ഫോളോ ഓൺ വഴങ്ങിയിട്ടും വിജയം; രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് ജാർഖണ്ഡ്
രഞ്ജി ട്രോഫിയിൽ ഫോളോ ഓൺ വഴങ്ങിയ ശേഷം വിജയം കണ്ടെത്തി ജാർഖണ്ഡ്. 85 വർഷം നീണ്ട രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഫോളോ ഓൺ ചെയ്ത ശേഷം ഒരു ടീം ജയിക്കുന്നത്. ആദ്യ ഇന്നിങ്സിൽ 289 റൺസിന് പുറത്തായ ത്രിപുരയ്‌ക്കെതിരെ വെറും 136 റൺസിന് ജാർഖണ്ഡ് ഓൾ ഔട്ടായി. 153 റൺസിന്റെ ലീഡ് വഴങ്ങിയ ജാർഖണ്ഡിനെ ത്രിപുര ക്യാപ്റ്റൻ മിലിന്ദ് കുമാർ ഫോളോ ഓണിന് വിട്ടു.
രണ്ടാം ഇന്നിങ്സിലും തകർച്ച നേരിട്ട ജാർഖണ്ഡിനെ രക്ഷിച്ചത് സൗരഭ് തിവാരിയും ഇഷാങ്ക് ജഗ്ഗിയും ചേർന്ന കൂട്ടുകെട്ടാണ്. ഇരുവരും സെഞ്ച്വറി നേടിയതോടെ 8 വിക്കറ്റ് നഷ്ടത്തിൽ 418 റൺസിന് ടീം ഡിക്ലയർ ചെയ്തു. 266 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ത്രിപുരയെ 211 റൺസിന് ജാർഖണ്ഡ് ബൗളർമാർ ചുരുട്ടി കെട്ടി. 54 റൺസ് ജയത്തോടെ ജാർഖണ്ഡ് ചരിത്രം കുറിച്ചു.
5 വിക്കറ്റ് വീഴ്ത്തിയ പേസർ ആശിഷ് കുമാറാണ് ത്രിപുരയെ എറിഞ്ഞിട്ടത്. ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ജാർഖണ്ഡ് വിജയം. ക്യാപ്റ്റൻ സൗരഭ് തിവാരിയാണ് മാൻ ഓഫ് ദി മാച്ച്. 2001ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫോളോ ഓൺ വഴങ്ങിയ ശേഷം ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വിജയിച്ചിരുന്നു. ഈഡൻ ഗാർഡൻസിലെ ഇന്ത്യയുടെ പ്രശസ്തമായ ആ ടെസ്റ്റ് വിജയത്തിന് ശേഷം ആദ്യമായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഫോളോ ഓൺ നേരിട്ട് ഒരു ടീം ജയിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം