‘ഷൊയബ് അക്തര്‍ പറഞ്ഞതെല്ലാം ശരി’; ഹിന്ദുവായതിനാൽ വിവേചനം നേരിട്ടിരുന്നുവെന്ന് പാക് താരം ഡാനിഷ് കനേരിയ
താൻ നേരിട്ട വിവേചനത്തെക്കുറിച്ച് മുൻ പാക് താരം ഷൊയബ് അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ഡാനിഷ് കനേരിയ. ഇതെല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ച അക്തറിനെ കനേരിയ പ്രശംസിക്കുകയും ചെയ്തു. മികച്ച പ്രകടനം നടത്തിയിട്ടും ഹിന്ദുവായതിനാൽ സഹതാരങ്ങൾ കനേരിയയെ കളിയാക്കാറുണ്ടായിരുന്നുവെന്നും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാറില്ലായിരുന്നുവെന്നും അക്തർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അക്തർ പറഞ്ഞതെല്ലാം സത്യമാണ്. എന്നോട് വിവേചനം കാണിച്ച സഹതാരങ്ങളുടെ പേര് ഞാൻ വൈകാതെ വെളിപ്പെടുത്തും. മുൻപ് ഇതിനെതിരെ ശബ്ദമുയർത്താൻ എനിക്ക് ധൈര്യമില്ലായിരുന്നു. അക്തർ ഭായ് ഇതിനെതിരെ പ്രതികരിച്ച ശേഷമാണ് എനിക്ക് തുറന്ന് പറയാനുള്ള ധൈര്യം വന്നത്
ഡാനിഷ് കനേരിയ
അതേസമയം സംഭവം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും തന്നെ പിന്‍തുണച്ച മുഴുവന്‍ താരങ്ങളോടും ബഹുമാനമുണ്ടെന്നും കനേരിയ പീന്നീട് ട്വീറ്റ് ചെയ്തു.
കളിച്ചിരുന്ന കാലത്ത് അക്തറും, ഇൻസമാമും, യൂനിസ് ഖാനും, മുഹമ്മദ് യൂസഫും തന്നെ പിന്തുണച്ചിരുന്നതായും താരം കൂട്ടിച്ചേർത്തു. പാകിസ്താന് വേണ്ടി 261 ടെസ്റ്റ് വിക്കറ്റുകളും 15 ഏകദിന വിക്കറ്റുകളും കനേരിയ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ പാക് താരങ്ങളിൽ നാലാമതാണ് ഡാനിഷ് കനേരിയ. 2009ൽ കൗണ്ടി ക്രിക്കറ്റിൽ ഒത്തുകളിക്ക് പിടിക്കപ്പെട്ട താരം നാല് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അഞ്ച് വർഷത്തേക്ക് വിലക്കി. കഴിഞ്ഞ വർഷമാണ് ഒത്തുകളിയിൽ പങ്കാളിയായിട്ടുണ്ടെന്ന് കനേരിയ പരസ്യമായി സമ്മതിച്ചത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം