ഹോം ഗ്രൗണ്ടിലിറങ്ങാൻ സഞ്ജുവിന് അവസരം ലഭിക്കുമോ; പ്രതീക്ഷയോടെ ആരാധകർ
ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടി 20 നടക്കുന്ന കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയം മത്സരത്തിന് പൂർണ സജ്ജമായി കഴിഞ്ഞു. നാല്പത്തിനായിരത്തോളം കാണികൾ ആവേശപ്പൂരത്തിനെത്തുമെന്നാണ് കരുതുന്നത്. റൺമഴ പ്രതീക്ഷിച്ച് സ്റ്റേഡിയത്തിലേക്ക് എത്തുന്ന ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ അന്തിമ ഇലവനിലുണ്ടാകുമോയെന്നാണ്. ആദ്യ മത്സരത്തിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു ഇന്നും കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്.
ഋഷഭ് പന്തിന് പൂർണ പിന്തുണ നായകൻ വിരാട് കോഹ്ലി പ്രഖ്യാപിച്ചതോടെ ഓപ്പണർ കെ എൽ രാഹുലിന് പകരം സഞ്ജുവിനെ ഉൾപ്പെടുത്താനുള്ള സാധ്യതകളാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ രാഹുലിന്റെ സ്ഥാനത്തിന് ഇളക്കം തട്ടില്ലായെന്നത് ഉറപ്പാണ്. തകർത്തടിച്ച ഋഷഭ് പന്തിന്റെ സ്ഥാനവും സുരക്ഷിതം. ഹോം ഗ്രൗണ്ടിലെ സഞ്ജുവിന്റെ മികവ് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിഗണിച്ചാൽ മാത്രമേ ആരാധകരുടെ സ്വപ്നം സഫലമാകൂ. കഴിഞ്ഞ കളിയിൽ ഓരോവർ മാത്രമെറിഞ്ഞ ആൾറൗണ്ടർ ശിവം ദുബെയ്ക്കു പകരം ഒരു സ്പെഷ്യലിസ്റ് ബാറ്റസ്മാനെ ഉൾപ്പെടുത്താൻ ടീം മാനേജ്‌മന്റ് തയ്യാറായാലും സഞ്ജുവിന് നറുക്ക് വീഴും.
വൈകീട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇതിന് മുൻപ് ഇവിടെ നടന്ന രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മഴ പെയ്താലും അര മണിക്കൂറിനുള്ളിൽ തന്നെ മത്സരം പുനരാരംഭിക്കാനാകുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായാണ് സ്പോർട്സ് ഹബ്ബിനെ താരങ്ങൾ വിശേഷിപ്പിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം