പാരീസ് ഒളിംപിക്‌സിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലം നേടി. കൊറിയന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണ്ണവും വെള്ളിയും. ഇതോടെ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിക്ക് കൂടി അര്‍ഹയായിരിക്കുകയാണ് മനു. 12 വര്‍ഷത്തിന് ശേഷമാണ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഒളിമ്പിക്‌സ് മെഡല്‍ ലഭിക്കുന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മനു ആദ്യത്തെ 14 ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ആദ്യത്തെ രണ്ടു സ്‌റ്റേജുകലും എലിമിനേഷന്‍ സ്‌റ്റേജും പിന്നിട്ടാണ് മനു വെങ്കലം നേടിയത്. യോഗ്യതാ റൗണ്ടിലും താരത്തിന് മൂന്നാം സ്ഥാനമുണ്ടായിരുന്നു. അറ് സീരീസുകള്‍ക്ക് ശേഷം 580 പോയിന്റ് നേടിയാണ് മനു ഫൈനല്‍ ഉറപ്പിച്ചത്.
വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാലും പുരുഷവിഭാഗത്തില്‍ അര്‍ജുന്‍ ബബുതയും ഫൈനലില്‍ പ്രവേശിച്ചു. 631.5 പോയിന്റുമായാണ് രമിത ഫൈനലിലെത്തിയത്. 2004ല്‍ റൈഫിള്‍ ഇനത്തില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്‌സ് ഫൈനലിലെത്തിയ രണ്ടാമത്തെ വനിത കൂടിയാണ് രമിത. രമിതയുടെ കോച്ചാണ് സുമ ഷിരൂര്‍. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനലിലെത്താതെ പുറത്തായി. പാരീസ് ഒളിമ്പിക്‌സിന്റെ രണ്ടാം ദിനം ഇന്ത്യക്ക് മികച്ചതായിരുന്നു. ഷൂട്ടിങ്ങിലെ നേട്ടത്തിന് പുറമേ, വനിതാ ബാഡ്മിന്റണിലും മികച്ച തുടക്കം ഇന്ത്യക്ക് നേടാനായി. സിംഗിള്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പി.വി.സിന്ധു വിജയിച്ചു.
മാലദ്വീപിന്റെ ഫാത്തിമ നാബാഹിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെടുത്തി. 30 മിനിറ്റില്‍ അവസാനിച്ച മത്സരത്തില്‍ 21-9, 21-6 എന്നിങ്ങനെയാണ് സ്‌കോര്‍.