മിശിഹയും മാലാഖയും പുഞ്ചിരിച്ച രാവിൽ
'കഴിയുമീ രാവെനിക്കേറ്റവും ആഹ്ലാദഭരിതമായ വരികൾ കുറിക്കുവാൻ' എന്ന് വിശ്വമഹാകവി പാബ്ലോ നെരൂദയ്ക്ക് ഒരു തിരുത്തുവരുത്തട്ടെ ഞാനീ നിമിഷത്തിൽ. ഹൃദയമിടിപ്പ് നിശ്ചലമായിപ്പോകുമെന്ന് തോന്നിച്ച രണ്ട് മണിക്കൂറിനൊടുവിൽ മിശിഹയും മാലാഖയും ഒരുമിച്ച് ചിരിച്ച ഈ രാത്രി എങ്ങനെ ആഹ്ലാദഭരിതമാകാതിരിക്കും?
എന്തൊരു ഫൈനലായിരുന്നു ഇന്നത്തേത്? കാൽപന്തിന്റെ സകലസൗന്ദര്യവും നാടകീയതയും നിറഞ്ഞ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ ഓരോ മാത്രയും ഭൂമിയിലെ കളിപ്രേമികളെയാകെ തറച്ചുനിർത്തിയ ഒരു കാൽപനിക ഫൈനൽ. ഇന്ന് അർജന്റീനയുടെ ജയമല്ലാതെ മറിച്ചൊന്ന് എങ്ങനെ സംഭവിക്കാനാണ്. മെസി ഓരോ ചുവടും മുന്നിൽ നിന്നു നയിച്ച ലോകകപ്പിൽ മെസിയോളം മറ്റേത് താരത്തിനാണ് അർഹത? ആദ്യ പെനാൽട്ടി ഗോൾ. രണ്ടാമത്തെ ഡിമരിയയുടെ ഗോളിലും തന്റെ കാൽസ്പർശം. വീണ്ടും മൂന്നാമത്തെ നിർണായകമായ വിസ്മയ ഗോൾ. ഒടുവിൽ ഷൂട്ടൗട്ടിൽ ആദ്യ കിക്ക് ഗോളിലേക്ക് തൊടുത്ത് മുന്നിൽ നിന്നുള്ള നായകത്വം. ഈ മനുഷ്യനു വേണ്ടി അർജന്റീനക്കായി കളത്തിലിറങ്ങിയ ഓരോ കളിക്കാരനും പന്തുതട്ടിയത് കാലുകൊണ്ട് മാത്രമായിരുന്നില്ല. കാലിൽ കൊരുത്ത ഹൃദയം കൊണ്ടായിരുന്നു. ചോര തുടിച്ച ഹൃദയവുമായി ജയിക്കാനുള്ള തീവ്രാഭിലാഷവുമായാണ് അവർ കളിച്ചത്. ആ തീവ്രാഭിലാഷം ഒടുവിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.
ഈ കുറിപ്പ് നിർത്തും മുൻപ് മൂന്നുപേരെക്കുറിച്ച് പറയാതെ വയ്യ. ഫ്രാൻസിന്റെ അവിശ്വസിനീയമായ തിരിച്ചുവരവിനായി ചാട്ടുളിപോലെ തിരിച്ചടിച്ച കിലിയൻ എംബാപ്പെ എന്ന കിടയറ്റ താരം. അക്ഷോഭ്യനായി, അചഞ്ചലനായി, നിലയ്ക്കാത്ത ഊർജസ്രോതസായി, മാരക സംഹാരഭാവത്തോടെ എംബാപ്പെ അർജന്റീനയെ ഹൃദയസ്തംഭനത്തിന്റെ വക്കോളമെത്തിച്ചു. എന്തൊരു പോരാട്ടവീര്യം! മെസി വിടവാങ്ങുന്ന ഈ രാത്രിയിൽ ഇനിയുള്ള നാളുകളിൽ ലോകഫുട്ബോളിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്ന താരം ആരെന്നതിനുള്ള ഉത്തരം കൂടി എംബാപ്പെ നൽകിയിരിക്കുന്നു. രണ്ടാമൻ, മനോഹരമായ രണ്ടാം ഗോൾ നിറയൊഴിച്ചും ആദ്യഗോളിന് വഴിയൊരുക്കിയും ഈ നേട്ടത്തിൽ കയ്യൊപ്പ് ചാർത്തിയ ഭാഗ്യമാലാഖ ഡിമരിയ. മൂന്നാമൻ എമിലിയാനോ മാർട്ടിനെസ്.
കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളുടെ മുഴുവൻ സമ്മർദഭാരവും പേറി രണ്ട് കിക്കുകൾ തടുത്തിട്ട് (രണ്ട് കിക്കുകൾ മിക്കവാറും തടയുന്നിടത്തോളം എത്തുകയും ചെയ്ത) കപ്പ് തട്ടിവീഴാതെ കാത്ത ക്രോസ്ബാറിന് കീഴിലെ ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു? ഒടുവിൽ അനിവാര്യമായതു തന്നെ സംഭവിച്ചിരിക്കുന്നു. നമ്മുടെ കാലത്തിലെ ഏറ്റവും മഹാനായ കളിക്കാരന്റെ കയ്യിൽ ലോകകപ്പ് എത്തിച്ചേർന്നിരിക്കുന്നു.
വെള്ളയിൽ നീല വരകളുള്ള എന്റെ ഹൃദയം ഈ രാത്രിയിൽ തുടിക്കുന്നു, തുള്ളിച്ചാടുന്നു
വാമോസ് അർജന്റീന...വിവാ ലയണൽ മെസി...