കൂക്കബുറ, ഡ്യൂക്സ്, എസ്ജി, ക്രിക്കറ്റിലെ ബോള്‍ മത്സരം 

കൂക്കബുറ, ഡ്യൂക്സ്, എസ്ജി, ക്രിക്കറ്റിലെ ബോള്‍ മത്സരം 

ഇന്ത്യന്‍ നിര്‍മ്മിത എസ്ജി ബോളുകള്‍ പഴക്കം ചെല്ലുന്തോറും ഭാവമാറ്റം സംഭവിക്കുന്നുവെന്ന് അശ്വിനും വിരാട് കോഹ്ലിയും വ്യക്തമാക്കിയിരുന്നു. 
Published on

പന്തേറിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിക്കറ്റ്. പലതരമുണ്ട് ക്രിക്കറ്റ്ബോളുകള്‍. ഓസ്‌ട്രേലിയന്‍ കമ്പനിയായ കൂക്കബുറ, ഇംഗ്ലണ്ടിന്റെ ഡ്യൂക്‌സ് ഇന്ത്യയുടെ എസ്ജി എന്നിവയാണ് പ്രധാന നിര്‍മ്മാതാക്കള്‍. ഇവരുടെ പന്തുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. കോര്‍ക്ക്,ലാറ്റക്‌സ്,ലെതര്‍ എന്നിവ ഉപയോഗിച്ചാണ് ബോളുകളുടെ നിര്‍മ്മാണം. കോര്‍ക്കിന് മുകളില്‍ ലാറ്റക്‌സ് റബ്ബറും പുറം തോടായി ലെതറും പതിച്ച് തുന്നല്‍ സഹിതമാണ് ബോള്‍ തയ്യാറാക്കുക. പൂര്‍ണ്ണമായി കൈകൊണ്ടും മെഷീനിലും ബോളുകള്‍ നിര്‍മ്മിക്കാറുണ്ട്.

കൂക്കബുറ ബോള്‍

ലോകത്തെ ഏറ്റവും പ്രമുഖ ക്രിക്കറ്റ് ഉപകരണ നിര്‍മ്മാതാക്കളാണ് കൂക്കബുറ. ഓസ്ട്രേലിയയാണ് ആസ്ഥാനം. ഏകദിന,ടെസ്റ്റ്- ട്വന്റി ട്വന്റി മത്സരങ്ങള്‍ക്കുള്ള ബോളുകള്‍ ഇവര്‍ പുറത്തിറക്കുന്നുണ്ട്. കൂക്കബുറയെന്നാല്‍ ഒരുതരം പൊന്‍മാനാണ്. എജി തോംസണ്‍ എന്നയാള്‍ 1890 ലാണ് കമ്പനിയാരംഭിക്കുന്നത്. ഇദ്ദേഹത്തിന് അരുമയായ ഒരു പൊന്‍മാനുണ്ടായിരുന്നു. അങ്ങനെയാണ് കമ്പനിക്ക് ആ പേരുവന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്താന്‍, ശ്രീലങ്ക, സിംബാവെ എന്നീ രാജ്യങ്ങളിലെ മത്സരങ്ങളില്‍ ഈ പന്താണ് ഉപയോഗിക്കുന്നത്. 156 ഗ്രാമാണ് ബോളിന്റെ ഭാരം.

20 ഓവറില്‍ കൂടുതല്‍ തുന്നല്‍ ഇളകുമെന്നതാണ് പ്രധാനദോഷം. അതായത് 20 ഓവറിന് ശേഷം ഗ്രിപ്പ് നഷ്ടപ്പെടുകയും പന്ത് തിരിക്കാന്‍ സ്പിന്നര്‍മാര്‍ പ്രയാസപ്പെടുകയും ചെയ്യും.

പന്തുകള്‍ പൂര്‍ണ്ണമായും മെഷീന്‍ നിര്‍മ്മിതിയാണ്. മറ്റ് പന്തുകളെ അപേക്ഷിച്ച് തുന്നല്‍ കുറവാണെന്ന പ്രത്യേകതയുമുണ്ട്. 30 ഓവര്‍ വരെ സ്വിംഗ് ചെയ്യുമെന്നതാണ് സവിശേഷത. നടുവിലെ രണ്ടുവരി മാത്രമാണ് കൈകൊണ്ട് തുന്നുന്നത്. 20 ഓവറില്‍ കൂടുതല്‍ തുന്നല്‍ ഇളകുമെന്നതാണ് പ്രധാനദോഷം. അതായത് 20 ഓവറിന് ശേഷം ഗ്രിപ്പ് നഷ്ടപ്പെടുകയും പന്ത് തിരിക്കാന്‍ സ്പിന്നര്‍മാര്‍ പ്രയാസപ്പെടുകയും ചെയ്യും. ഇതുമൂലം പോകെപ്പോകെ സ്പിന്‍ കുറയും. ഇത്തരത്തില്‍ സ്പിന്നര്‍മാരെ പന്ത് മികച്ച രീതിയിലൊന്നും തുണയ്ക്കുന്നില്ല. അതേസമയം സീമര്‍മാര്‍ക്ക് അനുകൂലവുമാണ്. പഴക്കം വരുന്തോറും നേരിടാന്‍ എളുപ്പമാകുമെന്നതാണ് ബാറ്റ്സ്മാനെ സംബന്ധിക്കുന്ന കാര്യം. കൂക്കബുറ ഹോക്കി മത്സരങ്ങള്‍ക്കുള്ള പന്തുകളും തയ്യാറാക്കുന്നുണ്ട്.

ഡ്യൂക്സ് ബോള്‍
ഡ്യൂക്സ് ബോള്‍

ഡ്യൂക്സ് ബോള്‍

1760 ലാണ് ഡ്യൂക്സ് ബോള്‍ അവതരിപ്പിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെ ടോണ്‍ബ്രിഡ്ജ് ആണ് ജന്‍മദേശം. പൂര്‍ണ്ണമായും കൈകളാല്‍ നിര്‍മ്മിക്കുന്നുവെന്നതാണ് പ്രത്യേകത. മികച്ച കാര്യക്ഷമതയും ഗുണമേന്‍മയും ഇവ പ്രദാനം ചെയ്യുന്നു. ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ടെസ്റ്റ് മുതല്‍ ട്വന്റി ട്വന്റി വരെയുള്ള മത്സരങ്ങളില്‍ ഡ്യൂക്സ് ബോളാണ് ഉപയോഗിക്കുന്നത്. ഇരുണ്ട ചുവപ്പാണ് ബോളിന്റെ നിറം. കൂക്കബുറ ബോളുകളേക്കാള്‍ തേയ്മാനം കുറവാണ്. കൂടാതെ മറ്റുള്ളവയെ അപേക്ഷിച്ച് ബോളിന്റെ തിളക്കം നഷ്ടപ്പെടുന്നുമില്ല.

ഡ്യൂക്‌സ്‌ബോളാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ കളം കീഴടക്കാനെത്തിയത്. ഇംഗ്ലണ്ടില്‍ തന്നെ നിര്‍മ്മിക്കുന്നതുകൊണ്ടാണ് ഡ്യൂക്‌സ് ബോളിന് പ്രാമുഖ്യം ലഭിക്കുന്നത്. കാരണം ഇംഗ്ലണ്ടിലെ കാലാവസ്ഥയ്ക്കും പിച്ചുകള്‍ക്കും അനുസരിച്ച് തയ്യാറാക്കിയതാണ് ഡ്യൂക്‌സ്. കൂടാതെ ആതിഥേയ രാജ്യത്തിന് ഇഷ്ടമുള്ള പന്ത് തെരഞ്ഞെടുക്കാമെന്ന ആനുകൂല്യവുമുണ്ട്. 156 മുതല്‍ 163 ഗ്രാം വരെയാണ് പന്തിന്റെ ഭാരം. തേയ്മാനം കുറവാണെന്നതും ബോളിന്റെ തിളക്കം നഷ്ടപ്പെടാതെ നിലനില്‍ക്കുമെന്നതും പ്രത്യേകതയാണ്. ടെസ്റ്റ് മത്സരത്തില്‍ 50-55 ഓവറുകള്‍ക്ക് ശേഷമേ പന്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുള്ളൂ.

ഭംഗിയും ആകൃതിയും അതേ പോലെ നിലനില്‍ക്കും. ഇംഗ്ലണ്ടിലെ മഴയെ അതിജീവിക്കാന്‍ ലെതര്‍ ഗ്രീസ് കട്ടിയില്‍ ഉപയോഗിക്കുന്നുണ്ട്. തുന്നലടക്കം കൈകളാല്‍ പന്ത് നിര്‍മ്മിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. സീമര്‍മാര്‍ക്ക് ഏറെ അനുയോജ്യപ്രദമാണ് ഡ്യൂക്‌സ്. തുടക്കം തന്നെ സ്വിംഗ് നല്‍കില്ലെങ്കിലും മത്സരം പുരോഗമിക്കെ പരമ്പരാഗത സ്വിംഗിലേക്ക് പന്ത് വഴിമാറും. പന്ത് ബൗണ്‍സ് ചെയ്യുന്ന കാര്യത്തില്‍ കാലാവസ്ഥയോ പിച്ചിന്റെ പ്രത്യേകതകളോ വിഷയമാകുന്നില്ല. അതായത് സാധാരണ ബൗണ്‍സ് പന്ത് ഉറുപ്പുനല്‍കുന്നുണ്ട്.

സ്പിന്നര്‍മാരെയും പന്ത് തുണയ്ക്കും. എന്നാല്‍ പന്തിന്റെ പ്രയോഗത്തില്‍ ചില സ്പിന്നര്‍മാര്‍ എതിരഭിപ്രായം പറയാറുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ ഉപകാരപ്പെടുകയെന്നാണ് ഇവരുടെ വാദം. ബോള്‍ നേരിടുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കും പന്ത് സൗകര്യപ്രദമാണ്. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഡ്യൂക്‌സ് ബോള്‍ പരീക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ നിര്‍മ്മിത എസ്ജി ബോളുകള്‍ പഴക്കം ചെല്ലുന്തോറും ഭാവമാറ്റം സംഭവിക്കുന്നുവെന്ന് അശ്വിനും വിരാട് കോഹ്ലിയും പരാതിപ്പെട്ടിരുന്നു.

എസ് ജി ബോള്‍

ഇന്ത്യന്‍ ബോള്‍ നിര്‍മ്മാതാക്കളാണ് സാന്‍സ്പറെയ്ല്‍സ് ഗ്രീന്‍ലാന്‍ഡ്സ് അഥവാ എസ്ജി. 1931 ല്‍ കേദാര്‍നാഥ് ദ്വാരകാനാഥ് ആനന്ദ് സഹോദരന്‍മാരാണ് സ്യാല്‍കോട്ടില്‍ (പാകിസ്താന്‍) കമ്പനിയാരംഭിക്കുന്നത്. സ്വാതന്ത്ര്യശേഷം കമ്പനി ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റാണ് ആസ്ഥാനം. 1991 ല്‍ എസ്ജി ബോളിന് ബിസിസിഐ അംഗീകാരം നല്‍കി. തുടര്‍ന്നിങ്ങോട്ട് ഇന്ത്യന്‍ മത്സരങ്ങളില്‍ എസ്ജി ബോളുകളാണ് ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായും കൈകൊണ്ടാണ് പന്തുനിര്‍മ്മാണം. നന്നായി സ്വിംഗ് സാധ്യമാക്കാന്‍ പന്തിനാവും. പക്ഷേ ഇന്ത്യയിലെ വരണ്ടവിക്കറ്റുകളില്‍ പന്തിന്റെ തിളക്കം വേഗം നഷ്ടമാകും.

അതേസമയം സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ബോള്‍. തിളക്കം നഷ്ടപ്പെടുന്നതിനനുസരിച്ച് റിവേഴ്സ് സിംഗ് നല്ല രീതിയില്‍ പ്രയോഗിക്കാനാകും. .സ്പിന്നര്‍മാര്‍ക്ക് മികച്ച ഗ്രിപ്പ് നല്‍കുന്നതാണ് ബോള്‍. ഇതിനാല്‍ എസ്ജി ബോളുകള്‍ സ്പിന്നര്‍മാര്‍ക്ക് പ്രിയമാണ്. തുന്നല്‍ നഷ്ടപ്പെടാതെ നിലനില്‍ക്കും. 6 വരി തുന്നലും ഹസ്തനിര്‍മ്മിതമാണ്. റിവേഴ്സ് സ്വിംഗ് മികച്ച രീതിയില്‍ പ്രദാനം ചെയ്യുന്നുണ്ട്. സ്പിന്നര്‍മാരെ മികച്ച രീതിയില്‍ തുണയ്ക്കുന്നതാണ് പന്ത്.ടെസ്റ്റ് മത്സരങ്ങളില്‍ 80 മുതല്‍ 90 ഓവര്‍ വരെ തുന്നല്‍ നിലനില്‍ക്കും.

എന്നാല്‍ ഈയിടെയായി പന്തിന്റെ ഗുണമേന്‍മ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത എസ്ജി ബോളുകള്‍ പഴക്കം ചെല്ലുന്തോറും ഭാവമാറ്റം സംഭവിക്കുന്നുവെന്ന് അശ്വിനും വിരാട് കോഹ്ലിയും വ്യക്തമാക്കിയിരുന്നു. തുന്നല്‍ നേരത്തേ ഇളകിപ്പോകുന്നതായും താരങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഡ്യൂക്‌സ് ബോള്‍ പരീക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. എസ്ജിയെ അപേക്ഷിച്ച് ഗുണമേന്‍മ ഡ്യൂക്‌സിന് കൂടുതലുള്ളതിനാല്‍ അതുപയോഗിക്കണമെന്നാണ് ആവശ്യം.

logo
The Cue
www.thecue.in