36 വർഷങ്ങളുടെ ഇടവേളക്ക് ശേഷം 2022 ഡിസംബർ പന്ത്രണ്ടിന്റെ രാത്രിക്കൊപ്പം നീണ്ടു പോയ ഖത്തറിലെ ലുസൈലിലെ കലാശപോരിനൊടുവിൽ മെസ്സിയും കൂട്ടരും കിരീടമുയർത്തുന്നത് വരെ ജീവിതത്തിൽ അർജന്റീന കപ്പടിക്കുന്നത് കണ്ട് മരിക്കാനൊക്കുമോ എന്ന പരിഹാസം കൂടിയും കുറഞ്ഞും കേൾക്കേണ്ടിയും കാണേണ്ടിയും വന്നവരാണ് ലോകമെമ്പാടുമുള്ള ആൽബിസെലസ്റ്റക്കാർ. അപ്പോയെല്ലാം അവരെ മുന്നോട്ട് നയിച്ചത് വാമോസ് അർജന്റീന എന്ന ഒരൊറ്റ വികാരമായിരുന്നു. ആ വികാരത്തിന്റെ താളവും ജീവനുമായിരുന്നു അവർക്ക് എൽ ടൂല എന്നറിയപ്പെട്ട കാർലോസ് പാസ്ക്കൽ എന്ന മനുഷ്യനും അയാളുടെ ബാസ് ഡ്രമ്മും.
1974- ലെ ജർമനി ലോകകപ്പ് മുതൽ ഇക്കാലമാത്രയും എൽ ടൂല അർജന്റീനൻ ടീമിനൊപ്പം ലോകം സഞ്ചരിച്ചു. മത്സരങ്ങൾ കണ്ടു. അയാളുടെ ഡ്രമ്മുകൾ ആൽബിസെലസ്റ്റക്കാർക്ക് വേണ്ടി ഉറക്കെ പാടി. ചിലപ്പോഴൊക്കെയും കരഞ്ഞു. അർജന്റീനയുടെ പോപ്പുലർ കൾച്ചറിന്റെ പ്രധാന കൾട്ടായി മാറി ടൂലയും ടൂലയുടെ ബാസ് ഡ്രമ്മും. 1990- ഫൈനലിലെ വെസ്റ്റ് ജർമനിയുടെ ഹൃദയ ഭേദക പെനാൽറ്റി കിക്കും 2014-ൽ അധിക സമയത്തെ ഗോഡ്സെ ഗോളും നിരന്തരമുള്ള കോപ്പ ഫൈനൽ തോൽവികളും അവർ അതിജീവിക്കുന്നത് അങ്ങനെ കൂടിയാണ്. നിരാശയുടെ പടുകുഴിയിൽ വീഴുമ്പോയും കാത്തിരിപ്പിന്റെ മറ്റൊരു പേരാണ് അർജന്റീന എന്ന് പറഞ്ഞു വേദനിച്ച് പ്രതീക്ഷ കൈവിടാതെയവർ കാത്തിരുന്നു.
2022-ൽ തന്റെ ജീവിതത്തിലെ പതിമൂന്നാം ലോകകപ്പിന് 82-ആം വയസ്സിൽ വീൽചെയറിലെത്തിയ എൽ ടൂല മിഡിൽ ഈസ്റ്റ് തെരുവിൽ ആൽബിസെലസ്റ്റൻ ആരാധകർകൊപ്പം 50 വർഷം മുമ്പ് മുൻ അർജന്റീനൻ പ്രസിഡന്റ് ജുവാൻ ഡോമിങ്ങോ തനിക്ക് നൽകിയ ഡ്രമ്മിൽ കൊട്ടുമ്പോൾ ഉന്മാദനായി ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു. 1978-ലും 1986-ലും കിരീടം കണ്ട എനിക്ക് ഒരു കിരീടം കൂടി കണ്ട് മരിക്കണം, എന്നെ വിശ്വസിക്കൂ....മുഴുവൻ ആൽബിസെലസ്റ്റക്കാർക്കും വേണ്ടി മെസ്സി അത് നേടി തരും. അതെ ഡ്രം ടൂലയിൽ നിന്ന് വാങ്ങിയാണ് മെസ്സിയുടെ ചിറകിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം ചൂടിയ തൊട്ട് ശേഷമുള്ള രാത്രിയിൽ താൻ ഒരു ഹൃദയ രോഗിയാണെന്ന് പോലും മറന്ന് അഗ്യൂറോ ആ ലുസൈൽ സ്റ്റേഡിയം മുഴുവൻ കൊട്ടി നടന്നത്.
കിരീടം നേടിയ ശേഷമുള്ള വർഷത്തിൽ ഫിഫയുടെ ഏറ്റവും മികച്ച ആരാധകർക്കുള്ള ട്രോഫി ഏറ്റ് വാങ്ങാൻ ആൽബിസെലസ്റ്റക്ക് വേണ്ടി ഊന്നുവടിയുടെ സഹായത്തിൽ സ്റ്റേജിലെത്തിയത് ടൂല ആയിരുന്നു. നീലയും വെള്ളയും കലർന്ന ദേശീയ ടീമിന്റെ ജെയ്‌സിയിട്ട്, ചങ്ങലകളും കുരിശുകളും നിറഞ്ഞ മാലയും പൈലസോ ക്യാപ്പും അണിഞ്ഞ് ഒരു വശത്ത് ഫ്രാൻസിസ് മാർപ്പാപ്പയുടെയും ഇവാ പെറോണിന്റെയും മറു വശത്ത് മറഡോണയുടെയും മെസ്സിയുടെയും ചിത്രങ്ങൾ വരച്ച് വെച്ച ഡ്രമും തോളിലേറ്റി അയാൾ സ്റ്റേജിലേക്ക് നടന്നു വന്നു. മറുപടി പ്രസംഗത്തിനൊടുവിൽ വാമോസ്. ..വാമോസ്. ..അർജന്റീന എന്ന് ബാൻഡ് കൊണ്ട് താളം പിടിച്ചു. വേദിയിൽ അവതാരകരായി ഉണ്ടായിരുന്ന രെഷ്മിൻ ചൗധരി മുതൽ മെസ്സിയും സ്കലോണിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും സദസ്സിലുള്ളവരും ലോകം മുഴുവനും അതിന് കയ്യടിച്ചു.
മികച്ച പരിശീലകനുള്ള പുരസ്‌കാരം ഏറ്റ് വാങ്ങിയ ലയണൽ സ്കലോണി അദ്ദേഹത്തെ വേദിയിൽ വെച്ച് പരാമർശിച്ചത് 2022-ലെ ലോകകപ്പ് കിരീടം നേടിയ തന്റെ ടീം സ്‌ക്വാഡിലെ പന്ത്രണ്ടാമൻ എന്നായിരുന്നു. 1974-ലെ പഴയ വെസ്റ്റ് ജർമനിയിലെ ലോകകപ്പ് മുതൽ ഇക്കാലമത്രെയും അർജന്റീനൻ ടീമിലെ പന്ത്രണ്ടാമനായിരുന്നു അയാൾ. നീണ്ട ശ്വാസകോശ അർബുധ വേട്ടയാടലിനൊടുവിൽ മരണത്തിന് കീഴടങ്ങുന്നത് വരെ...
1941- ൽ റോസാരിയോയിലാണ് ടൂല ജനിക്കുന്നത്. കുട്ടിക്കാലത്ത് തങ്ങൾ താമസിച്ചിരുന്ന പട്ടണത്തിനടുത്തുള്ള ഗിജാന്റെ ഡി അരോയിറ്റോ സ്റ്റേഡിയത്തിലെ റൊസാരിയോ സെൻട്രൽ ക്ലബ്ബിന്റെ കടുത്ത ആരാധകനായാണ് തുടക്കം. 1971-ലാണ് സ്പെയ്നിൽ പ്രവാസിയായി ജോലി നോക്കുമ്പോൾ അവിടെയെത്തിയ അർജന്റീനൻ പ്രസിഡന്റ് ജുവാൻ പെറോൺ അദ്ദേഹത്തിന് ഡ്രം സമ്മാനിക്കുന്നത്. ജുവാൻ സമ്മാനിച്ച ഡ്രം അർബുധം ബാധിച്ച് ജീവിതം വീൽചെയറിലായപ്പോഴും ടൂല താഴെ വെച്ചില്ല. ജുവാന്റെ കാല ശേഷവും 1990- കളിലും 2000 -ലും കാർലോസ് മെനം, എദ്വാർഡോ ദുഹാൻഡെ എന്നിവരുടെ കാലത്തും അർജന്റീനൻ തെരുവുകളിൽ പെറോണിസ്റ്റ് മുദ്യാവാക്യങ്ങളുമായി അയാൾ ഡ്രം കൊട്ടി. പെറോണിസമാണ് കടുത്ത അർജന്റീനൻ ഫുട്ബോൾ ആരാധന തനിക്ക് തന്നതെന്നും അതല്ലാതെ ഞാൻ അതിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും എൽ ടൂലെതന്നെ പിന്നീട് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
ഫിഫ ബെസ്റ്റ് ഫാൻ അവാർഡ് സ്വീകരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “82-ആം വയസ്സിലും ഞാൻ ഇവിടെയുണ്ട്. ഞാൻ ഒരു പാവപ്പെട്ടവനാണ്. എന്നാൽ ഫുട്ബോളിനൊപ്പം സഞ്ചരിച്ച് ഞാൻ എല്ലായിടത്തുമെത്തി.”
പ്രാദേശിക ഭാഷയല്ലാതെ ടൂലെക്കറിയുന്നത് സ്പാനീഷ് ഭാഷ മാത്രമാണ്. എന്നാൽ മൊബൈൽ ഫോൺ പോലുമുപയോഗിക്കാതെ വീൽ ചെയറിലിരുന്ന് തന്റെ അവസാന കാലങ്ങളിൽ ഡ്രമിലൂടെ അയാൾ ലോകത്തോട് സംസാരിച്ചു. 83-ആം വയസ്സിൽ അയാൾ മരണപ്പെടുമ്പോൾ 22 ലോകകപ്പുകൾ നടന്ന ലോകകപ്പിന്റെ ചരിത്രത്തിൽ അയാൾ ഒറ്റക്കൊരു ചരിത്രത്തിന്റെ ഭാഗമാണ്. അതിന്റെ പ്രകമ്പനങ്ങളിൽ ഗോളടിച്ചു നമ്മുടെ മനസ്സിൽ കയറി കൂടിയവരാണ് മറഡോണ മുതൽ ബാറ്റിസ്റ്റൂറ്റയും റിക്വൽമിയും ഇങ്ങേ തലക്കലുള്ള മെസ്സിയും വരെ,
ബ്രൂണസ് ഐറസിൽ നിന്നുള്ള ചരിത്രത്തിലെ ഇതിഹാസ ഫുട്ബോൾ ആരാധകന്, എൽ ടൂലക്ക് പ്രണാമം.