഖത്തോട് കയർത്ത ശഹീദ് അഫ്രീദിയെ ലോങ്ങ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തി മറുപടി കൊടുത്തതിലെ മാസ് മാത്രം മതി അയാൾ നിങ്ങൾ ഉദ്ദേശിച്ച ആളല്ലെന്ന് ബോധ്യപ്പെടാൻ. ധോണിയുടെ അഞ്ചാമത്തെ മാത്രം ഏകദിന മത്സരമായിരുന്നു അത്. പിന്നിട്ട നാല് കളികളിൽ നിന്ന് ആകെ നേടിയത് 22 റൺസ് മാത്രമായിരുന്നു. ആ ഇടിവെട്ട് സെഞ്ചുറി പ്രകടനത്തോടെ മഹേന്ദ്ര സിങ് ധോണി ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവനായി മാറി. ആ വർഷം തന്നെ ശ്രീലങ്കക്കെതിരെയുള്ള സീരീസിലെ രണ്ടാം ഏകദിനത്തിൽ പുറത്താകെ 183 റൺസ് കൂടി നേടിയതോടെ ധോണി, ആരാധകരുടെ ആഘോഷമായും മാറി. തൊട്ടടുത്ത വർഷമായി 2006 ലെ പാകിസ്താൻ പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുകയും മാച്ച്‌വിന്നിങ് പെർഫോമൻസുകൾ നടത്തുകയും ചെയ്തതോടെ ധോണി വിശ്വാസ്യതയുള്ളൊരു ബാറ്ററായും മാറി. പയ്യെ പയ്യെ വിക്കറ്റിന് മുന്നിലും പിന്നിലും ധോണി അത്ഭുതങ്ങൾ കാണിച്ച് തുടങ്ങി. കരിയർ ആരംഭിച്ച് ഒരു കൊല്ലത്തിനകത്ത് തന്നെ ധോണി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ധോണി ഒരു സ്റ്റൈലിഷ് ബാറ്ററൊന്നുമല്ല. ഷോട്ടുകൾക്ക് പറയാവുന്ന ചേലുമില്ല. ധോണിയുടെ മെയിൻ, പവർ ഹിറ്റിങ്ങാണ്. ധോണിയുടെ ബാറ്റിൽ നിന്ന് നരകത്തിലേക്കെന്ന പോലെയാവും പന്ത് പാഞ്ഞുപോവുക. മാനം മുട്ടുന്ന പടുകൂറ്റൻ സിക്സറുകളും വെടിയുണ്ട പോലെ തുളഞ്ഞുപായുന്ന ഫ്‌ളാറ്റ് സിക്സറുകളും ധോണിയുടെ കനം കൂടിയ കാശ്മീരി വില്ലോയിൽ നിന്ന് പിറന്നിട്ടുണ്ട്. ക്രിക്കറ്റിന്റെ ടെക്സ്റ്റ്ബുക്ക് വായിച്ച് കളി പഠിക്കാത്ത ധോണിക്ക് നേരെ ഏത് പന്താണ് എറിയേണ്ടതെന്ന് ആലോചിച്ച് സ്വസ്ഥത നഷ്ടപ്പെട്ടവരാണ് ബോളർമാരൊക്കെയും. ഏത് പന്തിനേയും പ്രഹരിക്കാൻ അവിടെ അനേകായിരം മാർഗങ്ങളുണ്ട്, ശൈലികളുണ്ട്. യോർക്കറുകൾക്ക് ഹെലിക്കോപ്പ്റ്റർ ഷോട്ടിന്റെ ചൂട് കൊണ്ടാണ് മറുപടി.
2007ലെ ഏകദിന ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിനെന്ന പോലെ ധോണിക്കും സമ്മാനിച്ചത് കൈപ്പുനീരായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ളാദേശിനോടും ശ്രീലങ്കയോടും അപ്രതീക്ഷിത പരാജയങ്ങൾ ഏറ്റുവാങ്ങി ഇന്ത്യ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്തായി. രണ്ട് കളിയിലും ധോണി ഡക്ക് ആവുകയും ചെയ്തതോടെ ആരാധകരുടെ രോഷം ധോണിയുടെ വീട് ആക്രമിക്കുന്നതിൽ വരെ എത്തി. അതിന് ധോണി മറുപടി കൊടുത്തത് മാസങ്ങൾക്ക് ശേഷം നടന്ന ആദ്യ ടി 20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത് കൊണ്ടായിരുന്നു. ക്യാപ്റ്റനായി ധോണിയുടെ ആദ്യ അസൈന്മെന്റായിരുന്നു ആ ടി 20 ലോകകപ്പ്. ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന ഇന്ത്യ അന്ന് ക്യാപ്റ്റൻ ധോണിയുടെ കീഴിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചാണ് കിരീടവും കൊണ്ട് മടങ്ങിയത്.
പിന്നീട് 50 ഓവർ ഫോർമാറ്റിലും ടെസ്റ്റിലും ധോണി ഇന്ത്യയെ നയിച്ചു. ഒരു ടീമിനെ ഏറ്റവും കൂടുതൽ അന്തരാഷ്ട്ര മത്സരങ്ങളിൽ നയിച്ചതിന്റെ റെക്കോർഡ് ധോണിയുടെ പേരിലാണ്. 332 ആണത്. ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും പല പ്രധാന ടൈറ്റിലുകളും ധോണിക്ക് കീഴിൽ ഇന്ത്യ സ്വന്തമാക്കി. ഫീൽഡിങ് പ്ളേസ്മെന്റും ബോളർമാർ ചൂസ് ചെയ്യുന്നതിലും ധോണിയുടെ മികവ് എടുത്തുപറയേണ്ടതാണ്. ബാറ്റിങ് ഓർഡറിൽ പോലും ധോണി പരീക്ഷണങ്ങൾ നടത്തും. ആ പരീക്ഷണങ്ങളൊക്കെയും വിജയിക്കുകയും ചെയ്തു എന്നതാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്.
മികച്ച ക്യാപ്റ്റനെന്ന പോലെ ധോണി മികച്ച ഫിനിഷറുമാണ്. 2013 സെൽകോൺ കപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ധോണി അവസാന ഓവറുകളിൽ നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത് ആരാധകർ ഇനിയും മറന്നുകാണില്ല. അന്ന് ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അവസാന ഓവറിൽ 15 റൺസ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. രണ്ട് സിക്‌സറും ഒരു ഫോറും നേടി ധോണി ഇന്ത്യയെ ജയിപ്പിച്ചെടുത്തു. തോറ്റെന്ന് ഉറപ്പിച്ച മത്സരമാണ് ധോണിയുടെ 45 റൺസിന്റെ ബലത്തിൽ ഇന്ത്യ തിരിച്ചുപിടിച്ചത്. അന്ന് വാലറ്റത്തിനെ മലിംഗയുടെ വായിലേക്ക് വിട്ടുകൊടുക്കാതെ ധോണി സ്ട്രൈക്ക് നിലനിർത്തിയതും ഓടിയെടുക്കാവുന്ന സിംഗിളുകൾ ധോണി അതിനായി ത്യജിച്ചതും മനോഹര കാഴ്ചയായിരുന്നു. ചേസിംഗ് മാച്ചുകളിലെ സമ്മർദം നിറയുന്ന അവസാന ഓവറുകളിൽ ധോണി ക്രീസിലെത്തുന്നത് കളി കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഒരു ആശ്വാസമാണ്. സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നൊരു മാലാഖയുടെ ശാന്തത ഏത് ഘട്ടത്തിലും ആ മുഖത്തുണ്ടാകും. അവസാന ആറ് ബോളിൽ 15 റൺസ് വേണമെങ്കിൽ, ക്രീസിൽ ധോണിയുണ്ടെങ്കിൽ സമ്മർദം ബോളർക്കായിരിക്കുമെന്നത് ഒരു അതിശയോക്തിയൊന്നുമല്ല. അയാൾ അങ്ങനെയൊക്കെയാണ്.
ധോണിയുടെ വിക്കറ്റ് കീപ്പിംഗ് സ്കിൽ ഇന്ത്യക്കാർക്ക് പുതിയൊരു അനുഭവമായിരുന്നു. നയൻ മോംഗിയക്ക് ശേഷം ഒരു സ്ഥിരം കീപ്പറെ ലഭിക്കാതിരുന്ന, ദ്രാവിഡിനെ പോലും കീപ്പറായി പരീക്ഷിച്ചിരുന്ന കാലത്താണ് ധോണി കടന്നുവന്നത്. ധോണി വരുന്നത് വരെ ഗിൽക്രിസ്റ്റിനെയും മാർക്ക് ബൗച്ചറിനെയുമൊക്കെ നോക്കി വെള്ളമിറക്കിയിരുന്ന ഇന്ത്യക്കാർക്ക് അതിലും മികച്ച ഒരു കീപ്പറെ ലഭിച്ചു. സ്റ്റമ്പിങ്ങിൽ ഇടിമിന്നലിന്റെ വേഗതയായിരുന്നു ധോണിക്ക്. അസാധ്യമായ കാച്ചുകൾ പറന്ന് പിടിച്ചും ഇല്ലാത്ത റൺ ഔട്ടുകൾ സൃഷ്ടിച്ചെടുത്തതും അയാൾ മായാജാലം കാണിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കൂടുതൽ സ്റ്റമ്പിങ് ചെയ്ത കീപ്പർ, ധോണിയാണ്. 195 സ്റ്റമ്പിങ്ങുകളാണത്. ബാറ്റർ ക്രീസിൽ നിന്ന് കാലെടുക്കാൻ കാത്തിരിക്കുന്ന, തന്റെ ഇരയെ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്ന ഒരു കഴുകനെ പോലെയാണ് ധോണി. ഒരു നിമിഷത്തിന്റെ നൂറിലൊരു അംശമൊക്കെ മതി അയാൾക്ക് ഇരയെ വീഴ്ത്താൻ.
പ്രെസൻസ് ഓഫ് മൈൻഡ് കൊണ്ടാണ് ധോണി മൈതാനത്ത് നിൽക്കുക. വിക്കറ്റിലേക്ക് ഉറ്റുനോക്കുന്ന അമ്പയർക്ക് പോലും ചിലപ്പോൾ ധോണിയുടെ തിരുത്ത് ഉണ്ടാകും. ഡിസിഷൻ റിവ്യൂ സിസ്റ്റം എന്ന ഡിആർഎസ്സിന് ക്രിക്കറ്റ് ലോകത്ത് ധോണി റിവ്യൂ സിസ്റ്റമെന്ന പേര് പോലുമുണ്ട്. ധോണി റിവ്യൂ വിളിച്ചാൽ അത് തെറ്റിപ്പോയാലാണ് വാർത്തയാവുക. ഡിആർഎസ്സിൽ ധോണിയുടെ സക്സസ് റേറ്റ് അത്രമാത്രമാണ്.
2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി 2017 ൽ ഏകദിനത്തിലെ ക്യാപ്റ്റൻ സ്ഥാനവും ഉപേക്ഷിച്ചു. കരിയറിന്റെ അവസാന ഇന്നിങ്‌സുകളിൽ ക്യാപ്റ്റൻസിയുടെ ബാധ്യതയില്ലാതെ അയാൾ ഗ്രൗണ്ടിലിറങ്ങി. 2020 ഓഗസ്റ്റ് പതിനഞ്ചിന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനവും നടത്തി. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിൽ അപ്രതീക്ഷിതമായി തുടങ്ങിയ ധോണിയുഗം അപ്രതീക്ഷിതമായി അവസാനിച്ചു. ഇന്നും ഐപിഎൽ വേദികളിൽ ധോണിയുടെ മുഖം കാണുമ്പോൾ ആരാധകർ ഒരു കടലുപോലെ ആർത്തലാക്കാറുണ്ട്. ആരാധകർക്ക് അയാൾ എന്നും അവരുടെ മഹിയാണ്. എംഎസ്ഡി ആണ്. തലയാണ്.
മനുഷ്യസാധ്യമല്ലാത്ത പലതും ധോണി മൈതാനത്ത് കാഴ്ചവെച്ചിട്ടുണ്ട്. ഒരു ഏലിയനെ പോലെ അയാൾ അമ്പരപ്പിച്ചിട്ടുണ്ട്. 2011 ലോകകപ്പിലെ ധോണിയുടെ അവസാന സിക്സർ ഒരു വട്ടം കൂടി കണ്ടുനോക്കിയിട്ടാവും ഞാൻ മരിക്കുക എന്ന് ഗവാസ്കർ പറയുമ്പോൾ ധോണി ഒരു വൈകാരികതയാണ്. ഞാൻ കളിച്ചതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണിയാണെന്ന് സച്ചിൻ പറയുമ്പോൾ ധോണിയൊരു നേതാവാണ്. ധോണിയുണ്ടെങ്കിൽ എനിക്കൊരു യുദ്ധം തന്നെ ജയിക്കാനാകുമെന്ന് ഗാരി കേസ്റ്റൻ പറയുമ്പോൾ ധോണിയൊരു പടനായകനാണ്. മറുഭാഗത്ത് ധോണി നിൽക്കുമ്പോൾ നിങ്ങൾക്കൊരിക്കലും ജയത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് സഞ്ജു സാംസൺ പറയുമ്പോൾ ധോണി ഒരു അസാധാരണത്വമാണ്. ധോണി അങ്ങനെ പലതുമാണ്. പലതും ചേർന്ന് അയാൾ എല്ലാമായി. ദി കംപ്ലീറ്റ് ക്രിക്കറ്റർ.