സച്ചിന്‍ മുതല്‍ റൊണാള്‍ഡീഞ്ഞോ വരെ; ദശാബ്ദത്തില്‍ കായികലോകം കണ്ട ഹൃദയഭേദകമായ വിരമിക്കലുകള്‍
ഒരുപാട് ഇതിഹാസ താരങ്ങളാണ് ഈ ദശാബ്ദത്തിൽ കായിക ലോകത്ത് നിന്നും പിൻവാങ്ങിയത്. 24 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ട് സച്ചിനും നീന്തൽ കുളത്തിലെ രാജകുമാരൻ മൈക്കൽ ഫെൽപ്‌സും വേഗക്കാരൻ ഉസൈൻ ബോൾട്ടും ആരാധകരെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ പത്ത് വർഷം കളിക്കളത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസങ്ങൾ ഇവരൊക്കെയാണ്:
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച് 24 വര്‍ഷ കാലം ഇന്ത്യന്‍ ജനതയുടെ ക്രിക്കറ്റ് പ്രതീക്ഷകളെ തോളിലേറ്റിയ സച്ചിന്റെ വിരമിക്കലോടെ കളി കാണല്‍ നിര്‍ത്തിയ ആരാധകരുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വിടവാങ്ങിയത്. 2011 ഏപ്രില്‍ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ തനിക്ക് കിട്ടാക്കനിയായിരുന്ന ലോക കിരീടവും ധോണിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീം സച്ചിന് നേടിക്കൊടുത്തു. 2012ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ സച്ചിന്‍ 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി.
കരിയര്‍ അവസാനിക്കുമ്പോള്‍ 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 51 സെഞ്ചുറികളും ഏകദിനത്തില്‍ 49 സെഞ്ചുറികളും നേടി. 2013 നവംബര്‍ 16ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നിറകണ്ണുകളോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയത്. വികാരനിര്‍ഭരമായ സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന, സച്ചിനെ സ്‌നേഹിക്കുന്ന ആര്‍ക്കും മറക്കാനാവില്ല. ഇപ്പോഴും ഏത് സ്റ്റേഡിയത്തില്‍ ലിറ്റില്‍ മാസ്റ്ററെ കണ്ടാലും സച്ചിന്‍...സച്ചിന്‍... വിളി മുഴങ്ങും.
മുത്തയ്യ മുരളീധരന്‍
വിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ വിടവാങ്ങിയത് 2011 ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ശേഷമാണ്. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നറായ മുരളീധരനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. ടെസ്റ്റില്‍ 800 വിക്കറ്റും ഏകദിനത്തില്‍ 534 വിക്കറ്റുകളുമാണ് മുരളി വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം(67) ആഘോഷിച്ചതും ഈ 'നിഗൂഢ' സ്പിന്നറാണ്. അര്‍ജുന്‍ രണതുംഗെയുടെ നേതൃത്വത്തില്‍ 1996 ലോകകപ്പ് നേടിയ ലങ്കന്‍ ടീമില്‍ മുത്തയ്യ നിര്‍ണായക സാന്നിധ്യമായിരുന്നു. 19 വര്‍ഷം നീണ്ട കരിയര്‍ ലോക കിരീടം നേടി അവസാനിപ്പിക്കണമെന്ന മുരളിയുടെ മോഹം നടന്നില്ല. ഒട്ടേറെ ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്നമായ മുരളീധരന്‍ തലയുയര്‍ത്തി തന്നെയാണ് കളിക്കളം വിട്ടത്.
മൈക്കല്‍ ഫെല്‍പ്സ്
അഞ്ച് ഒളിംപിക്‌സുകളില്‍ ആധിപത്യം പുലര്‍ത്തിയ നീന്തല്‍ താരമാണ് മൈക്കല്‍ ഫെല്‍പ്സ്. ഒളിംപിക്‌സില്‍ യോഗ്യത നേടുക എന്നത് തന്നെ ഒരു കായികാഭ്യാസിക്ക് കഠിനമാണ്. ഫൈനലുകളില്‍ എത്തുകയെന്നത് അതിലും ദുഷ്‌കരമാണ്. മെഡല്‍ ജേതാവാവുകയെന്നതും മറ്റൊരു ശക്തമായ വെല്ലുവിളിയാണ്. അവിടെയാണ് അഞ്ച് ഒളിമ്പിക്‌സുകളില്‍ നിന്ന് 28 മെഡലുകള്‍ നേടിയ ഫെല്‍പ്‌സ് ഇതിഹാസമാകുന്നത്. ഒളിമ്പിക്‌സില്‍ പങ്കെടുത്ത 110 രാജ്യങ്ങള്‍ സ്വന്തമാക്കിയ മെഡലുകളേക്കാള്‍ കൂടുതലാണിത്.
23 സ്വര്‍ണ്ണ മെഡലുകളാണ് ഫെല്‍പ്സ് ആകെ കരസ്ഥമാക്കിയത്. അതില്‍ പതിമൂന്നെണ്ണം വ്യക്തിഗത നേട്ടങ്ങള്‍. ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന മെഡല്‍ ജേതാവാണ് ഈ 'സൂപ്പര്‍മാന്‍'. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ 8 സ്വര്‍ണ്ണ മെഡലുകളാണ് താരം നീന്തിയെടുത്തത്. 2016ല്‍ റിയോയിലെ നീന്തല്‍ കുളത്തില്‍ വെച്ച് ഫെല്‍പ്‌സ് നീന്തല്‍ മത്സരം അവസാനിപ്പിച്ചു. തന്റെ ശോഭനമായ കരിയറില്‍ 39 ലോക റെക്കോഡുകളാണ് 'ഫ്‌ളയിങ് ഫിഷ്' കുറിച്ചത്. കായിക ലോകം കണ്ട മഹത്തായ അത്ലറ്റുകളില്‍ ഒരാളാണ് ഫെല്‍പ്സ് എന്നതില്‍ സംശയമില്ല.
ഉസൈന്‍ ബോള്‍ട്ട്
വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങലിനും ഈ ദശാബ്ദം സാക്ഷിയായി. ട്രാക്കില്‍ ബോള്‍ട്ട് കുറിച്ച റെക്കോഡുകള്‍ക്ക് ഇപ്പോഴും എതിരാളികളില്ല. എട്ട് സ്വര്‍ണ്ണ മെഡലുകളാണ് മൂന്ന് ഒളിമ്പിക്‌സുകളില്‍ നിന്നായി ബോള്‍ട്ട് കരസ്ഥമാക്കിയത്. 100 മീറ്ററിലും 200 മീറ്ററിലും തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്‌സുകളില്‍ സ്വര്‍ണ്ണ ജേതാവായ ഏകതാരവും ഈ ജമൈക്കക്കാരനാണ്.
ലോക ചാംപ്യന്‍ഷിപ്പുകളിലും ബോള്‍ട്ട് ആധിപത്യം തുടര്‍ന്നു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ നാല് തവണ വിജയിയായ ഒരേയൊരു താരവും ബോള്‍ട്ട് തന്നെ. ഏറ്റവും വേഗത്തില്‍ 100, 200 മീറ്ററുകള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡും ജമൈക്കന്‍ താരത്തിന്റെ പേരിലാണ്. 2017ലെ ലോക ചാംപ്യന്‍ഷിപ്പിന് ശേഷമാണ് സ്പ്രിന്റ് ഇതിഹാസം വിരമിച്ചത്. ശേഷം ഫുട്‌ബോളില്‍ ഒരു കൈ നോക്കിയ ബോള്‍ട്ട് ഓസ്ട്രേലിയയുടെ എ ലീഗ് ടീമായ സെന്‍ട്രല്‍ കോസ്‌റ് മറൈനേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടി. 2019 ജനുവരിയില്‍ തന്റെ ഫുട്‌ബോള്‍ കരിയറിനും ബോള്‍ട്ട് വിരാമമിട്ടു.
മൈക്കൽ ഷൂമാക്കർ
ഏഴുതവണ ഫോര്‍മുല വണ്‍ ലോകകിരീടം കൈക്കലാക്കിയാണ് ഷുമാക്കര്‍ ചരിത്രം കുറിച്ചത്. കൂടുതല്‍ ഗ്രാന്‍ഡ്പ്രി വിജയങ്ങള്‍, അതിവേഗ ലാപ്പുകള്‍, ഒരു സീസണില്‍ ഏറ്റവുമധികം റെയ്‌സുകള്‍ വിജയിച്ച താരം അങ്ങനെ റെക്കോഡുകള്‍ കൊണ്ട് സമ്പന്നമാണ് ഷൂമാക്കറിന്റെ കരിയര്‍. ഫോര്‍മുല വണ്‍ ചരിത്രത്തില്‍ ഷൂമാക്കറിനെക്കാള്‍ മികച്ച ഒരു താരം ഇതുവരെ ഉണ്ടായിട്ടില്ല.
1991ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷുമാക്കറുടെ അരങ്ങേറ്റം. 1994ലും 1995ലും ബെന്നട്ടണില്‍ ഫോര്‍മുല വണ്‍ കിരീടം നേടി. പിന്നീട് 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ചുതവണ ഫെറാരിയില്‍ ലോകചാമ്പ്യനായി. 2006ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തിരിച്ചു വരവ് നടത്തി. 2012ലെ യൂറോപ്യന്‍ ജിപിക്ക് ശേഷം കരിയര്‍ അവസാനിപ്പിച്ചു. 2013 ഡിസംബര്‍ 29 നാണ് ജര്‍മ്മന്‍ താരത്തിന്റെ ജീവിതത്തെ കരിനിഴലിലാക്കിയ അപകടം സംഭവിച്ചത്. സാഹസികപ്രിയനായ ഷൂമാക്കര്‍ സ്‌കീയിങിനിടെ പാറക്കെട്ടില്‍ തലയിടിച്ച് അബോധാവസ്ഥയിലായ വാര്‍ത്ത ഞെട്ടലോടെയാണ് കായിക പ്രേമികള്‍ കേട്ടത്. ഒരു ദിനം ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.
ആന്ദ്രേ ഇനിയേസ്റ്റ
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ ആന്ദ്രേ ഇനിയേസ്റ്റയുടെ വിടവാങ്ങലിനും ഈ ദശാബ്ദം സാക്ഷ്യം വഹിച്ചു. 2018ലെ ലോകകപ്പിന് ശേഷമാണ് ഇനിയേസ്റ്റ സ്പാനിഷ് ജേഴ്‌സി ഊരിയത്. സ്‌പെയിനിനു വേണ്ടി 131 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 13 ഗോളുകള്‍ വലയിലാക്കി. 2006ലായിരുന്നു ദേശീയ ടീമിലേക്കുള്ള ഇനിയേസ്റ്റയുടെ അരങ്ങേറ്റം.
ലോകത്തിലെ ഏതു പ്രതിരോധ നിരയെയും തകര്‍ക്കാന്‍ പോന്ന തന്ത്രമികവുള്ള കളിക്കാരനായാണ് ആന്ദ്രേ ഇനിയേസ്റ്റയെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. സാങ്കേതികമികവും പന്തിലുള്ള നിയന്ത്രണവും നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് മികച്ച പാസിങ്ങിലൂടെ പ്രതിരോധ നിരയെ മറികടന്ന് മുന്നേറാനുള്ള ഭാവനയും അദ്ദേഹത്തിന് മിഡ് ഫീല്‍ഡ് ജനറല്‍ എന്ന വിശേഷണം നേടിക്കൊടുത്തു. 2010ല്‍ സ്‌പെയിനിനെ ലോകകപ്പ് കിരീട ജേതാക്കളാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ഇനിയേസ്റ്റ. ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ഇനിയേസ്റ്റ നേടിയ ഗോളിലാണ് സ്‌പെയിന്‍ കപ്പുയര്‍ത്തിയത്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്സ ടീമിന്റെ നെടുന്തൂണായിരുന്നു ഈ സ്‌പെയിന്‍ ഇതിഹാസം. ബാഴ്സയ്ക്ക് വേണ്ടി 442 മത്സരങ്ങളില്‍ നിന്നും 35 ഗോളുകളും 'ഡോണ്‍' നേടി.
സ്‌പെയിനിന്റെ മറ്റൊരു മധ്യനിര മാന്ത്രികന്‍ ചാവിയും ബൂട്ടഴിച്ചത് ഈ ദശാബ്ദത്തിലാണ്. സ്‌പെയിനിനു വേണ്ടി 133 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ചാവി 13 ഗോളുകള്‍ സ്വന്തമാക്കി. സ്‌പെയിനിന്റെ സുവര്‍ണ്ണ കാലത്ത് ടീമിന്റെ നട്ടെല്ലായിരുന്നു ചാവിയും ഇനിയേസ്റ്റയും. ആ കൂട്ടുകെട്ട് ബാഴ്സയിലും പിന്തുടര്‍ന്നു. 767 കളികളില്‍ ബാഴ്സ കുപ്പായമണിഞ്ഞ ചാവി 85 തവണ വല കുലുക്കി. 2014 ലോകകപ്പിന് ശേഷമാണ് ചാവി അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസാനിപ്പിച്ചത്.
രാഹുല്‍ ദ്രാവിഡ്
ലോക ക്രിക്കറ്റില്‍ ഒരുപാട് മികച്ച ബാറ്റ്സ്മാന്‍മാര്‍ പിറവിയെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ 'ആഘോഷിക്കപ്പെടാതെ' പോയ പേരാണ് രാഹുല്‍ ദ്രാവിഡിന്റേത്. ഒരുകാലത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ അലട്ടിയ അസന്തുലിതാവസ്ഥയുടെ പരിഹാരം. മുന്‍ നിര തകരുമ്പോള്‍ ഒരറ്റം കാത്ത് ഇന്ത്യയെ പിടിച്ചു നിര്‍ത്തുന്ന വന്‍മതില്‍. വസീം അക്രത്തിന്റെയും ഷൊയബ് അക്തറിന്റെയും ബ്രെറ്റ് ലീയുടെയും അതിവേഗ പന്തുകളെ തെല്ലും ഭയക്കാതെ പ്രതിരോധിച്ച് ടീമിനെ സംരക്ഷിച്ചിരുന്ന ദ്രാവിഡിന്റെ വിരമിക്കലും ഈ ദശാബ്ദം കണ്ടു.
തൊണ്ണൂറുകളില്‍ സച്ചിന്റെ പിന്‍ബലത്തില്‍ മുന്നോട്ടുപോയിരുന്ന ഇന്ത്യന്‍ ടീമിനെ പിടിച്ചു നിര്‍ത്തിയത് ദ്രാവിഡിന്റെ സ്ഥിരതയായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച കാലത്ത് ഇന്ത്യക്കൊരു വിക്കറ്റ് കീപ്പറില്ലാത്തതിനാല്‍ ആ ഭാരവും അദ്ദേഹം തോളിലേറ്റി അദ്ദേഹം. വിദേശ പിച്ചുകളില്‍ കാലിടറിയിരുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നേര്‍ വിപരീതമായിരുന്നു 'മിസ്റ്റര്‍ ഡിപെന്‍ഡബിള്‍'. 2011ല്‍ ഇംഗ്ലണ്ടിനെതിരെ നാണംകെട്ട പരമ്പര തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയുടെ ഏക ആശ്വാസം ദ്രാവിഡിന്റെ ബാറ്റിങ്ങായിരുന്നു. മൂന്ന് സെഞ്ചുറികളാണ് തന്റെ 38-ാം വയസ്സില്‍ ഇന്ത്യയുടെ വന്മതില്‍ നേടിയത്. അതിന് ശേഷം നടന്ന ഏകദിന, ടി 20 പരമ്പരകളില്‍ കളിച്ച് പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി.
2011-12ലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ദ്രാവിഡ് പാഡഴിച്ചു. ടെസ്റ്റില്‍ 164 മത്സരങ്ങളില്‍ നിന്നും 13,288 റണ്‍സും 344 ഏകദിനങ്ങളില്‍ നിന്നും 10,889 റണ്‍സുമാണ് ദ്രാവിഡിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്രീസില്‍ ഏറ്റവുമധികം സമയം ചിലവഴിച്ച താരം, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത താരം, എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി നേടിയ ആദ്യ താരം എന്നീ റെക്കോഡുകള്‍ സ്വന്തം പേരിലാക്കി. വിരമിച്ചതിന് ശേഷം ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകനായി. 2018ല്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ടീം കപ്പുയര്‍ത്തി. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവര്‍ത്തിക്കുന്നു. തന്റെ വര്‍ണ്ണാഭമായ കളിജീവിതത്തില്‍ ഒരു ലോക കിരീടത്തിന്റെ അഭാവം മാത്രമേ ദ്രാവിഡിനുള്ളൂ.
യുവരാജ് സിംഗ്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളും പോരാട്ടവീര്യത്തിന്റെ പ്രതിരൂപവുമായിരുന്നു യുവരാജ് സിങ്. ഇന്ത്യയെ രണ്ട് ലോകകിരീടത്തിലേക്ക് നയിച്ച യുവരാജിന് കാന്‍സര്‍ രോഗം പിടികൂടിയത് ആരാധകരേയും ആശങ്കയിലാഴ്ത്തി. രോഗത്തെ അതിജീവിച്ച് തിരിച്ചുവന്നെങ്കിലും തന്റെ പഴയ ഫോം നിലനിര്‍ത്താന്‍ യുവിക്കായില്ല. ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. 2015, 2019 ലോകകപ്പുകള്‍ കളിക്കാനും യുവരാജിന് കഴിഞ്ഞില്ല.
2000ത്തില്‍ ടീമിലേക്ക് കടന്നു വന്ന യുവരാജ് സിംഗ് പിന്നീട് ഇന്ത്യന്‍ പതിനൊന്നിലെ സ്ഥിരസാന്നിധ്യമായിരുന്നു. യുവരാജ് - ധോണി മധ്യനിര കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വിജയങ്ങള്‍ സമ്മാനിച്ചു. 2007 ടി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവി ഒരോവറില്‍ നേടിയ ആറ് സിക്സറുകള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടി ടൂര്‍ണമെന്റിന്റെ താരമായി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ യുവി കാഴ്ചവച്ച മികവ് പക്ഷെ ടെസ്റ്റില്‍ നിലനിര്‍ത്താനായില്ല. 40 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് യുവി ആകെ കളിച്ചത്. 1900 റണ്‍സും ഒന്‍പത് വിക്കറ്റുകളും സ്വന്തമാക്കി. 304 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 8701 റണ്‍സ് നേടി.111 വിക്കറ്റുകളും വീഴ്ത്തി. കുട്ടിക്രിക്കറ്റില്‍ 58 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റുകളും നേടി. 2019 ലോകകപ്പിന് തൊട്ട് മുന്‍പായിരുന്നു യുവിയുടെ വിടവാങ്ങല്‍. പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഓരോ മനുഷ്യര്‍ക്കും പ്രചോദനമാണ് യുവരാജിന്റെ കരിയര്‍.
ജാക്ക്വസ് കാലിസ്
കരിയര്‍ റെക്കോഡുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് ദക്ഷിണാഫ്രിക്കയുടെ ജാക്ക്വസ് കാലിസ്. കപ്പെടുത്തില്ലെങ്കിലും ലോകക്രിക്കറ്റ് വാണ സൗത്ത് ആഫ്രിക്കന്‍ സുവര്‍ണ തലമുറയിലെ നിര്‍ണായക സാന്നിധ്യം. ക്രിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകളില്‍ പതിനായിരത്തിന് മേലെ റണ്‍സും 250തിലധികം വിക്കറ്റുകളും നേടിയ ഒരേയൊരു താരം. 19 വര്‍ഷകാലം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ എല്ലാമായിരുന്നു കാലിസ്.
1995ലായിരുന്നു കാലിസിന്റെ അരങ്ങേറ്റം. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ കാലിസ് മികവ് പുലര്‍ത്തി. ഗ്രെയാം സ്മിത്തിന്റെ നേതൃത്വത്തില്‍ ഒരുകാലത്ത് ദക്ഷിണാഫ്രിക്കന്‍ ടീം ടെസ്റ്റില്‍ കാഴ്ചവച്ച ആധിപത്യത്തിന് ചുക്കാന്‍ പിടിച്ചത് കാലിസാണ്. ക്രീസിലുറച്ച് കഴിഞ്ഞാല്‍ കാലിസിനെ പോലെ അപകടകാരിയായ ഒരു ബാറ്റ്‌സ്മാന്‍ ലോകത്തില്ല. കുറേ കാലം ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ താങ്ങിനിര്‍ത്തിയത് കാലിസിന്റെ സാന്നിധ്യമാണ്.
ടെസ്റ്റില്‍ 166 മത്സരങ്ങളില്‍ പാഡ് കെട്ടിയ കാലിസ് 13,289 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 292 വിക്കറ്റുകളും വീഴ്ത്തി. 45 സെഞ്ചുറികളുമായി സച്ചിന്റെ തൊട്ട് പിന്നിലാണ് കാലിസ്. ടെസ്റ്റിലെ ഉയര്‍ന്ന റണ്‍സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്തും. ഏകദിനത്തില്‍ 328 മത്സരങ്ങളില്‍ നിന്നും 11,579 റണ്‍സും 273 വിക്കറ്റുകളുമാണ് കാലിസിന്റെ സമ്പാദ്യം. ടി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 25 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 666 റണ്‍സും 12 വിക്കറ്റുകളും കരസ്ഥമാക്കി.
റൊണാള്‍ഡീഞ്ഞോ
ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ വിരമിച്ചത് 2018ലാണ്. ആരാധകരെ അമ്പരിപ്പിച്ച നീളന്‍ മുടിക്കാരന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പക്ഷെ കഴിഞ്ഞ ദശാബ്ദത്തിലായിരുന്നു. ഈ ദശാബ്ദത്തില്‍ നടന്ന മൂന്ന് ലോകകപ്പിലും റൊണാള്‍ഡീഞ്ഞോയ്ക്ക് സ്ഥാനം പിടിക്കാനായില്ല. വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് ദിനോയ്ക്ക് മഞ്ഞക്കുപ്പായം അണിയാന്‍ സാധിച്ചത്.
2002 ലോകകപ്പിലാണ് റൊണാള്‍ഡീഞ്ഞോ വരവറിയിച്ചത്. ഡീഞ്ഞോ എന്ന 'വണ്ടര്‍ കിഡിനെ' ശേഷം യൂറോപ്യന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടു തുടങ്ങി. 2001ല്‍ പിഎസ്ജിയുടെ താരമായിരുന്ന ബ്രസീല്‍ താരം ലോകകപ്പിന് ശേഷം ബാഴ്സലോണയുടെ തട്ടകത്തിലെത്തി. അഞ്ചു വര്‍ഷം ബാഴ്സയുടെ ജഴ്സിയില്‍ പന്തുതട്ടിയ ദിനോ രണ്ട് ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും നേടി. 2005ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡീഞ്ഞോയെ തേടിയെത്തി. പെപ് ഗാര്‍ഡിയോള ബാഴ്സയുടെ പരിശീലകനായെത്തിയതോടെ റൊണാള്‍ഡീഞ്ഞോയെ ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന് കൈമാറുകയായിരുന്നു.
'ഫുട്‌ബോള്‍ മജീഷ്യന്റെ' ബാക്ക് ഹീലുകളും റെയിന്‍ബോ ഫ്‌ലിക്കുകളും ഫ്രീകിക്കുകളും ഫുട്‌ബോള്‍ പ്രേമികളുടെ മനസ് കവര്‍ന്നു. ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമില്ലാത്ത ലോക ഫുട്‌ബോളിലെ പല നേട്ടങ്ങളും റൊണാള്‍ഡീഞ്ഞോയ്ക്കുണ്ട്. രാജ്യാന്തര ഫുട്‌ബോളില്‍ ലോകകപ്പ്, കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍സ് കപ്പ്, ക്ലബ്ബ് ഫുട്‌ബോളില്‍ യുവേഫ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, സീരി എ, കോപ്പ ലിബര്‍ട്ടഡോറസ് അങ്ങനെ നീളുന്നു. 2000ന്റെ ആദ്യ പതിറ്റാണ്ടില്‍ ഇത്ര മനോഹരമായി ഫുട്‌ബോള്‍ കളിച്ച മറ്റൊരു താരം വേറെയുണ്ടോയെന്ന് ദിനോ ആരാധകര്‍ ചോദിക്കുന്നു. ബ്രസീലിന് വേണ്ടി 97 മത്സരങ്ങളില്‍ നിന്നും 33 ഗോളുകളാണ് റൊണാള്‍ഡീഞ്ഞോ നേടിയത്. ബാഴ്‌സയ്ക്കായി 145 കളികളില്‍ ബൂട്ട് കെട്ടിയ താരം 70 തവണ വല കുലുക്കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം’