ഒളിമ്പിക്‌സില്‍ ശ്രീജേഷിന് വേണ്ടി ഇന്ത്യ മെഡല്‍ നേടും; ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്

ഒളിമ്പിക്‌സില്‍ ശ്രീജേഷിന് വേണ്ടി ഇന്ത്യ മെഡല്‍ നേടും; ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്
Published on

പാരീസ് ഒളിമ്പിക്‌സ് വിരമിക്കുന്ന മലയാളി താരവും ഗോള്‍ കീപ്പറുമായ പി.ആര്‍.ശ്രീജേഷിന് വേണ്ടി സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്. ശ്രീജേഷിന് വേണ്ടി മെഡല്‍ നേടുകയാണ് ടീം ലക്ഷ്യം വെക്കുന്നതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം കുറിപ്പിലാണ് ഹര്‍മന്‍പ്രീത് ഇക്കാര്യം വ്യക്തമാക്കിയത്. ടീമിന് ശ്രീജേഷ് ഒരു പ്രചോദനമാണ്. 2016ലെ ജൂനിയര്‍ മെന്‍സ് ലോകകപ്പ് നേടുമ്പോള്‍ ശ്രീജേഷ് തങ്ങള്‍ക്ക് ഒരു മാര്‍ഗദര്‍ശിയായി നിലകൊണ്ടിരുന്നതായും ഹര്‍മന്‍പ്രീത് ഓര്‍മിക്കുന്നു. ശ്രീജേഷിന്റെ സാന്നിധ്യം തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ശ്രീജേഷിനു വേണ്ടി പാരീസിലെ പോഡിയത്തില്‍ ഒരിക്കല്‍ കൂടി തലയുയര്‍ത്തി നില്‍ക്കാന്‍ ടീം ആഗ്രഹിക്കുകയാണെന്നും ഹര്‍മന്‍പ്രീത് കുറിച്ചു.

ഹര്‍മന്‍പ്രീതിന്റെ വാക്കുകള്‍

പാരീസ് 2024 തീര്‍ച്ചയായും ഒരു സ്‌പെഷ്യല്‍ ടൂര്‍ണമെന്റായിരിക്കും. പി.ആര്‍.ശ്രീജേഷ് എന്ന ഇതിഹാസത്തിനു വേണ്ടി ഇത് ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം ഒരു പ്രചോദനമായിരുന്നു. 2016ലെ ജൂനിയര്‍ മെന്‍സ് ലോകകപ്പ് നേടാന്‍ അദ്ദേഹമാണ് വഴികാട്ടിയായത് ഓര്‍മിക്കുകയാണ്. രാജ്യാന്തര ഹോക്കിയില്‍ ഞങ്ങള്‍ പലരുടെയും കരിയറിന്റെ തുടക്കമായിരുന്നു അത്. ഇത്തവണ ശ്രീജേഷിന് വേണ്ടി ഞങ്ങള്‍ക്ക് വിജയിക്കണം. ഒരിക്കല്‍ കൂടി ആ പോഡിയത്തില്‍ നില്‍ക്കാന്‍ ഞങ്ങള്‍ പ്രചോദിതരാകുകയാണ്. ബഹുമാനം മച്ചാ...

പാരീസ് ഒളിമ്പിക്‌സിന് ശേഷം വിരമിക്കുകയാണെന്ന് ഗോള്‍ കീപ്പറും മുന്‍ ക്യാപ്റ്റനും കൂടിയായ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. ശ്രീജേഷിന്റെ വിരമിക്കല്‍ അവിസ്മരണീയമാക്കി മാറ്റാനാണ് ടീം ശ്രമിക്കുന്നത്. 2021ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വെങ്കലം നേടിയതിനു പിന്നില്‍ ശ്രീജേഷിന് വലിയ പങ്കുണ്ട്. ഇന്ത്യന്‍ ഹോക്കിയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായാണ് ശ്രീജേഷിനെ പരിഗണിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം ശ്രീജേഷ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in