‘പോയി അദ്ദേഹത്തോട് ചോദിക്കൂ’; ധോണി-ടി20 ലോകകപ്പ് ചോദ്യങ്ങളില്‍ സഹികെട്ട് ഗാംഗുലി
ധോണിയുടെ ടി 20 ലോകകപ്പ് ഭാവിയേപ്പറ്റിയുള്ള ചോദ്യത്തോട് നീരസത്തോടെ പ്രതികരിച്ച് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ധോണി അടുത്ത ട്വന്റി 20 ലോകകപ്പ് കളിക്കുമോ എന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്ന് ദാദ മറുപടി നല്‍കി. ധോണിയേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങളുണ്ടാകുന്നതാണ് മുന്‍ ഇന്ത്യന്‍ നായകനെ ചൊടിപ്പിച്ചത്. ധോണിയുടെ ഭാവിയെപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്ന് ഗാംഗുലി കഴിഞ്ഞ വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. എല്ലാം വഴിയേ അറിയിക്കുമെന്നും ദാദ അന്ന് സൂചിപ്പിക്കുകയുണ്ടായി. ഇതിന് പിന്നാലെ മുംബൈയില്‍ നടന്ന ബിസിസിഐ 88-ാം ജനറല്‍ ബോഡി യോഗത്തിനിടെ ധോണി-ലോകകപ്പ് ടി 20 ചോദ്യം വീണ്ടും ഉയരുകയായിരുന്നു.
കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെ ധോണിയോട് നേരിട്ടും മാധ്യമങ്ങള്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. ജനുവരി വരെ തന്നോട് ഇതിനെ പറ്റി ചോദിക്കരുതെന്നായിരുന്നു എംഎസ്ഡിയുടെ പ്രതികരണം. 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമിഫൈനല്‍ തോല്‍വിക്ക് ശേഷം ധോണി നീലക്കുപ്പായം അണിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും നടന്ന ടി 20 പരമ്പരയില്‍ താരത്തെ ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റിന്റെ തലേദിവസം പ്രഖ്യാപിച്ച വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള സ്‌ക്വാഡിലും ക്യാപ്റ്റന്‍ കൂളിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിൽ നിലവിലെ ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ധോണിയുടെ ക്രിക്കറ്റ് ഭാവി. ലോകകപ്പ് ജേതാവായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടി 20 ലോകകപ്പിൽ ഉണ്ടാകുമോയെന്ന് ആകാംക്ഷയോടെ ഉറ്റ് നോക്കുകയാണ് ആരാധകർ. അടുത്ത ഐപിഎൽ സീസണിലെ പ്രകടനം ധോണിയുടെ ഭാവി തീരുമാനിക്കുമെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും സൂചിപ്പിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം