അക്തറിനെ പറപ്പിച്ച ബാലാജി

ഒരു ബൗളറെ കുറിച്ച് പറയുമ്പോൾ അയാൾ എറിഞ്ഞ പന്തുകളോ, വീഴ്ത്തിയ വിക്കറ്റുകളോ ഒക്കെ മനസ്സിൽ തെളിയുന്നതിനു മുമ്പ് അയാളുടെ നിറഞ്ഞ ചിരി ഒരു പതിനാലാം രാവ് പോലെ, പൗർണമി ചന്ദ്രിക പോലെ മനസ്സിൽ പാൽപ്പുഴ ഒഴുക്കുന്നുണ്ടെങ്കിൽ ആ താരത്തിന്റെ പേര് ലക്ഷ്മിപതി ബാലാജി എന്നായിരിക്കും. ക്രിക്ക്ബസ് എന്ന പ്ലാറ്റ്ഫോം ബാലാജിയെ വിശേഷിപ്പിച്ചിട്ടുള്ളത്, ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവൻ എന്നാണ്. നിറഞ്ഞ ചിരി ബാലാജിയുടെ മുഖത്ത് മാത്രമേ കാണൂ, എറിയുന്ന പന്തിൽ അതുണ്ടാവില്ല. അത് ഏത് ബാറ്ററുടെയും അന്തകനാകാൻ പോന്ന അതിമാരകമായൊരു യോർക്കറോ സ്വിങ്ങറോ ഒക്കെ ആയിരിക്കും.

രണ്ടേ രണ്ടുവർഷത്തെ ടെസ്റ്റ് കരിയറും ഏഴ് വർഷത്തെ മാത്രം ഏകദിന കരിയറും കൊണ്ട് ബാലാജി എന്ന തമിഴ്നാട്ടുകാരൻ എക്കാലവും ഓർമിക്കപ്പെടാവുന്ന താരമായി മാറിയത്, ഇന്ത്യക്കാരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്തത് 2004 ലെ പാകിസ്ഥാൻ പര്യടനത്തിലാണ്. നീണ്ടുപറന്ന മുടിയിളക്കി ഓടി വരുന്ന ബാലാജിക്ക് അന്ന് പാകിസ്താനിൽ പോലും ആരാധകരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്റ്റമ്പ് പിഴുതെടുക്കുന്ന പന്തുകളാണോ, നിഷ്കളങ്കമായ ചിരിയാണോ, ആരെയും കൂസാത്ത ബാറ്റിങ് പ്രകടനമാണോ, എന്താണ് ആ ഇഷ്ടത്തിന് കാരണം? അത് ഏറെക്കുറെ അജ്ഞാതമാണ്. കാരണമില്ലാത്ത ചില ഇഷ്ടങ്ങളുണ്ടാകുമല്ലോ, എന്തോ... ഇഷ്ടമാണ് ബാലാജിയെ ആളുകൾക്ക്.

പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ മൈതാനം മാത്രമല്ല ഗ്യാലറിയും ഒരു നെരിപ്പോടുപോലെ നീറിപ്പുകയും. 2004 ലെ ഇന്ത്യയുടെ ആ പാകിസ്താൻ പര്യടനത്തിലും തീയും പുകയുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ചില സമയങ്ങളിൽ മാത്രം ആ നെരിപ്പോട് അണഞ്ഞു പോകും. ബാലാജി ബാറ്റ് ചെയ്യുമ്പോഴും ബൗൾ ചെയ്യുമ്പോഴും. ആ സമയങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിലെ അതിർ വരമ്പുകൾ ജലരേഖ പോലെ മാഞ്ഞുപോകും. രണ്ട് മഹാസമുദ്രങ്ങൾ ഒന്നിക്കുന്ന പോലെയായിരുന്നു അത്. ഇന്ത്യൻ ആരാധരെക്കാൾ അന്ന് പാകിസ്താൻ ആരാധകനായിരുന്നു ബാലാജിക്ക് വേണ്ടി ആർത്തുവിളിച്ചത്. 'ബാലാജി... സാരാ ധീരേ ചലോ' എന്ന് അവർ ഒരു വിപ്ലവഗാനം പോലെ പാടിക്കൊണ്ടിരുന്നു. ബാലാജി സിക്സടിക്കുമ്പോൾ അവർ ഹർഷാരവങ്ങൾ മുഴക്കി.

ആ പര്യടനത്തിൽ അഞ്ച് മത്സരങ്ങളുള്ള ഏകദിനപരമ്പരയിലെ അവസാന ഏകദിനം പാകിസ്താനും ഇന്ത്യക്കും ഒരുപോലെ നിർണായകമായിരുന്നു. പരമ്പര 2 - 2 എന്ന നിലയിൽ നിൽക്കുകയാണ്. പാകിസ്താന്റെ മണ്ണിലൊരു ഏകദിന പരമ്പരക്ക് ഇന്ത്യക്ക് ദൂരം ഒരു ജയം. സ്വന്തം മണ്ണിലൊരു പരമ്പര പരജായം തടയാൻ പാകിസ്താനും ദൂരം ഒരു ജയം. അങ്ങനെ വാശിയേറിയ അവസാന ഏകദിന മത്സരം ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 293 റൺസ് ആണ് എടുത്തത്. ഇന്ത്യൻ ഇന്നിംഗ്‌സിൽ ഏറെ ആവേശം നിറച്ചത് അവസാന ഓവറായിരുന്നു. ഇന്ത്യക്കാരും പാകിസ്താൻകാരും ഒരു പോലെ ആവേശം കൊണ്ട, ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ഒരുമിച്ച് ഇന്ത്യക്കായി കയ്യടിച്ച ആ അവസാന ഓവർ. ബാറ്റു ചെയ്യുന്നത് ബാലാജി. എറിയുന്നത് സാക്ഷാൽ ഷൊഹൈബ് അക്തർ. ബാലാജി ഒരു കൂസലുമില്ലാതെ നിന്നു.

ആദ്യ പന്ത്, അക്തറിന്റെ ആ അതിവേഗ പന്ത് ബാലാജി ഒരു കൂസലുമില്ലാതെ പ്രഹരിച്ചു. ലോങ്ങ് ഓണിന് മുകളിലൂടെ അത് പറന്നു. ബൗണ്ടറി ലൈനിൽ നിന്നിരുന്ന യൂസുഫ് യോഹന്നാ ചാടിപ്പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അമ്പയർ ഡേവിഡ് ഷെപ്പേർഡ് ദൈവത്തിലേക്കെന്ന പോലെ ഇരുകൈകളും ആകാശത്തേക്കുയർത്തി. സിക്സർ. ഗ്യാലറിയിൽ മുഴങ്ങി, 'ബാലാജി... സാരാ ധീരേ ചലോ'. ധീരേ ചലിക്കാൻ അഥവാ മെല്ലെ ചലിക്കാൻ ബാലാജിക്ക് മനസ്സില്ലായിരുന്നു. അക്തറിന്റെ തൊട്ടടുത്ത പന്തിനും കിട്ടി ഒരു ഉഗ്രൻ പ്രഹരം. പന്ത് പാഞ്ഞു, പക്ഷെ മറ്റെന്തോ ഒന്ന് കൂടി മിഡ് വിക്കറ്റിന് മുകളിലൂടെ പറക്കുന്നു. കളി കണ്ടവർക്ക് ആദ്യമത് മനസ്സിലായില്ല. പക്ഷിയോ മറ്റോ ആണെന്നായിരുന്നു വിചാരിച്ചിരുന്നത്. വിക്കറ്റിനിടയിലൂടെ ഓടിയ ബാലാജി, രണ്ടാമത്തെ റൺ ക്രീസിലൂടെ നീന്തിക്കടന്ന് പൂർത്തിയാക്കിയതിനു ശേഷം തന്റെ ബാറ്റ് ഉയർത്തിക്കാണിച്ചപ്പോഴാണ് മനസ്സിലായത്, പറന്നത് പക്ഷിയോ മാടോ മറുതയോ ഒന്നുമല്ല, ബാലാജിയുടെ ബാറ്റിന്റെ അറ്റമായിരുന്നു എന്ന്. ബാലാജിയുടെ ബാറ്റ് പൊട്ടി എന്ന് വിചാരിക്കരുത്. അത്ര നിസ്സാരമായി അതിനെ കാണാനുമാവില്ല. ബാലാജി ബാറ്റ് പിളർത്തി എന്ന് തന്നെ പറയണം. ആരും ഭയക്കുന്ന ഒരു അതിവേഗ ബൗളർക്കെതിരെ ഒരു കൂസലുമില്ലാതെ ആഞ്ഞടിച്ച് പിളർന്നതായിരുന്നു ആ ബാറ്റ്.

അങ്ങനെ അവസാന പന്തുകളിൽ ബാലാജിയുടെ മിന്നുന്ന പ്രകടനത്തിന്റെ കൂടി ബലത്തിലായിരുന്നു ഇന്ത്യ പൊരുതാവുന്ന സ്‌കോർ ആയ 293ൽ എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഓപ്പണർ യാസിർ ഹമീദിനെ തന്റെ ആദ്യ ഓവറിൽ തന്നെ ബാലാജി കൂടാരം കയറ്റി. ബാലാജി പിഴുതെടുത്ത യാസിർ ഹമീദിന്റെ ഓഫ് സ്റ്റമ്പും ബെയിൽസുമൊക്കെ വട്ടം കറങ്ങി മീറ്ററുകൾക്കപ്പുറം ചെന്നാണ് മൈതാനം തൊട്ട് വിശ്രമിച്ചത്. ഇന്ത്യക്ക് വേണ്ട ആദ്യ ബ്രെക്ക് ത്രൂ അങ്ങനെ ബാലാജി നൽകി. പിന്നീട് ഇരുപത്തിനാലാം ഓവറിൽ അബ്ദുൽ റസാക്കിനെ സേവാഗിനെ കൊണ്ട് പിടിപ്പിച്ചും ബാലാജി പാകിസ്ഥാനെ പരിക്കേൽപ്പിച്ചു. യാസിർ ഹമീദിലൂടെ പാകിസ്താന്റെ പതനം തുടങ്ങി വെച്ച സ്ഥിതിക്ക് അത് അവസാനിപ്പിക്കുക കൂടി ചെയ്യേണ്ടതുണ്ടായിരുന്നു ബാലാജിക്ക്. അങ്ങനെ, നാല്പത്തിയെട്ടാം ഓവറിൽ അവസാനത്തെ വിക്കറ്റായി മോയിൻ ഖാന്റെ ഓഫ് സ്റ്റമ്പ് കൂടി ബാലാജി കടപുഴക്കി. ഇന്ത്യക്ക് നാല്പത് റൺസിന്റെ വിജയം, കൂടെ പരമ്പരയും ട്രോഫിയും.

ആ ഏകദിന പരമ്പരക്ക് ശേഷം നടന്ന ടെസ്റ്റ് സീരീസിലും ബാലാജിയുടെ മിന്നുന്ന ബൗളിംഗ് പ്രകടനങ്ങളുണ്ടായിരുന്നു. സിക്സറുമുണ്ടായിരുന്നു. ബാലാജിയുടെ അന്താരാഷ്‌ട്ര കരിയറിലെ തന്നെ അവിസ്മരണീയമായ പര്യടനമായി ആ പാകിസ്താൻ ടൂർ മാറി. പരിക്കിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ബാലാജിയുടെ ഹൃദ്യമായ, മനോഹരമായ, ഞെട്ടിക്കുന്ന ഇന്നിംഗ്സുകൾ ഇനിയും ഒരുപാടുണ്ടാകുമായിരുന്നു. രണ്ടായിരത്തിയെട്ടിൽ ഐപിഎല്ലിന്റെ ആദ്യ എഡിഷനിൽ ആദ്യ ഹാട്രിക്ക് നേടിയും ബാലാജി ഞെട്ടിച്ചിട്ടുണ്ട്.

കൂടുതലൊന്നുമില്ലെങ്കിലും, ഹൃസ്വമായ കാലയളവ് കൊണ്ട് അത്ര എളുപ്പത്തിൽ മറന്നുകളയാൻ പറ്റാത്ത നിമിഷങ്ങൾ ആരാധകർക്ക് സമ്മാനിച്ച് തന്നെയാണ് ബാലാജി കളി മതിയാക്കിയത്. ബാലാജിയുടെ ആ പ്രകടനങ്ങൾ ഇന്ന് ആവർത്തിച്ച് കാണുമ്പോഴൊക്കെയും സന്തോഷമുള്ള ഒരു ചിരി നമ്മുടെയൊക്കെ ചുണ്ടിൽ ഇങ്ങനെ തത്തിക്കളിക്കും. കാരണം, ബാലാജി, ഒരു ഫീൽ ഗുഡ് മൂവി പോലെയാണ്. അതെപ്പോഴും സന്തോഷം തരും. അതിനെ ഒരിക്കലും ഇഷ്ടപ്പെടാതിരിക്കാനാവില്ല.

Related Stories

No stories found.
logo
The Cue
www.thecue.in