1997 ലെ പെക്കര്‍ ബോയ്സ് അഥവാ സ്‌കലോനെറ്റയുടെ സെറിബ്രോ

1997 ലെ പെക്കര്‍ ബോയ്സ് അഥവാ സ്‌കലോനെറ്റയുടെ സെറിബ്രോ
Published on
Summary

അര്‍ജന്റീന ടീമിന്റെ മുൻകാലവിജയത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ പറ്റി മുതിർന്ന മാധ്യമപ്രവർത്തകനും ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിന്റെ രചയിതാവുമായ രാജീവ് രാമചന്ദ്രൻ എഴുതുന്നു

2005 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനല്‍. ബ്രസീലും അര്‍ജന്റീനയും കളിക്കുന്നു. ബ്രസീലിയന്‍ നിരയില്‍ റൊബീഞ്ഞ്യോ, കക്ക, റൊണാള്‍ഡീഞ്ഞ്യോ എന്നിവര്‍ക്കൊപ്പം നമ്പര്‍ നയന്‍ സ്ട്രൈക്കറായി അദ്രിയാനോ എന്ന കരുത്തന്‍- കണ്ണഞ്ചിപ്പിക്കുന്ന വേഗതയും കരുത്തുമുള്ള, എതിരാളികളെ ബുള്‍ഡോസ് ചെയ്തു കയറുന്ന അന്നത്തെ കിലിയന്‍ എംബാപ്പെ. കളിതുടങ്ങി പത്ത് മിനുറ്റ് തികഞ്ഞില്ല, ബോക്സിന് പുറത്തു നിന്ന് ഒരു ഡിഫന്‍ഡറെ ഹര്‍ഡില്‍സ് ഓട്ടക്കാരനെ പോലെ മറികടന്ന് ഇടംകാലുകൊണ്ട് തീയുണ്ടപോലെ ഒരു ഫസ്റ്റ്ടൈം വോളി, പന്ത് നെറ്റില്‍ കുരുങ്ങി ആടിയതിനു ശേഷമേ അര്‍ജന്റീനയുടെ ഗോളി ഹെര്‍മന്‍ ലക്സ് പോലും കണ്ടുള്ളൂ. നാല് മിനിറ്റ് കഴിഞ്ഞില്ല കക്കയുടെ ഊഴമെത്തി, അതും ബോക്സിന് പുറത്തു നിന്ന് തകര്‍പ്പന്‍ വലംകാല്‍ വോളി (2-0). ഇടവേളക്ക് ശേഷം റൊണാള്‍ഡീഞ്ഞ്യോ, പിന്നെയും അദ്രിയാനോ, ഇത്തവണ ഒരു ഏരിയല്‍ ഡയഗണല്‍ ബോളില്‍ മിന്നല്‍ പോലെ ഒരു ഹെഡ്ഡര്‍.

അദ്രിയാനോ
അദ്രിയാനോ

നാല് ഗോളിന് പിന്നിട്ടു നില്‍ക്കുന്ന ഒരു ടീമിന്റെ ആരാധകര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന ഓപ്ഷന്‍ അവരുടെ ടീം തളരാതെ അഭിമാനത്തിനായി കളിക്കുമെന്ന പ്രതീക്ഷ മാത്രമാണ്. 2005 ലെ ആ രാത്രി ഏഷ്യാനെറ്റ് ന്യൂസ് ഡെസ്‌കില്‍ ഞാനും സി എല്‍ തോമസും താടിക്ക് കൈകൊടുത്തിരുന്നു. ചുറ്റും നിറയെ ബ്രസീലാരാധകരും അവരുടെ കളിയില്‍ 'വാവ് ' അടിച്ചു നിന്ന നിഷ്പക്ഷരുമാണ്- റൊണാള്‍ഡീഞ്ഞ്യോ അന്നേ സെന്‍സേഷനാണ്, കക്കയും റൊബീഞ്ഞ്യോയും വരവറിയിക്കുന്ന കാലമാണ് - അതുക്കും മേലെയായിരുന്നു അന്നത്തെ ദിവസം അദ്രിയാനോ എന്ന മല്ലന്‍. വിംസി മുതലുള്ള കളിയെഴുത്തുകാര്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന ആശ്വാസഗോള്‍ എന്താണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയ ദിവസം കൂടിയാണത്.

രണ്ടാം പകുതിയില്‍ നാലു ഗോളിന് പിന്നിട്ടു നില്‍ക്കെയാണ് ഹോസെ പെക്കര്‍മാന്‍ പാബ്ലോ അയ്മറിനേയും കാര്‍ലോസ് ടെവസിനേയും കളത്തിലേക്ക് വിടുന്നത്. എവിടെയുമില്ലാതിരുന്ന അര്‍ജന്റീന ഒരു ടീമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കളത്തിലെവിടേയും അയ്മര്‍ വലതുവിങ്ങിലുടെ കയറി വെട്ടിയൊവിഞ്ഞ് ബോക്സിന്റെ നടുവിലേക്ക് പറന്നിറങ്ങുന്ന ടെവസ്. കളിയുടെ അവസാന നിമിഷങ്ങളിലാണ് വലതുവിംഗില്‍ നിന്നുള്ള പാബ്ലോ സോറിന്റെ ഒരു പാവം ക്രോസിലേക്ക് അയ്മര്‍ ഒരു പക്ഷിയെ പോലെ പറന്ന് തലവയ്ക്കുന്നത്, ഗോള്‍ - എന്നെ സംബന്ധിച്ചിടത്തോളം പിന്നീട് അതാണ് ആശ്വാസ ഗോളിന്റെ ദൃശ്യ നിര്‍വചനം. അദ്രിയാനോയുടെ ബ്രേയ്സും റൊണാള്‍ഡീഞ്ഞ്യോയുടെ മാന്‍ ഓഫ് ദ മാച്ച് പ്രകടനവും മറന്നാലും വായുവില്‍ പറക്കുന്ന പാബ്ലോ സീസര്‍ അയ്മറെന്ന ആ യവനസുന്ദരനെ ഞാന്‍ മറക്കില്ല. ഇന്ന് യൂ ട്യൂബിന്റെ ആര്‍ക്കൈവില്‍ നിന്ന് ആ ദൃശ്യം തപ്പിയെടുത്തതും അയ്മറിന്റെ പറക്കും ഹെഡ്ഡര്‍ തിരഞ്ഞാണ്.

പാബ്ലോ അയ്മർ
പാബ്ലോ അയ്മർ

മറഡോണാനന്തര കാലത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനയിലുണ്ടാവുന്ന താരോദയങ്ങളെയെല്ലാം തൊട്ടരികെ പിന്തുടര്‍ന്നിരുന്നു ഞങ്ങളന്ന് - ഞങ്ങളെന്നാല്‍ ആല്‍ബിസെലസ്റ്റെയുടെ ഡൈഹാര്‍ഡ് ഫാന്‍സ് ഫ്രാക്ഷന്‍. സാവിയോളയക്കു പുറമെ റിക്വില്‍മെയും അയ്മറും ടെവസുമായിരുന്നു അന്ന് ശ്രദ്ധാകേന്ദ്രങ്ങള്‍. ബാഴ്സലോണയിലെ പയ്യനെ ദേശീയ ടീമിലേക്ക് മുഴുവനായും കിട്ടിത്തുടങ്ങിയിരുന്നില്ല. അതില്ലാമുപരി പരിക്കേറ്റ് കളി അവസാനിപ്പിച്ച് ടാക്സി ഡ്രൈവറായി ജീവിക്കവെ യൂത്ത് ടീമിനെ പരിശീലിപ്പിക്കാനെത്തിയ ഹോസെ നെസ്റ്റര്‍ പെക്കര്‍മാനെന്ന കോച്ചിന്റെ കഥ അതീവ കാല്‍പനികവുമായിരുന്നു. സീസര്‍ ലൂയിസ് മെനോറ്റിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച പിന്തുടര്‍ച്ചാവകാശിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു അന്ന് ഹോസെ. തൊണ്ണൂറുകളുടെ ഒടുവില്‍ യൂത്ത് ലോകകപ്പ് നേടിയ പെക്കര്‍ ബോയ്സിനെയെല്ലാം സൂക്ഷ്മമായി വിലയിരുത്തിയിരുന്നുവെങ്കിലും പോര എന്നായിരുന്നു ഞങ്ങള്‍ ഫാന്‍്സ് ഫ്രാക്ഷന്റെ വിലയിരുത്തല്‍. അതിനിടക്കാണ് ഹുവാന്‍ റോമന്‍ റിക്വില്‍മെ എന്ന അവതാരമുണ്ടാവുന്നത്. അര്‍ജന്റീനക്കാര്‍ക്ക് പീബെയായി മറഡോണ അവതരിച്ച പോലെ അവരുടെ എന്‍ഗാന്‍ചെ എന്ന മിഡ്ഫീല്‍ഡ് പൊസിഷന്റെ ആള്‍ രൂപമായിട്ടാണ് ആദ്യം എട്ടാം നമ്പറായി ബോക്കയില്‍ നിന്ന് റോമന്‍ കാലെടുത്ത് വക്കുന്നത്. ഒപ്പം പാബ്ലോ അയ്മറെന്ന് ചെറുക്കനും. അപ്പോള്‍ മറഡോണ അയാളുടെ അവസാന മത്സരം കളിച്ച് ബൂട്ടഴിച്ചിരുന്നു. അയ്മറുടെ ചലനങ്ങളിലെല്ലാം ആ മാറഡോണിയന്‍ റിഥം പ്രകടവുമായിരുന്നു. ഹാവിയര്‍ സാവിയോള ടീമിലുള്ളപ്പോള്‍ തന്നെയാണ് കാര്‍ലോസ് ടെവസിന്റേയും കടന്നുവരവ്. 1995-97 ലെ പെക്കര്‍ ബോയ്സ് അവരുടെ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരുന്നു.

വാള്‍ട്ടര്‍ സാമുവല്‍
വാള്‍ട്ടര്‍ സാമുവല്‍

കോണ്‍ഫെഡറേഷന്‍സ് കപ്പിലേക്ക് തിരിച്ചുവരാം, കളിയവസാനിക്കുമ്പോള്‍ ബ്രസീലുകാരുടെ മുന്നില്‍ ചൂളിപ്പോയെങ്കിലും പെക്കര്‍മാന്റെ ടാക്റ്റിക്കല്‍ ബ്ലണ്ടറായിരുന്നു അന്നത്തെ ആരാധക ഫ്രാക്ഷന്റെ ചര്‍ച്ചാവിഷയം. 2006 ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ പെക്കര്‍മാന്‍ നടത്തിയ കുപ്രസിദ്ധമായ സബ്സ്റ്റിറ്റിയൂഷനെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴെല്ലാം ഞങ്ങള്‍ തൊട്ടുതലേ കൊല്ലത്തെ കോണ്‍ഫഡറേഷന്‍ ഫൈനലും ഓര്‍ത്തു. സാവിയോളയെയും ടെവസിനേയും അയ്മറേയും ബഞ്ചിലിരുത്തിയാണ് പെക്കര്‍മാന്‍ ലുസിയാനോ ഫിഗറോവയെ സ്ട്രൈക്കറാക്കി സ്റ്റാര്‍ട്ട് ചെയ്തത്. കോച്ചുമാര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ആലോചിക്കാന്‍ മെനക്കെട്ടിട്ടില്ലായിരുന്ന അന്ന് പെക്കര്‍മാനെ തെറിവിളിക്കാന്‍ ഒരു മടിയുമില്ലായിരുന്നു. കളിയെ ടാക്റ്റിക്കലായി മനസ്സിലാക്കുന്നതും പിന്തുടരാന്‍ ശ്രമിക്കുന്നതും അവിടെനിന്നിങ്ങോട്ടുള്ള കാലത്താണ്. 2006 ല്‍ റിക്വില്‍മെയെ മാറ്റി മെസ്സിയെ ഒഴിവാക്കി കാംപിയാസോയെ ഇറക്കിയത് അര്‍ജന്റീനക്ക് ഒരു ലോകകപ്പ് തന്നെ നഷ്ടപ്പടുത്തിയെന്ന് വിശ്വസിക്കുന്നവരില്‍ ഞാനും കാണും. പക്ഷെ ദെയര്‍ ഈസ് നോ ഈഫ്സ് ആന്‍ഡ് ബട്സ് എന്നാണല്ലോ. എന്നാല്‍ ഈ ലോകകപ്പില്‍ നെതര്‍ലാന്‍ഡ്സിനെതിരെ സ്‌കലോണി നടത്തിയ വിമര്‍ശവിധേയമായ സബ്സ്റ്റിറ്റിയൂഷനുകളെ ലോജിക്കലി പിന്തുണക്കുന്നിടത്താണ് എന്റെ ഫുബോളിംഗ് ബോധം ഇപ്പോള്‍ നില്‍ക്കുന്നത്.

ലിയൊണല്‍ സ്‌കലോണി
ലിയൊണല്‍ സ്‌കലോണി

പറഞ്ഞു വന്നത് പെക്കര്‍മാനില്‍ നിന്ന് സ്‌കലോണിയിലേക്ക് ഒരു ആരാധകന്‍ നടന്ന ദൂരത്തെക്കുറിച്ച് മാത്രമല്ല, ലിയൊണല്‍ സ്‌കലോണിയുടെ ഗെയിംപ്ലാനുകള്‍ രൂപമെടുക്കുന്നതിന്റെ പശ്ചാത്തലം കൂടിയാണ്. അയ്മറെന്ന അന്നത്തെ പത്താം നമ്പറും സ്‌കലോണിയെന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും ഡിഫന്‍ഡര്‍മാരായ അയാളയും സാമുഅലും ചേര്‍ന്നാണ് മെസ്സിക്കും സംഘത്തിനും വേണ്ടി ഇന്ന് തന്ത്രങ്ങള്‍ മെനയുന്നത്. 2005- 2006 കാലത്ത് 'പെക്കര്‍ബോയ്സി'ല്‍ നിന്ന് 'പെക്കര്‍മെന്‍' ആയി പരിണമിച്ചവരാണ് ലാ സ്‌കലോനെറ്റയുടെ സെറിബ്രോ എന്നത് യാദൃച്ഛികമല്ല. സ്‌കലോണിക്കൊപ്പം പാബ്ലോ അയ്മറും റഒബര്‍ട്ടോ അയാളയും വാള്‍ട്ടര്‍ സാമുഅലും കൂടി ചേരുന്നതാണ് ആ സെറിബ്രോ. കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ബെഞ്ചിലിരുന്ന മറ്റൊരാളാണ് വാള്‍ട്ടര്‍ സാമുഅല്‍. അയാള അന്നത്തെ സ്‌ക്വാഡിലില്ലെങ്കിലും 2006 ലെ ലോകകപ്പില്‍ ടീമിലെത്തി. നേരത്തെ പരാമര്‍ശിച്ച ജര്‍മ്മനിക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയെ മുന്നിലെത്തിച്ച ഹെഡ്ഡര്‍ അയാളയുടേതാണ്.

കണക്കു കൂട്ടലുകള്‍ പിഴച്ച ആദ്യ മത്സരത്തിലെ പാളിച്ചകളില്‍ നിന്ന് പഠിച്ച് അവര്‍ നടത്തിയ തിരിച്ചുവരവ് ഒന്നു മാത്രം മതി , ഈ ടീമിനെ ഉച്ചാരണപ്പിഴവില്ലാതെ 'സെറിബ്രോ' എന്ന് വിളിക്കാന്‍. ഡച്ച് 'സിക്കാരിയോ'മാരെ അവര്‍ നേരിട്ടതുകൂടി മനസ്സില്‍ വച്ചു വേണം ഈ വിലയിരുത്തല്‍ നടത്താന്‍. ക്രൊയേഷ്യേക്കെതിരായ മത്സരം മാത്രം മതിയാവും ഇവരുടെ ഹോംവര്‍ക്കിനെ കുറിച്ച് മനസ്സിലാക്കാന്‍. മത്സരശേഷം മെസ്സി പറയുന്നുണ്ട്, പന്ത് അവരാവും കൂടുതല്‍ കൈവശം വക്കുക എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, അതനുവദിക്കാന്‍ തന്നെയാണ് നിശ്ചയിച്ചിരുന്നതും. അയ്മര്‍ ഓരോ സാധ്യതകളും നോട്ടു പുസ്തകത്തില്‍ വരച്ചു തന്നെ വച്ചിരുന്നുവത്രെ ! ക്രൊയേഷ്യക്കെതിരെ ഒന്നാം പകുതിയില്‍ നേടിയ രണ്ടു ഗോളുകളും സാധാരണ അര്‍ജന്റൈന്‍ ശൈലിക്ക് വിരുദ്ധമായി പ്രത്യാക്രമണങ്ങളില്‍ നിന്നാണ് അവര്‍ നേടിയത്. രണ്ടു തവണയും പുറകില്‍ നിന്ന് മുന്നേറ്റനിരയിലേക്ക പന്ത് എത്തിച്ചു നല്‍കിയതിനുമുണ്ടായിരുന്നു ഒരു മുന്‍ നിശ്ചയത്തിന്റെ പിന്‍ബലം. രണ്ടും ഗോളിന് മുന്നിട്ട് നിന്ന് മത്സരം കൈപ്പിടിയലൊതുങ്ങിയെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവരുടെ സഹജമായ കളിയിലേക്ക് തിരികെ എത്താനും സ്‌കലോനെറ്റക്ക് കഴിഞ്ഞു.

ആക്രമിച്ചു കളിക്കും എന്നുറപ്പുള്ളവരോട് 5- 3- 2, മിഡ് ഫീല്‍ഡില്‍ വെല്ലുവിളി ഉയര്‍ത്തുന്നവരോട് 4-4-2, സമന്മാരോട് 4-3-3 എന്നിങ്ങനെയാണ് സ്‌കലോനെറ്റയുടെ വിന്യാസ രീതി. പ്രതിരോധത്തിലൂന്നിക്കളിക്കുമ്പോള്‍ ലിസാന്ദ്രോ 'ലിച്ച' മാര്‍ട്ടിനസ് സെന്‍ട്രല്‍ ഡിഫന്‍സിലെ മൂന്നാമനാവുക, മധ്യനിരയില്‍ കളി കേന്ദ്രീകരിക്കുമ്പോള്‍ മുന്‍ നിരയിലെ അങ്ഹെല്‍ ഡി മരിയക്കു പകരം താഴെ പകുതിയില്‍ ലിയാന്ദ്രോ പെരദെസ്, ആക്രമിച്ച് കളിക്കാന്‍ തീരുമാനിച്ചാല്‍ പരദെസിനു പകരം മുന്നില്‍ മരിയ ഇതാണ്/ ആവും അര്‍ജന്റൈന്‍ സെറിബ്രോയുടെ ഗംയിം പ്ലാന്‍.

ഇത്തരത്തില്‍ പ്രാഗ്മാറ്റിക് ആയ ഒരു സ്റ്റാര്‍ട്ടിംഗ് ഇലവന്‍ കാണുമ്പോള്‍ കവിതയിലഭിരമിക്കുന്ന നമ്മള്‍ ആരാധകര്‍ക്ക് ചെറിയ നിരാശയുണ്ടാവും എന്നതില്‍ തര്‍ക്കമില്ല. അപ്പോഴെല്ലാം ലോകത്തേറ്റവും മികച്ച കവിതയാണല്ലോ നമ്മളെ മുന്നില്‍ നിന്ന് നയിക്കുന്നതെന്ന ആശ്വാസം മാത്രമാണ് അവര്‍ക്കുണ്ടാവുക. ഡി മരിയയെ ആദ്യ പതിനൊന്നിലിറക്കാവുന്നത്ര ഭദ്രത ഇന്നത്തെ നിലക്ക് അര്‍ജന്റൈന്‍ ടീമിന് ഇല്ലെന്നാണ് സ്‌കലോണിയുടെ കളികള്‍ ഏതാണ്ട് മുഴുവനായും കണ്ട് വിലയിരുത്തിയിട്ടുള്ള ആളെന്ന നിലയില്‍ എനിക്ക് മനസ്സിലാക്കാനാവുക. എന്നാല്‍ ഫ്രാന്‍സിനെതിരെ ഒരു പക്ഷെ, (അതൊരു വലിയ പക്ഷെയാണ്). അങ്ങനെയൊരു കണ്‍കെട്ടു വിദ്യ അയാള്‍ കാത്തുവച്ചിട്ടുണ്ടെങ്കിലും അത്ഭുതപ്പെടാനില്ല. കാരണം എതിരാളികളെ പഠിച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇതിലും പ്രാപ്തിയുള്ള മറ്റൊരു ടീം മാനേജുമെന്റും അടുത്തകാലത്തൊന്നും അര്‍ജന്റീനക്ക് ഉണ്ടായിട്ടില്ല. ഫ്രാന്‍സ് 4-2-3-1 വിന്യാസം പരീക്ഷിച്ചാല്‍ ഒരു പക്ഷെ 4-4- 2 ആവും സ്‌കലോണിയുടെ മറുപടി, അഥില്‍ പക്ഷെ മരിയ ഉണ്ടാവില്ലെന്നാണ് എനിക്കു തോന്നുന്നത്.

രാജീവ് രാമചന്ദ്രൻ
രാജീവ് രാമചന്ദ്രൻ

ജോനി ലൊസെല്‍സോ എന്ന സ്‌കലോനെറ്റയുടെ നട്ടെല്ലായ കളിക്കാരന്റെ വിടവ് പോലും അറിയിക്കാതെ പരിമിതവിഭവരായ ചെറുപ്പക്കാരുടെ ഒരു കൂട്ടത്തിനൊപ്പം ലിയോയെ കൂടി ചേര്‍ത്ത് ഫൈനല്‍ വരെ എത്താന്‍ അവരെടുത്തിരിക്കുന്ന യത്നം എല്ലാവരാലും സാധ്യമായ ഒന്നല്ല തന്നെ. സ്‌കലോണിയെ പറ്റി നേരത്തേയും പറഞ്ഞിട്ടുണ്ട് എങ്കിലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അര്‍ജന്റീന ദേശീയ ടീമിനുവേണ്ടി ആകെ ഏഴു മത്സരങ്ങളിലാണ് ലിയൊണെല്‍ സെബാസ്ത്യന്‍ സ്‌കലോണി കളിച്ചിട്ടുള്ളത്. അതില്‍ തന്നെ മുഴുവന്‍ സമയവും കളത്തിലുണ്ടായിട്ടുള്ളത് നാലേ നാലു കളികളില്‍. പ്രതിരോധനിരയിലേക്ക് ഇറങ്ങിക്കളിക്കുന്ന മധ്യനിരക്കാരനായോ അസ്സല്‍ പ്രതിരോധക്കാരനായോ മാത്രം കളിച്ചിട്ടുള്ള അയാള്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്തിട്ടില്ല. കളിച്ച ഏഴു മത്സരങ്ങളില്‍ സ്‌കോര്‍ഷീറ്റില്‍ പേരുള്ളത് 2003 ല്‍ ലിബിയക്കെതിരെ കളിച്ച സൗഹൃദമത്സരത്തിലെ ഒരു അസിസ്റ്റിന്റെ പേരിലാണ്. ലോകകപ്പ് ഫുട്‌ബോള്‍ മൈതാനത്ത് ഇതുവരെ സ്‌കലോണി ചെലവിട്ടിട്ടുള്ളത് 120 മിനിറ്റാണ്, 2006ല്‍ ജര്‍മ്മനിയിലെ ലീപ്‌സിഗില്‍ മെക്‌സിക്കോക്കെതിരായ മത്സരത്തില്‍. അന്നു പക്ഷെ റഫേല്‍ മാര്‍ക്വേസിനേയും സംഘത്തേയും ചെറുക്കുന്നതില്‍ സ്‌കലോണിയുടെ പങ്ക് നിസ്സാരമല്ലായിരുന്നു. ഖത്തറില്‍ പക്ഷെ ലിയൊണല്‍ മെസ്സി കഴിഞ്ഞാല്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷ വക്കുന്ന ഒരു പേര് - ഇന്നു രാത്രിയോടെ ഒരു പക്ഷെ ലോകത്തെ എണ്ണം പറഞ്ഞ ഫുട്ബോള്‍ പരിശീലകരുടെ കൂട്ടത്തില്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഒരു പേര് - ഈ നാല്‍പത്തി നാലുകാരന്റേതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in