‘സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് ബാറ്റ് ചെയ്യുക’; രോഹിത് ശർമയുടെ നിർദേശം സഹായിച്ചെന്ന് ശിവം ദുബെ
കാര്യവട്ടത്ത് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന രണ്ടാം ടി 20യിൽ അർദ്ധ സെഞ്ച്വറി നേടിയ തനിക്ക് ആത്മവിശ്വാസം പകർന്നത് രോഹിത് ശർമയെന്ന് ശിവം ദുബെ. മൂന്നാം നമ്പറിൽ സ്ഥാന കയറ്റം ലഭിച്ചാണ് ശിവം ദുബെ കളത്തിലിറങ്ങിയത്. 30 പന്തിൽ 54 റൺസ് നേടിയ ദുബെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. കുറച്ച് സമ്മർദം ഉണ്ടായിരുന്നു. എന്നാൽ രോഹിത് ഭായ് സ്വന്തം കഴിവിൽ വിശ്വസിച്ച് ബാറ്റ് ചെയ്യാൻ നിർദേശിച്ചു. അതോടെ എന്റെ മനസ്സ് ശാന്തമായി. ഒരു സിക്‌സറടിച്ച ശേഷം എനിക്കെന്റെ സ്വാഭാവിക കളി പുറത്തെടുക്കാൻ സാധിച്ചു
ശിവം ദുബെ
ശിവം ദുബെയുടെ സിക്‌സറുകൾ യുവരാജ് സിങിനെ ഓര്‍മ്മിപ്പിച്ചെന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്.
ഗ്രൗണ്ട് വലുതായിരുന്നെങ്കിലും പന്ത് അതിർത്തി കടത്താനുള്ള ശേഷി തനിക്കുണ്ടായിരുന്നെന്ന് താരം പറഞ്ഞു. നായകൻ വിരാട് കോഹ്ലി പറഞ്ഞത് പോലെ തോൽവിക്ക് കാരണം മോശം ഫീൽഡിങ് ആണെന്നും ദുബെ കൂട്ടിച്ചേർത്തു.
കാര്യവട്ടം സ്റ്റേഡിയത്തിലേറ്റ തോൽവിയോടെ വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ബുധനാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം മത്സരം പരമ്പര ജേതാക്കളെ നിർണയിക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം