യമാൽ പെലെയുടെ റെക്കോർഡ് തകർത്തു; സ്പെയിൻ യൂറോപ്പിലെ കാൽപ്പന്ത് രാജാക്കന്മാർ

കപ്പടിക്കാൾ ഏറ്റവും അർഹിച്ച ടീം തന്നെ കപ്പടിച്ച യുറോ.യൂറോ കപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇംഗ്ലണ്ട് പടിക്കല്‍ കലമുടച്ചപ്പോള്‍ കിരീടം നേടി ആധികാരികമായി യൂറോയിൽ മുത്തമിട്ട് സ്പെയിൻ. ഒരു വ്യാഴവട്ടത്തിനു ശേഷം തങ്ങളുടെ നഷ്ടസ്വപനങ്ങളുടെ കടവും പലിശയും വീട്ടിയ സ്പാനിഷ് ചുണക്കുട്ടികൾ.

വിവ എസ്പാന.

1964, 2008, 2012, 2024.

The first four-time champions of Europe.

ശരിക്കും ഈ യൂറോ സ്പെയിനിനു തന്നെ അവകാശപ്പെട്ടതായിരുന്നു. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ആയിരുന്നു സ്പെയിൻ. കളിച്ച മത്സരങ്ങളെല്ലാം വിജയിച്ച് അപരാജിതരായി ഫൈനലിലെത്തിയ ടീമായിരുന്നു സ്പെയിൻ.

വിജയത്തിൽ കുറഞ്ഞതൊന്നും അവരുടെ അജണ്ടയിലേ ഉണ്ടായിരുന്നില്ല. ബെര്‍ലിനില്‍ നടന്ന ത്രസിപ്പിക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ചെമ്പട ട്രോഫിയില്‍ മുത്തമിട്ടത്, ഒരു വ്യാഴവട്ടത്തിനുശേഷം.

ഇത് ലൂയിസ് ഡെലാ ഫുഎൻഡെ എന്ന പരിശീലകന്റെ കൂടി വിജയമായി എണ്ണുന്നവരുമേറെയാണ്. പഴിയേറെ കേട്ട ടിക്കി ടാക്ക ശൈലി വിട്ട് പ്രായോഗിക ഫുട്ബോളിലേക്ക് സ്പാനിഷ് പടയെ നയിച്ചപ്പോൾ സംശയിച്ചവർക്കുള്ള മറുപടി. പരിശീലകൻ ഫുഎൻഡെയ്ക്ക് കിരീടത്തോടെ ശിഷ്യൻമാർ നൽകിയ വരവേൽപ്പ്..

ഇനി ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളമാണെങ്കിൽ തുടർച്ചയായ രണ്ടാം തവണയാണ് യൂറോ ഫൈനലിൽ തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിൽ തോൽവിയേറ്റ് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. ഇക്കുറി ഇതാ ഇങ്ങനെയും.

നാലാം യൂറോ കപ്പ് കിരീടനേട്ടത്തോടെ നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോഡും സ്പെയിനിന് സ്വന്തമാവുകയായിരുന്നു. നേരത്തേ മൂന്നു ട്രോഫികളുമായി ജര്‍മനിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അവര്‍.

നിക്കോ വില്ല്യംസ് 47 മിനിറ്റിലും, മൈക്കല്‍ ഒയര്‍സബാല്‍ 86 മിനിറ്റിലും നേടിയ ഗോളുകളിലാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി സ്‌പെയിന്‍ അവരോധിക്കപ്പെട്ടത്.

73ാം മിനിറ്റില്‍ കോള്‍ പാമറായിരുന്നു ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ, ഗോള്‍ പിറക്കാതിരുന്ന ആദ്യ പകുതിയ്ക്കു ശേഷമാണ് കളി ചൂട് പിടിച്ചതും 3 ഗോളുകളും പിറന്നതും. പക്ഷേ, ആദ്യ ഹാഫിലും സ്‌പെയിന്‍ തന്നെയായിരുന്നു കൂടുതൽ ചടുലമാർന്ന നീക്കങ്ങളോടെ കളം നിറഞ്ഞു കളിച്ചത്. ഗോൾ മാത്രം വീഴ്‌ത്താനായില്ലെങ്കിലും ഇംഗ്ലണ്ട് പ്രതിരോധനിരയെ നിരന്തരം പരീക്ഷിക്കാൻ കഴിഞ്ഞു, സ്പാനിഷ് നിരയ്ക്ക്. ഏത് നിമിഷവും ഗോൾ വീഴുമെന്ന നിലയിലായിരുന്നു ആദ്യ പകുതി അവസാനിച്ചത്. ചടുലമായ രണ്ടാം പകുതിയിലേക്കുള്ള ടീസറെന്ന പോലെ.

സ്‌പെയിനിന്റെ ആധിപത്യമാണ് ആദ്യ മിനിറ്റുകളില്‍ കണ്ടത്. തുടക്കത്തില്‍ തന്നെ ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ വളരെ അഗ്രസീവായ കളി അവര്‍ കെട്ടഴിച്ചപ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വീഴുന്നു.

അഞ്ചാം മിനിറ്റില്‍ തന്നെ സ്‌പെയിനിനു കളിയിലെ ആദ്യത്തെ കോര്‍ണര്‍ ലഭിച്ചു. ഇടതു വിങിലൂടെയുള്ള വില്ല്യംസിന്റെ ചടുലമായ നീക്കം ഇംഗ്ലീഷ് പ്രതിരോധം ക്ലിയര്‍ ചെയ്യുകയായിരുന്നു. പക്ഷെ ആ കോര്‍ണര്‍ ഗോളായി മാറിയില്ല. തുടര്‍ന്നും പന്ത് കൈവശം വച്ച് ഒഴുക്കോടെ സ്‌പെയിനിന്റെ ചെമ്പട കളംവാണപ്പോള്‍ ഇംഗ്ലണ്ട് പൂര്‍ണമായി പ്രതിരോധത്തിലായെന്ന് തന്നെ പറയാം

ആദ്യത്തെ പത്തു മിനിറ്റുകള്‍ക്കു ശേഷമാണ് ഇംഗ്ലണ്ട് പതിയെ കളിയിലേക്കു തിരികെ വന്നത്. അതിവേഗത്തിലൂടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്നതായിരുന്നു അവരുടെ പ്ലാന്‍. 15 മിനിറ്റുകള്‍ക്കു ശേഷം ഇംഗ്ലണ്ട് കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് കണ്ടത്. വലതു വിങിലൂടെയുള്ള അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സാക്കയുടെ പാസ സ്വീകരിച്ച് വാക്കര്‍ ബോക്‌സിനു കുറുകെ പാസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്‌പെയിന്‍ ഇതു ബ്ലോക്ക് ചെയ്തതോടെ അപകടമൊഴിവായി. 18ാം മിനിറ്റില്‍ ഷോയും സാക്കയും ചേര്‍ന്ന് വലതു വിങിലൂടെ മറ്റൊരു അറ്റാക്ക് കൂടി നടത്തിയെങ്കിലും അതു സ്പാനിഷ് പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.

ആ സമയത്ത് ഇംഗ്ലീഷ് പ്രതിരോധ നിര വലതു വിങില്‍ കൗമാര സെന്‍സേഷന്‍ യമാലിനെ നിശബ്ധനാക്കി നിര്‍ത്തുന്നതില്‍ വിജയിച്ചപ്പോള്‍ സ്‌പെയിനിന്റെ ഭൂരിഭാഗം നീക്കങ്ങളും ഇടതു വിങിലൂടെ വില്ല്യംസിന്റെ വകയായിരുന്നു. ആദ്യ അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 70 ശതമാനവും പന്ത് കൈവശം വച്ചത് സ്‌പെയിനായിരുന്നു. ഈ ആധിപത്യം പക്ഷേ, ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.

44ാം മിനിറ്റില്‍ സ്പാനിഷ് ക്യാപ്റ്റന്‍ മൊറാറ്റയ്ക്കു നല്ലൊരു ഗോളവസരം കിട്ടിയെങ്കിലും അതു മുതലാക്കിയില്ല. ഇടതു വിങില്‍ നിന്നുള്ള ലപോര്‍ട്ടയുടെ മനോഹരമായ ത്രൂബോള്‍ ബോക്‌സിനുള്ളില്‍ മൊറാറ്റയുടെ കാലിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹം അതു കാലില്‍ സ്വീകരിച്ച് ഷോട്ടുതിര്‍ക്കും മുമ്പ് സ്റ്റോണ്‍സ് ബ്ലോക്ക് ചെയ്തു. ആദ്യ പകുതിയില്‍ സ്‌പെയിനിന്റെ ഏറ്റവും മികച്ച ഗോളവസരവും ഇതു തന്നെയായിരുന്നു..

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇംഗ്ലണ്ടിനും ഗോളടിക്കാനുള്ള സുവര്‍ണാവസരം കിട്ടിയിരുന്നു. അപകടരമായ ഏരിയയില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് എടുത്തത് റൈസാണ്. വലതുഭാഗത്തു നിന്നും ബോക്‌സിലേക്കു വന്ന കിക്ക് പലരിലും തട്ടിത്തെറിച്ചപ്പോള്‍ സെക്കന്റ് പോസ്റ്റിനരകില്‍ തനിച്ചുനിന്ന ഫോഡന്റെ കാലിലേക്കാണ് വന്നത്. ഒട്ടും നിയന്ത്രണമില്ലാതെ അദ്ദഹം അതു ഗോളിലേക്കു തൊടുത്തെങ്കിലും ഗോളി സൈമണിന്റെ കൈകളിലേക്കാണ് വന്നത്.

രണ്ടാംപകുതിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. വലതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ഈ പരമ്പരയിലെ പുത്തൻ സെൻസേഷനായ ലാമിൻ യമാലാണ് ഗോളിനു വഴിയൊരുക്കിയത്. പന്തുമായി ബോക്‌സിലേക്കു കുതിച്ചെത്തിയ യമാല്‍ ഇടതുമൂലയിലൂടെ കുതിച്ചെത്തിയ വില്ല്യംസിന് പാസ് നല്‍കുന്നു. ഫസ്റ്റ് ടൈം ഇടംകാല്‍ ഷോട്ടിലൂടെ വില്ല്യംസ് അതു വലയിലേക്കു പായിച്ചപ്പോള്‍ ഡൈവ് ചെയ്ത ഗോളി പിക്‌ഫോർഡിന് നിസ്സഹായനായി നിൽക്കാനേ തരമുണ്ടായിരുന്നുള്ളൂ. ഗാലറിയിലെ സ്പാനിഷ് ആരാധകരുടെ ആവേശം അലകടലായി മാറിയ സമയം.

ഈ അസിസ്റ്റോടെ യമാലിന്റെ ഈ യൂറോ കപ്പിലെ അസിസ്റ്റുകളുടെ എണ്ണം നാലായി മാറുകയായിരുന്നു. വില്യംസിന്റെ ടൂർണമെന്റിലെ രണ്ടാമത്തെ ഗോളും. ഒരു യൂറോ കപ്പ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോളോ അസിസ്റ്റോ നേടുന്ന ആദ്യ താരമായി യമാൽ മാറുകയായിരുന്നു. 17 വർഷം മുമ്പ് തന്റെ തലതൊട്ടപ്പനായി നിന്ന ലയണൽ മെസി തീർച്ചയായും ഈ നേട്ടം കണ്ട് സന്തോഷിച്ചിരിക്കുമെന്നുറപ്പാണ്. അഭിമാനിച്ചിരിക്കുമെന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തിന്റെ സമയത്ത് യമാൽ തിളങ്ങിയപ്പോൾ അന്ന് വൈറലായി മാറിയതായിരുന്നല്ലോ, മെസി 5 മാസം പ്രായമുള്ള യമാലിനെ സ്നാനം ചെയ്യിക്കുകയും താലോലിക്കുകയും ഒക്കെ ചെയ്യുന്ന ആ ഫോട്ടോകൾ..

കോപ്പ അമേരിക്കൽ മെസിപ്പട കിരീടം നേടിയതോടെ Argentina vs Spain will be the Finalissima 2025!

Lionel Messi will meet Lamine Yamal… again.

യമാലിന്റെ അസിസ്റ്റിലുള്ള വില്യംസിന്റെ ഗോളോടെ ഒരു യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം എന്ന ഫ്രാൻസിന്റെ റെക്കോഡിനൊപ്പമെത്താനായി സ്പെയിനിന്. 14 ഗോളുകളാണ് സ്പെയിൻ നേടിയത്. 1984-ൽ ഫ്രാൻസ് നേടിയ 14 ഗോൾ റെക്കോഡിനൊപ്പമാണിത്.

എന്നാല്‍ ഇംഗ്ലണ്ട് സമനില ഗോളിനായി വീറോടെ പൊരുതുന്ന കാഴ്ച്ചയായിരുന്നു പിന്നീട്. 73ാം മിനിറ്റില്‍ അവര്‍ സമനിലയും പിടിച്ചു വാങ്ങുകയും ചെയ്തു.. ബോക്‌സിനു പുറത്തു നിന്നുള്ള കിടിലനൊരു ലോങ്‌റേഞ്ച് ഷോട്ടിലൂടെയാണ് പാമര്‍ വലകുലുക്കിയത്. ഇതോടെ നിശ്ചിത സമയത്തും സ്കോർ 1-1 എന്ന നിലയിൽ തന്നെ നിന്ന് മല്‍സരം അധികസമയത്തേക്കു നീളുമെന്ന പ്രതീതിയുണ്ടായെങ്കിലും 83ാം മിനിറ്റില്‍ ഒയര്‍സബാലിന്റെ കിടിലന്‍ ഫിനിഷിങ് സ്‌പെയിനിനെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.

ഇടതു വിങില്‍ നിന്നും കുക്കുറേല നല്‍കിയ മനോഹരമായ പാസ് ഓഫ്‌സൈഡ് പൂട്ട് പൊട്ടിച്ച് ഒയര്‍സബാല്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

അതോടെ ഒരു വ്യാഴവട്ടത്തിനുശേഷം ഒരിക്കൽക്കൂടി യുവേഫ യൂറോ ചാമ്പ്യൻഷിപ്പിന്റെ കിരീട മധുരം രുചിച്ച് തുടങ്ങുകയായിരുന്നു സ്പെയിൻ. ഗാലറിയിൽ സ്പാനിഷ് വസന്തം വിരിയുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in