‘ദാദ സെലക്ഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തണം’; സഞ്ജുവിന് പിന്തുണയുമായി ഭാജി
വെസ്റ്റ് ഇന്‍ഡീസിനെതിരായുള്ള പരമ്പരയില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരെ ഹര്‍ഭജന്‍ സിങ്. ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇന്ത്യയുടെ സെലക്ഷന്‍ പാനലില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഭാജി രംഗത്തെത്തി. സെലക്ഷന്‍ പാനല്‍ സഞ്ജുവിനെ ഹൃദയത്തെ പരീക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. കമ്മിറ്റിയെ മാറ്റണമെന്ന ഹാഷ്ടാഗും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പങ്കുവെച്ചു. എംപി ശശി തരൂരിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഹര്‍ഭജന്റെ പ്രതികരണം.
അവര്‍ സഞ്ജുവിന്റെ ഹൃദയത്തെയാണ് പരീക്ഷിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. സെലക്ഷന്‍ കമ്മിറ്റിയെ മാറ്റേണ്ടിയിരിക്കുന്നു. കരുത്തരായ ആളുകളെയാണ് അവിടെ വേണ്ടത്. ദാദ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ ചരിത്ര പിങ്ക് ബോൾ ടെസ്റ്റിന് തലേന്നാണ് സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നത്. ഏക വിക്കറ്റ് കീപ്പർ ബാറ്സ്മാനായി മോശം ഫോമിലുള്ള ഋഷഭ് പന്തിനെ തിരഞ്ഞെടുത്തതിൽ ആരാധകരടക്കം വിമർശനം ഉന്നയിച്ചിരുന്നു. ബംഗ്ലാദേശിനെതിരായുള്ള മൂന്ന് ടി 20 മത്സരങ്ങൾക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം നൽകിയിരുന്നില്ല. സീനിയർ താരമായ രോഹിത് ശർമയ്ക്ക് വിശ്രമം നൽകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തി. ഈ മാസം അവസാനത്തോടെ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയാകും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം