'ഇന്ത്യന്‍ ക്രിക്കറ്റ് യുവതികളുടെ കയ്യില്‍ സുരക്ഷിതം'; വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്

'ഇന്ത്യന്‍ ക്രിക്കറ്റ് യുവതികളുടെ കയ്യില്‍ സുരക്ഷിതം'; വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്
Published on

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ത്യക്കായി 333 മത്സരങ്ങളില്‍ നിന്ന് 10,868 റണ്‍സ് നേടിയ മിതാലി എക്കാലത്തെയും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ കൂടിയാണ്. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോറര്‍ എന്ന നിലയിലും മിതാലി ചരിത്രം കുറിച്ചു. 39 കാരിയായ മിതാലി ട്വിറ്ററിലൂടെ തന്റെ 23 വര്‍ഷത്തെ കരിയറിനെ പറ്റി ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിലേക്ക് കടക്കുകയാണ്, ഇത്രയും കാലം നല്‍കിയ സ്‌നേഹവും പിന്തുണയും ഇനിയും നല്‍കണമെന്നും ട്വീറ്റില്‍ പറയുന്നു.

'കടന്നുപോയ വര്‍ഷങ്ങളില്‍ എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിര്‍വാദത്തോടും കൂടി ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നു', മിതാലി ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം വിടവാങ്ങല്‍ കുറിപ്പും മിതാലി പങ്കുവെച്ചിട്ടുണ്ട്.

മിതാലിയുടെ വിടവാങ്ങല്‍ കുറിപ്പ്

'ചെറിയ പെണ്‍കുട്ടിയായിരിക്കെ, ഇന്ത്യയുടെ നീല ജഴ്‌സി അണിയാനുള്ള മോഹവുമായി തുടങ്ങിയതാണ് ഈ യാത്ര. ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു. ഏറെ ഉയര്‍ച്ചകളും അല്‍പമൊക്കെ താഴ്ചയും നിറഞ്ഞ യാത്രയായിരുന്നു ഇത്. എല്ലാ കാര്യങ്ങളും പുതിയ ഓരോ പാഠങ്ങളായിരുന്നു. ഏറെ ആത്മ സംതൃപ്തി നല്‍കിയ, വളരെയധികം ആസ്വദിച്ച 23 വര്‍ഷങ്ങളാണ് കടന്നുപോയത്.

എല്ലാ യാത്രകളും പോലെ, ഈ യാത്രയ്ക്കും ഒരു അന്ത്യമുണ്ടാകേണ്ടത് അനിവാര്യതയാണ്. രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിക്കുന്ന ദിവസമാണ് ഇന്ന്. ഓരോ തവണ മൈതാനത്ത് ഇറങ്ങിയപ്പോഴും ഇന്ത്യയുടെ ജയത്തിനായി എന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ ലഭിച്ച അവസരം എപ്പോഴും ഓര്‍മകളിലുണ്ടാകും'

അര്‍ജുന അവാര്‍ഡ് ജേതാവും പത്മശ്രീ അവാര്‍ഡ് ജേതാവുമായ മിതാലി 1999 ല്‍ തന്റെ 16ാം വയസിലാണ് ക്രിക്കറ്റ് കരിയര്‍ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് രണ്ട് ദശകങ്ങള്‍ നീണ്ട ക്രിക്കറ്റ് കരിയറിലൂടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി മാറി. 2015ലും 2017ലും രണ്ട് ലോകകപ്പുകളുടെ ഫൈനലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ നയിച്ചത് മിതാലിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in