ജോർദാൻ: ലോക ഫുട്ബോളിലേക്ക് ഏഷ്യയിൽ നിന്നൊരു ബിഗ് ട്രാൻസ്ഫർ

ജോർദാൻ: ലോക ഫുട്ബോളിലേക്ക് ഏഷ്യയിൽ നിന്നൊരു ബിഗ് ട്രാൻസ്ഫർ
Published on
2024 ഏഷ്യൻ കപ്പിന് മുന്നേ ഒരു ഏഷ്യൻ കപ്പ് നോക്കൌട്ട് മൽസരം പോലും ജയിക്കാത്ത ടീമായിരുന്നു ജോർദാൻ. ദോഹയിൽ ഏഷ്യൻ കപ്പിന് മുമ്പ് ജോർദാൻ കളിച്ചിരുന്ന ഒമ്പത് മൽസരങ്ങളിലും വിജയം നേടാനായിരുന്നില്ല.എന്നാൽ ഖത്തറിൽ കാര്യങ്ങളെല്ലാം വ്യത്യസ്തതമായിരുന്നു . ഖത്തറിലെ പതിനെട്ടാം ഏഷ്യൻ കപ്പ് ജോർദാന്റെ കൂടിയായിരുന്നു. പലപ്പോഴും പോരാട്ട വീര്യത്തിൽ 2022- ലോകകപ്പിലെ മൊറോക്കയെ ഓർമിപ്പിച്ചു അവർ.

90 മിനുട്ടും കഴിഞ്ഞുള്ള എക്സ്ട്രാ ടൈമിന്റെ അഞ്ചാം മിനുട്ടാണ്. ഒരു ലോങ്ങ്‌ ബോൾ സ്വീകരിക്കുന്നതിനിടെ അഫീഫ് ആക്രമിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി വാർ ചെക്കിലൂടെ ജോർദാന് മേൽ പെനാൽറ്റി വിധിക്കുന്നു. ഈ മത്സരത്തിലെ തന്നെ തന്റെ മൂന്നാം ഹാട്രിക് പെനാൽറ്റി കിക്കിലൂടെ അഫീഫ് ആതിഥേയരായ ഖത്തറിന് തുടർച്ചയായ രണ്ടാം ഏഷ്യൻ കപ്പ് കിരീടം നേടി കൊടുക്കുന്നു.

ഒരു വർഷത്തിനപ്പുറം ലയണൽ മെസ്സി ലോക കിരീടം ചൂടിയ അതെ ലുസൈലിൽ ഖത്തരികൾ തലയിൽ ധരിച്ച കെഫിയ്യകൾ ആകാശത്ത് വീശി ആനന്ദത്തിലാടുന്നു. അത് വരെയും ആർത്തുവിളിച്ച ജോർദാനികൾ കണ്ണീരിലാഴുന്നു.

ഖത്തർ തങ്ങളുടെ മൂന്നാം ഗോളും നേടിയതോടെ നിരാശയിലായിരിക്കുന്ന ജോർദാൻ ആരാധകർ
ഖത്തർ തങ്ങളുടെ മൂന്നാം ഗോളും നേടിയതോടെ നിരാശയിലായിരിക്കുന്ന ജോർദാൻ ആരാധകർ

ലൈവ് ടെലികാസ്റ്റിന്റെ ഒരു ക്യാമറ ആങ്കിൾ , അപ്പോൾ വെള്ളയും ചുവപ്പും ഇടകലർത്തിയ ഒരു ജോർദാനിയൻ ഷാളിട്ട കരയുന്ന ഒരു കുട്ടിയുടെ മുഖത്തേക്ക് സൂം ചെയ്യുന്നുണ്ട്. ആ കുട്ടിയുടെ പിതാവ് അപ്പോൾ തന്റെ കയ്യിലുള്ള പതാക കൊണ്ട് കുട്ടിയുടെ മുഖം മൂടുന്നു. അതിന് ശേഷമുള്ള സ്‌ക്രീനിൽ കാണുന്നത് ആ കുട്ടിയും പിതാവും ആവേശത്തോടെ ജോർദ്ദാനിയൻ പതാക വീശുന്നതാണ്.

ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തിയ തങ്ങളിലും അവരുടെ കളിക്കാരിലും അവർ അഭിമാനിക്കുന്നുണ്ടാവണം. ഫൈനലിലെ നിരാശക്കപ്പുറം തങ്ങളൊരു ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് തീർച്ചയായും അവർ മനസ്സിലാക്കിയിരിക്കണം. നിരാശരായി മൈതാനത്ത് കിടക്കുകയായിരുന്ന തങ്ങളുടെ താരങ്ങളെ അവർ വലിയ കയ്യടികളോടെയും ഹർഷാരവങ്ങളോടെയും എണീപ്പിച്ചിരുത്തി. ഖത്തറിലെ പതിനെട്ടാം ഏഷ്യൻ കപ്പ് ജോർദാന്റെ കൂടിയായിരുന്നു. പലപ്പോഴും പോരാട്ട വീര്യത്തിൽ 2022- ലോകകപ്പിലെ മൊറോക്കയെ ഓർമിപ്പിച്ചു അവർ.

ഏഷ്യ കപ്പ് 2024 ഫൈനലിൽ തോറ്റപ്പോൾ ജോർദാൻ താരങ്ങളുടെ നിരാശ
ഏഷ്യ കപ്പ് 2024 ഫൈനലിൽ തോറ്റപ്പോൾ ജോർദാൻ താരങ്ങളുടെ നിരാശ

മൽസരത്തിലേക്ക്

തുടക്കം മുതൽ തന്നെ പരസ്പരം ആക്രമിച്ചു കളിച്ച ഇരു ടീമുകളും എതിർബോക്സുകളിലേക്ക് നിരന്തരം കയറിയിറങ്ങി. ആദ്യ ഇരുപത് മിനുട്ടിനുള്ളിൽ തന്നെ ജോർദ്ദാന്റെ യാസൻ അൽ നയ്മത്തിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ ഖത്തർ ഗോൾ കീപ്പർ ബർഷാമിൻ തടഞ്ഞിട്ടു.

21- ആം മിനുട്ടിലാണ് കളിയിലെ ആദ്യ ഗോൾ പിറക്കുന്നത്. പന്തുമായി അതിവേഗം മുന്നേറുകയായിരുന്ന അക്രം അഫീഫിനെ ബോക്സിൽ നിന്ന് ജോർദാന്റെ പ്രതിരോധ താരം പിറകിൽ നിന്ന് വീഴ്ത്തി. വാർ ചെക്കിൽ പെനാൽറ്റി വിധിച്ച പന്തിനെ അഫീഫ് തന്നെ തന്റെ വലത് കാൽ കൊണ്ട് ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ചേർത്ത് ഖത്തറിനെ ഒരു ഗോൾ ലീഡിലെത്തിച്ചു.

ഫൈനൽ മൽസരത്തിലെ ഹാട്രിക്കടക്കം എട്ട് ഗോളുകളുമായി ടൂർണമെന്റ് ടോപ്സ്കോററായ അക്രം ആഫീഫ്
ഫൈനൽ മൽസരത്തിലെ ഹാട്രിക്കടക്കം എട്ട് ഗോളുകളുമായി ടൂർണമെന്റ് ടോപ്സ്കോററായ അക്രം ആഫീഫ്

ആദ്യ പകുതിക്ക് ശേഷം മധ്യനിരയെ കൂടുതൽ മുന്നിലേക്ക് കൊണ്ട് വന്ന് ജോർദാൻ സമനിലക്ക് വേണ്ടി കിണഞ്ഞു ശ്രമിച്ചു. അൽ തമരിയെയും ഒൽവാനെയും കൂട്ടുപിടിച്ച് നയ്മത്ത് നിരന്തരം ഖത്തർ പ്രതിരോധം മുറിച്ച് കടന്നെങ്കിലും ഖത്തർ ഗോൾ കീപ്പർ വലയനങ്ങാതെ കാത്തു. അവസാനം വലത് വിങ്ങിൽ ഇഹ്സാൻ ഹദാദിൽ നിന്നെത്തിയ ഒരു ക്രോസിനെ നെഞ്ചിൽ ഏറ്റ് വാങ്ങി പ്രതിരോധ താരത്തിൽ നിന്നും മനോഹരമായി വെട്ടിയൊഴിഞ്ഞു നയ്മത്ത് തന്നെ പോസ്റ്റിലേക്ക് ലക്ഷ്യം പായിച്ച് 67- ആം മിനുട്ടിൽ ജോർദാന് സമനില നൽകി.

പക്ഷെ നയ്മത്ത് നൽകിയ ആവേശം ഗാലറിയിൽ അലയടിച്ചടങ്ങും മുമ്പെ മറ്റൊരു പെനാൽറ്റി കിക്കിലൂടെ 73- ആം മിനുട്ടിൽ അഫീഫ് തന്റെയും ഖത്തറിന്റെയും രണ്ടാം ഗോൾ നേടി. ഗോൾ തിരിച്ചടിക്കാനുള്ള ജോർദാന്റെ കൂട്ട ശ്രമത്തിനിടയിൽ വീണു കിട്ടിയ കൗണ്ടറിൽ നിന്ന് അഫീഫിന് ബോക്സിലേക്ക് വീണു കിട്ടിയ പന്ത് കൂടി വാർ രൂപത്തിൽ പെനാൽറ്റി കിക്കായതോടെ ഖത്തർ തങ്ങളുടെ മൂന്നാം ഗോളും ചേർത്തു. 7 കളിയിൽ നിന്നും 8 ഗോളും 3 അസിസ്റ്റുകളുമായി അക്രം അഫീഫ് എന്ന താരത്തിന്റെ ഉദയം കൂടിയായിരുന്നു ഇത്തവണത്തെ ഏഷ്യൻ കപ്പ്.

ഖത്തറിനെതിരെ ഫൈനലിൽ ഗോൾ നേടിയ ജോർദാന്റെ യസൻ-അൽ നയ്മത്ത്
ഖത്തറിനെതിരെ ഫൈനലിൽ ഗോൾ നേടിയ ജോർദാന്റെ യസൻ-അൽ നയ്മത്ത്

ജോർദാന് തലയുയർത്തി മടങ്ങാം

ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് ജോർദാനെത്തുന്നത്. ബഹ്‌റൈനോട്‌ ഗ്രൂപ്പ് ഘട്ടത്തിൽ തോൽക്കുക കൂടി ചെയ്ത ഫിഫ റാങ്കിങ്കിൽ 87- ആം സ്ഥാനത്തുള്ള ജോർദാൻ ഫിഫ റാങ്കിങ്കിൽ 23- ആം സ്ഥാനത്തുള്ള ഇത്തവണത്തെ കിരീട ഫേവറൈറ്റുകളായ, സൺ ഹ്യൂങ്-മിൻ പോലെയുള്ള പ്രീമിയർ ലീഗ് താരങ്ങളുള്ള സൗത്ത് കൊറിയയെ രണ്ട് ഗോളുകൾക്ക് സെമി ഫൈനലിൽ അട്ടിമറിച്ചാണ് ഫൈനൽ പോരാട്ടത്തിനെത്തിയത്.

2024 ഏഷ്യൻ കപ്പിന് മുന്നേ ഒരു ഏഷ്യൻ കപ്പ് നോക്കൌട്ട് മൽസരം പോലും ജയിക്കാത്ത ടീമായിരുന്നു ജോർദാൻ. ദോഹയിൽ ഏഷ്യൻ കപ്പിന് മുമ്പ് ജോർദാൻ കളിച്ചിരുന്ന ഒമ്പത് മൽസരങ്ങളിലും വിജയം നേടാനായിരുന്നില്ല. അതിൽ എട്ട് മൽസരങ്ങളിലും തോൽക്കുകയും ചെയ്തു. ആ ഒമ്പത് മൽസരങ്ങളിൽ നിന്നും 23 ഗോളുകൾ വഴങ്ങേണ്ടി വന്നപ്പോൾ അടിക്കാനായത് വെറും 6 ഗോളുകളായിരുന്നു.

ജോർദാൻ ടീം
ജോർദാൻ ടീം

എന്നാൽ ഖത്തറിൽ കാര്യങ്ങളെല്ലാം വ്യത്യസ്തതമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തീരുമെന്ന് സ്വന്തം ആരാധകർ പോലും കരുതിയ ജോർദാൻ കിരീടത്തിന്റെ തൊട്ടരികിലെത്തി. അവസാന മിനുട്ട് വരെ പോരാടി. ജോർദ്ദാന്റെ മൊറോക്കൻ കോച്ച് ഹുസൈൻ അമ്മൂത മൽസരത്തിന് ശേഷം പറഞ്ഞ പോലെ 2024 ഏഷ്യൻ കപ്പ് ജോർദാൻ ഫുട്ബോളിന്റെ പുതിയ തുടക്കമാകും. അൽ തമരിയും ഒൽവാനെയും നയ്മത്തും അതിന്റെ നിയോഗമാകും.

Related Stories

No stories found.
logo
The Cue
www.thecue.in