മിസ്റ്റര്‍ കൂള്‍ ധോണി വേറെ ലെവലാണ്;ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗും നിയന്ത്രിച്ചുകളയും 

മിസ്റ്റര്‍ കൂള്‍ ധോണി വേറെ ലെവലാണ്;ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗും നിയന്ത്രിച്ചുകളയും 

Published on

ലോകകപ്പിന്റെ വാം അപ് മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഫീല്‍ഡറോട് പിന്നോക്കം പോകാന്‍ നിര്‍ദേശിക്കുന്ന ധോണിയുടെ വീഡിയോ വൈറല്‍. കളിയില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നാല്‍പ്പതാം ഓവറിലായിരുന്നു സംഭവം. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ധോണിയായിരുന്നു ക്രീസില്‍. ബംഗ്ലാദേശിന്റെ സ്പിന്നര്‍ സാബിര്‍ റഹ്മാന്‍ പന്തെറിയാന്‍ തയ്യാറെടുക്കുന്നു. സാബിര്‍ ഓടിയടുത്ത് പന്ത് കൈവിടാനൊരുങ്ങിയതും ധോണി തടഞ്ഞു. തുടര്‍ന്ന് തന്റെ ഇടതുവശത്തിന് നേരെ പുറകിലായി മുന്നോട്ട് വന്ന ഫീല്‍ഡറാട് പിന്നോക്കം പോകാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സാബിര്‍ ഫീല്‍ഡറോട് പിന്നോക്കം പോകാന്‍ പറഞ്ഞു. ഫീല്‍ഡര്‍ യഥാര്‍ത്ഥ സ്ഥാനത്തുപോയി നിന്ന ശേഷമാണ് ധോണി പന്ത് നേരിട്ടത്.

ബംഗ്ലാദേശ് ഫീല്‍ഡര്‍ യഥാര്‍ത്ഥ സ്ഥാനത്തുനിന്ന് മാറി മുന്നോട്ട് വന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. കളി നിയമത്തിന്റെ ലംഘനമായതിനാല്‍ ധോണി ഇത് ചൂണ്ടിക്കാട്ടുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേര്‍സ് എന്‍ഡിലുണ്ടായിരുന്ന കെ എല്‍ രാഹുലും ഫീല്‍ഡറോട് പിന്നോക്കം പോകാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഫീല്‍ഡറുടെ പ്രവൃത്തി ബൗളര്‍ സാബിറിനും ഇത് ബോധ്യപ്പെട്ടു. എന്താണ് കാണിക്കുന്നതെന്ന തരത്തില്‍ സാബിര്‍ കൈനീട്ടി ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

മത്സരത്തില്‍ ഇന്ത്യ 95 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. 78 പന്തില്‍ 113 റണ്‍സടിച്ച ധോണി ഇന്ത്യക്ക് 359 റണ്‍സ് എന്ന മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക സാന്നിധ്യവുമായി. മത്സരത്തില്‍ കെഎല്‍ രാഹുലും സെഞ്ച്വറി നേടിയിരുന്നു. രാഹുല്‍ 108 റണ്‍സടിച്ചു. 360 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 264 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ലോകകപ്പില്‍ ഔദ്യോഗിക മത്സരങ്ങള്‍ മെയ് 30 നാണ് ആരംഭിക്കുന്നത്. ജൂണ്‍ 5 ന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

logo
The Cue
www.thecue.in