ഖത്തറില്‍ പന്തുരുളുമ്പോള്‍, ആരായിരിക്കും ലോകകപ്പിന്‍റെ താരം?

ഖത്തറില്‍ പന്തുരുളുമ്പോള്‍, ആരായിരിക്കും ലോകകപ്പിന്‍റെ താരം?
Published on

ജിസിസിയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഖത്തർ. പക്ഷെ ഇച്ഛാശക്തിയില്‍ തങ്ങള്‍ കരുത്തരാണെന്ന് ഉപരോധകാലത്ത് ഖത്തർ തെളിയിച്ചതാണ്. ഇപ്പോള്‍ ഖത്തറിന്‍റെ ആകാശം ശാന്തമാണ്. അവിടെ നവംബർ 20-ന് ലോകകപ്പ് ഫുട്ബോളിന്‍റെ ആരവം ഉയരും. മധ്യപൂ‍ർവ്വദേശത്തെ ഈ കൊച്ചു രാജ്യത്ത് ലോകകപ്പിന് തുടക്കമാകുമ്പോള്‍ ഇവിടത്തെ ഫുട്ബോളിന് ഉണർവ്വേകാന്‍ അത് സഹായകരമാകുമെന്ന് തീർച്ച. അതോടൊപ്പം ഏഷ്യന്‍ വന്‍കരയിലടക്കം ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് അത് ഗുണകരമാകുമെന്ന് ഉറപ്പ്. വിവാദങ്ങളെല്ലാം മറികടക്കാന്‍ ഏറ്റവും നന്നായി ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തർ ശ്രമിക്കുമെന്ന കാര്യത്തിലും തർക്കമില്ല. നാല് വർഷത്തെ ഇടവേളയിലെത്തുന്ന ഒരു പരിപാടിയെന്നതിലപ്പുറം അതുണ്ടാക്കുന്ന ആവേശത്തെ ചെറുതായി കാണരുത്. ഫുട്ബോളിനെ സ്നേഹിക്കുന്ന സാധാരണ മനുഷ്യര്‍ക്കുള്‍പ്പടെ ഫുട്ബോള്‍ ആവേശമായി മാറുന്ന കാഴ്ചയാണ് എപ്പോഴും കാണുന്നത്. അതുകൊണ്ടുതന്നെ ഏഷ്യന്‍ വന്‍കരയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന ലോകകപ്പിനാണ് കിക്കോഫാകുന്നത്.

ലോകകപ്പ് ഫുട്ബോള്‍ സംഘാടനവുമായി ബന്ധപ്പെട്ട് രാജ്യത്തിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാം വരും ദിവസങ്ങളില്‍ മറുപടി നല്‍കുമെന്ന ഖത്തർ സിഇഒ നാസർ അല്‍ ഖാദറിന്‍റെ പ്രതികരണം തന്നെ മേഖലയില്‍ എത്രത്തോളം പ്രധാന്യമുണ്ട് ഈ ലോകകപ്പ് സംഘാടന വിജയത്തിനെന്ന് വ്യക്തമാക്കുന്നു. പ്രവാസി തൊഴിലാളികള്‍ക്ക് പണം നല്‍കി ഫുട്ബോള്‍ ആരാധകരാക്കുന്നുവെന്ന ചില ഇംഗ്ലീഷ്- ഫ്രഞ്ച് മാധ്യമങ്ങളുടെ വാർത്തകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം യുഎഇ ഭരണാധികാരികള്‍ അടക്കമുളളവർ ഖത്തറിന് നല്‍കുന്ന പിന്തുണയും പ്രധാനപ്പെട്ടതു തന്നെയാണ്. പ്രത്യേകിച്ചും ജിസിസി രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മറികടന്ന് ഒന്നിച്ച സാഹചര്യത്തില്‍. ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും യുഎഇയും സൗദി അറേബ്യയും ഒമാനുമെല്ലാം ലോകകപ്പിന്‍റെ ആവേശത്തില്‍ തന്നെയാണ്. ഹയാ കാർഡ് ഉടമകള്‍ക്ക് പ്രഖ്യാപിച്ച മള്‍ട്ടിപ്പിള്‍ എൻട്രി വിസ ഉള്‍പ്പടെയുളള കാര്യങ്ങള്‍ ആവേശം വാനോളമാണെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണം തന്നെ.

ഉറ്റുനോക്കുന്നത് പ്രധാന താരങ്ങളുടെ പ്രകടനത്തെ

ലോകകപ്പ് ഫുട്ബോള്‍ വരുമ്പോള്‍ പ്രധാനപ്പെട്ടതാരങ്ങളുടെ പ്രകടനങ്ങള്‍ വിലയിരുത്താറുണ്ട്. പലപ്പോഴും പരുക്ക് ഭയന്ന് കളിക്കുന്നു, രാജ്യത്തിന് വേണ്ടി കളിക്കുന്നില്ലെന്നുളള വിമർശനങ്ങള്‍ ഉയരാറുണ്ട്. ഏറ്റവും പ്രത്യക്ഷ ഉദാഹരണം മെസി തന്നെയാണ്. പക്ഷെ കോപ്പ അമേരിക്ക കിരീടം നേടിയതോടെ ആ വിമർശനങ്ങളെ ഒരു പരിധി വരെ അതിജീവിക്കാന്‍ സാധിച്ചുവെന്ന് പറയാം. ലീഗ് മത്സരങ്ങളും ലോകകപ്പ് മത്സരങ്ങളും തമ്മിലുളള പ്രകടനങ്ങളിലെ വ്യത്യാസം തന്നെയാണ് ഏറ്റവും പ്രധാനം. ഇരു മത്സരങ്ങളിലെയും മാനസിക സമ്മർദ്ദങ്ങളുമെല്ലാം വിലയിരുത്തപ്പെടേണ്ടതാണ്. ടീമിലെ കളിക്കാരുടെ മാനസികഐക്യവും പ്രധാനമാണ്. ഗെയിമിനെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കോച്ചിനുളള പ്രധാന്യവും പ്രധാനമാണ്. അതുകൊണ്ടു തന്നെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ കളിക്കാർക്കൊപ്പം കോച്ചിനും പ്രധാനപ്പെട്ടതാകുന്നത്. പരുക്കില്ലാതെ കളിക്കാനാകുന്നതും ടീമിനെയും കളിക്കാരെയും സംബന്ധിച്ച് പ്രധാനമാണ്.

ജാലി പി ഇബ്രാഹിം
ജാലി പി ഇബ്രാഹിം

ആരായിരിക്കും ഇത്തവണ കപ്പ് നേടുക?

റൊണാള്‍ഡോയുടെ പോർച്ചുഗല്‍, മെസിയുടെ അ‍ർജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം എന്നിവർക്കെല്ലാം തുല്യസാധ്യതയാണ് ഈ ലോകകപ്പില്‍. എങ്കില്‍തന്നെയും മെസി, റോണാള്‍ഡോ എന്നിവരെ സംബന്ധിച്ച് അവസാന ലോകകപ്പാണ്. കോപ്പ അമേരിക്ക നേടിയതിന് ശേഷം കുറച്ചുകൂടെ റിലാക്സ്ഡായാണ് അർജന്‍റീന കളിക്കുന്നത്.കഴിഞ്ഞ 36 മത്സരങ്ങള്‍ ജയിച്ചുനില്‍ക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ മെസിയെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ കളിതന്ത്രങ്ങളെങ്കില്‍ ഇത്തവണ അതിന് മാറ്റമുണ്ട്.മെസി ഇപ്പോള്‍ ആഡ് ഓണ്‍ പ്ലേയറാണെന്ന് പറയേണ്ടിവരും. അബുദാബിയില്‍ നടന്ന മത്സരത്തില്‍ അത് വ്യക്തവുമാണ്. അത് ഗുണകരമായ മാറ്റമാണ്. എന്നാല്‍ ലോകകപ്പിലേക്ക് വരുമ്പോള്‍ ഇതൊക്കെ മാറും. ഈ സമയത്ത് ആര് കപ്പ് നേടുമെന്ന് പ്രവചിക്കുക പ്രയാസമാണ്. ആദ്യറൗണ്ട്, നോക്ക് ഔട്ട് റൗണ്ട്, ഭാഗ്യനിർഭാഗ്യങ്ങള്‍ എല്ലാം ഘടകമാകും. അതുകൊണ്ടുതന്നെ ഇത്രയും നേരത്തെ ഒരു പ്രവചനം അസാധ്യം

ആരായിരിക്കും ലോകകപ്പിന്‍റെ താരം?

മെസിയും റൊണാള്‍ഡോയും നെയ്മറും എംബാപ്പെയും ലോകകപ്പിന്‍റെ താരങ്ങളായേക്കും. എങ്കിലും പുതിയ താരോദയമാണ് ഈ ലോകകപ്പില്‍ കാത്തിരിക്കുന്നത്. ബ്രസീലിന്‍റെ ഡെനിലോ, റോഡിഗ്രോ,അല്‍ഫോണ്‍സോ ഡേവിസ്, ക്രൊയേഷ്യയുടെ ലുക്കാസൂസിക്ക്, ജോസ്കോ വാ‍ർഡിയോള്‍, ഇംഗ്ലണ്ടിന്‍റെ ജൂഡേ ബില്ലിംഗ്ഹാം, ഫ്രാന്‍സിന്‍റെ ഓരേലിയന്‍, എഡ്വേഡോ കമാവിങ്ക, മെക്സിക്കോയുടെ മാർസിലോ ഫ്ലോറസ്, ജർമ്മനിയുടെ ജമാല്‍ മുസിയാല, എന്നിവരെല്ലാം ഈ ലോകകപ്പിന്‍റെ താരങ്ങളായി ഉയർന്നുവന്നേക്കാം. കാത്തിരിക്കാം, ആരൊക്കെ ഗോളടിക്കുമെന്നറിയാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in