കണ്ണീരണിഞ്ഞ് എൻഡ്രിക്ക്; ബ്രസീലിയൻ അത്ഭുത താരം ഇനി റയലിനൊപ്പം

കണ്ണീരണിഞ്ഞ് എൻഡ്രിക്ക്; ബ്രസീലിയൻ അത്ഭുത താരം ഇനി റയലിനൊപ്പം
Published on

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്കു പിന്നാലെ സാന്‍റിയാഗോ ബെർണബ്യൂവിൽ സ്വന്തം ആരാധകർക്കു മുന്നിൽ എൻഡ്രിക്കിനെയും റയൽ അവതരിപ്പിച്ചു. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി ആറു വർഷത്തെ കരാറൊപ്പിടുമ്പോൾ ബ്രസീലിയൻ താരം എൻഡ്രിക്ക് തന്റെ സ്വപ്‍ന സാക്ഷാത്കാരത്തെ ഓർത്ത് വിങ്ങിപ്പൊട്ടി. ക്ലബ് പ്രസിഡന്‍റ് പെരസാണ് എൻഡ്രിക്കിനെ ആഘോഷപൂർവം റയലിലേക്ക് സ്വാഗതം ചെയ്തത്.

പതിനാറാം നമ്പർ ജഴ്സിയാണ് താരത്തിന് നൽകിയത്. ‘ഞാൻ വളരെ സന്തോഷത്തിലാണ്. കുട്ടിക്കാലം മുതൽ മഡ്രിഡ് ആരാധകനായിരുന്നു, ഇപ്പോൾ ഞാൻ മഡ്രിഡിനായി കളിക്കാൻ പോകുന്നു. എനിക്ക് എന്താണ് തോന്നുന്നതെന്ന് വിവരിക്കാൻ വാക്കുകളില്ല. ഇവിടെ എത്തണമെന്നാണ് മോഹിച്ചത്. മഡ്രിഡിനായി കളിക്കുന്നത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതൊരു സ്വപ്നമായിരുന്നു. ആ സ്വപ്നം ഇന്ന് യാഥാർഥ്യമായി' കരാർ ഒപ്പിട്ടതിന് പിന്നാലെ എൻഡ്രിക്ക് പറഞ്ഞു.

ഒരു വർഷം മുമ്പ് തന്നെ എൻഡ്രികിന്റെ ട്രാൻസ്ഫർ റയൽ പൂർത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് താരത്തിന്റെ ഔദ്യോഗിക പ്രസന്റേഷൻ നടന്നത്. 2030 വരെയാണ് കരാർ കാലാവധി. താരത്തിനായി ബ്രസീൽ ക്ലബ് പാൽമിറാസുമായി 2022ൽ തന്നെ റയൽ ധാരണയിലെത്തിയിരുന്നു. 318 കോടി രൂപയാണ് (35 മില്യൺ യൂറോ) താരത്തിന്‍റെ അടിസ്ഥാന വില. 25 മില്യൺ യൂറോ ആഡ് ഓണും കരാറിലുണ്ട്. സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്നാണ് എൻഡ്രിക്കും റയലിലേക്ക് എത്തുന്നത്.

പാൽമിറാസ് അക്കാദമിയുടെ താരമായ എൻഡ്രിക് കഴിഞ്ഞ വർഷം ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. 10 മത്സരങ്ങളിൽ നിന്നായി മൂന്നു ഗോളുകൾ നേടി. പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കിയിരുന്നു. പാൽമിറാസിനായി 81 മത്സരങ്ങളിൽനിന്ന് 21 ഗോളുകൾ നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in