‘എന്നോട് വായടയ്ക്കാന്‍ പറഞ്ഞു’; മെസ്സിക്ക് മഞ്ഞകാര്‍ഡ് കിട്ടണമായിരുന്നെന്ന് ബ്രസീല്‍ പരിശീലകന്‍
അര്‍ജന്റീനയുമായുള്ള സൗഹൃദമത്സരത്തിനു ശേഷം മെസ്സിക്കെതിരെ പരാതിയുമായി ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. മത്സരത്തിനിടെ മെസ്സി തന്നോട് വായടയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് ടിറ്റെ പറഞ്ഞു. മെസ്സി ചെയ്ത ഫൗളിന് മഞ്ഞ കാര്‍ഡ് നല്‍കാന്‍ ഞാന്‍ റഫറിയോട് പരാതിപ്പെട്ടു. അത് കണ്ട് മെസ്സി എന്നോട് വായടയ്ക്കാന്‍ പറഞ്ഞു. താന്‍ തിരിച്ചും അത് തന്നെ പറഞ്ഞെന്നും ടിറ്റെ പ്രതികരിച്ചു.
ഭയമില്ലാത്ത റഫറിയെയാണ് മത്സരത്തില്‍ വേണ്ടത്. മെസ്സിക്ക് തീര്‍ച്ചയായും മഞ്ഞ കാര്‍ഡ് കാണിക്കേണ്ടിയിരുന്നു. പരാതി പറയാന്‍ എനിക്ക് അവകാശമുണ്ട്.
ടിറ്റെ
സൗദി അറേബ്യായിലെ റിയാദില്‍ നടന്ന മത്സരത്തില്‍ മൂന്ന് മാസ വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മെസ്സിയുടെ ഗോളിലാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ക്രമക്കേടും പക്ഷപാതിത്വവും ഉണ്ടെന്ന് ആരോപിച്ചതിനാലാണ് മെസ്സിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നുമാണ് മെസ്സി സ്‌കോര്‍ ചെയ്തത്. ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ തടഞ്ഞിട്ടെങ്കിലും റീബൗണ്ടിലൂടെ മെസ്സി ലക്ഷ്യം കണ്ടു. ബ്രസീലിന് കിട്ടിയ പെനാല്‍റ്റി ഗബ്രിയേല്‍ ജിസ്യൂസ് പാഴാക്കുകയും ചെയ്തു. നെയ്മറുടെ അഭാവവും ബ്രസീലിന് തിരിച്ചടിയായി. കോപ്പ അമേരിക്കയില്‍ കാനറികളോട് തോറ്റ് പുറത്തായതിന് മധുരപ്രതികാരമായി അര്‍ജന്റീനയുടെ വിജയം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ബ്രസീലിന് വിജയം കാണാനായിട്ടില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം