പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യയുടെ വമ്പന്‍ ടീം ഒരുങ്ങി; പക്ഷേ ഗുസ്തിയില്‍ ഇത്തവണ എന്തു സംഭവിക്കും?

പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യയുടെ വമ്പന്‍ ടീം ഒരുങ്ങി; പക്ഷേ ഗുസ്തിയില്‍ ഇത്തവണ എന്തു സംഭവിക്കും?
Published on

പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യയുടെ ടീം സജ്ജമായിക്കഴിഞ്ഞു. 117 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ഹോക്കിയിലാണ് ഏറ്റവും നേട്ടമുണ്ടാക്കിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു മുന്‍പ് മുതല്‍ ഹോക്കിയില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് വളരെ മികച്ചതായിരുന്നു. വ്യക്തിഗത ഇനങ്ങളില്‍ ഗുസ്തിയിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ളത്. ഏഴ് മെഡലുകള്‍ ഇന്ത്യയുടേതായി കുറിക്കപ്പെട്ടിട്ടുണ്ട്. 2021ലെ ടോക്യോ ഒളിമ്പിക്‌സില്‍ രവി കുമാര്‍ ദഹിയ നേടിയ വെള്ളിയും ബജ്‌റംഗ് പൂനിയ നേടിയ വെങ്കലവും സ്വര്‍ണ്ണത്തിളക്കമുള്ളവയായിരുന്നു. 2008 മുതല്‍ ശേഷം ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ഒളിമ്പിക് മെഡലുകള്‍ നേടുന്നുണ്ട്. പക്ഷേ, ഇത്തവണ പാരീസ് ഒളിമ്പിക്‌സില്‍ അത്ര സുഖകരമല്ല കാര്യങ്ങള്‍.

അമന്‍ ഷെരാവത്ത് മാത്രമാണ് പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ടോക്യോയില്‍ വെള്ളി നേടിയ രവി കുമാറിനെ മലര്‍ത്തിയടിച്ച് ഒളിമ്പിക്‌സ് യോഗ്യത നേടിയ അമന്‍ ഷെരാവത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. 2023ലെ ഏഷ്യന്‍ ചാമ്പ്യനും 2022ലെ അണ്ടര്‍ 23 ലോകചാംപ്യനുമാണ് ഷെരാവത്ത്. വിനേഷ് ഫോഗട്ട്, അന്റിം പംഗല്‍, അന്‍ശു മാലിക്, നിഷ ദഹിയ, രീതിക ഹൂഡ എന്നിവരാണ് വനിതാ സ്‌ക്വാഡ്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷ് ഫോഗട്ട് പക്ഷേ, സീഡ് ചെയ്യപ്പെട്ടിട്ടില്ല. ആന്റിം പംഗല്‍ സീഡ് ചെയ്യപ്പെട്ടിട്ടുണ്ട്. താരങ്ങള്‍ക്ക് അടുത്തകാലത്തുണ്ടായ പരിക്കുകളും ഒളിമ്പിക്‌സിനു മുന്‍പ് പങ്കെടുത്ത മത്സരങ്ങളുടെ എണ്ണം കുറഞ്ഞതും മറ്റും വെല്ലുവിളികളായി അവശേഷിക്കുന്നു.

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും താരങ്ങളുടെ പ്രതിഷേധ സമരവുമെല്ലാം ഇത്തവണ ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചേക്കും. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ തലവനും ബിജെപി നേതാവുമായിരുന്ന ബ്രിജ് ഭൂഷണ്‍ സിംഗ് ശരണെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് സമയത്ത് നടത്താത്തതിനെത്തുടര്‍ന്ന് യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് ഇന്ത്യയുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. താരങ്ങള്‍ക്ക് ഇതിലൂടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in