കാറ്റലോണിയന്‍ പ്രക്ഷോഭം; എല്‍ ക്ലാസിക്കോ മാറ്റിവെച്ചു
കാറ്റലോണിയന്‍ പ്രക്ഷോഭത്തേത്തുടര്‍ന്ന് ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് മത്സരം മാറ്റിവെച്ചു. ഒക്ടോബര്‍ 26ന് നടത്താനിരുന്ന എല്‍ ക്ലാസിക്കോയാണ് ബാഴ്‌സലോണയില്‍ പ്രതിഷേധം തുടരുന്നതിനേത്തുടര്‍ന്ന് നീട്ടിവെച്ചത്. മത്സരം നടത്താനിരുന്ന ബാഴ്‌സലോണയിലെ തെരുവുകള്‍ നാല് ദിവസമായി സംഘര്‍ഷ ഭൂമിയാണ്. പ്രക്ഷോഭക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതും മത്സരദിവസം പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ച റാലിയുമാണ് തീയതി നീട്ടിവെയ്ക്കാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ പ്രേരിപ്പിച്ചത്. പുനര്‍നിശ്ചയിക്കാന്‍ പരിഗണിച്ച ഡിസംബര്‍ 16 എന്ന തീയതി സ്വീകാര്യമല്ലെന്ന് ലാലിഗ അറിയിച്ചു. മത്സരം ഡിസംബര്‍ ഏഴിന് നടത്തുമെന്നാണ് കണക്കുകൂട്ടലുകള്‍.
തിങ്കളാഴ്ച്ച സ്പാനിഷ് സുപ്രീം കോടതി കാറ്റലോണിയന്‍ സ്വാതന്ത്ര്യനായകര്‍ക്ക് 13 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിരുന്നു. സ്വയം ഭരണപ്രദേശമായ കാറ്റലോണിയയെ മോചിപ്പിച്ച് സ്വതന്ത്രരാജ്യമാക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. 2017ല്‍ നടത്തിയ ഹിതപരിശോധനയുടെ പേരിലാണ് മുന്‍ ജനപ്രതിനിധികള്‍ക്ക് ഒമ്പതു മുതല്‍ 13 വര്‍ഷം വരെ തടവ് വിധിച്ചിരിക്കുന്നത്. കറ്റാലന്‍ മുന്‍ വൈസ് പ്രസിഡന്റ് ഓറിയോള്‍ യുന്‍ക്വെറാസിനെ 13 വര്‍ഷത്തേക്ക് ശിക്ഷിച്ചു. കാറ്റലോണിയന്‍ സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന മൂന്ന് പേര്‍ക്ക് 12 വര്‍ഷത്തേക്കാണ് ശിക്ഷ. വിധി വാര്‍ത്ത വന്നതിന് പിന്നാലെ തെരുവുകളിലേക്ക് ജനം ഒഴുകിയെത്തി. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും ഇനിയും ഹിതപരിശോധന നടത്തുമെന്നും പ്രക്ഷോഭകര്‍ ആവര്‍ത്തിക്കുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം