‘തോല്‍ക്കുമ്പോള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരിക’; ജന്മദിനത്തില്‍ 15 വയസ്സുള്ള തനിക്ക് കത്തെഴുതി വിരാട്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലിയുടെ 31-ാം ജന്മദിനമാണിന്ന്. മുന്‍വര്‍ഷങ്ങളിലേപ്പോലെ തന്നെ സമൂഹമാധ്യമങ്ങള്‍ ആശംസകള്‍ കൊണ്ടുനിറച്ച് ആരാധകര്‍ സൂപ്പര്‍ വിയുടെ ബര്‍ത്ത്‌ഡേ ഉഷാറാക്കി. കുറഞ്ഞ പ്രായത്തിനുള്ളില്‍ പല റെക്കോഡും തകര്‍ത്ത് ഉഗ്രന്‍ പ്രകടനവുമായി കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ഒരു തിരിഞ്ഞുനോട്ടം നടത്തിയിരിക്കുകയാണ് വിരാട്. 15 വയസ്സ് പ്രായമുണ്ടായിരുന്നപ്പോഴുള്ള തന്നെത്തന്നെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തെഴുതി കോഹ്‌ലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വികാരനിര്‍ഭരമായി കത്ത് അധികം വൈകാതെ തന്നെ വൈറലായി. 'എന്റെ ജീവിത പാഠങ്ങളും പ്രയാണങ്ങളും 15 വയസ്സ് പ്രായമുണ്ടായിരുന്നപ്പോഴുള്ള എനിക്ക് വിശദീകരിക്കുന്നു. പരമാവധി നന്നായി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. ഒന്ന് വായിച്ചു നോക്കു' എന്ന ആമുഖത്തോടെയാണ് വിരാടിന്റെ ട്വീറ്റ്.
കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഹായ് ചിക്കു,
ആദ്യമായി ഒരു സന്തോഷ ജന്മദിനം ആശംസിക്കുന്നു. നിന്റെ ഭാവിയെപ്പറ്റി ഒരുപാട് ചോദ്യങ്ങള്‍ നിനക്ക് എന്നോട് ചോദിക്കാനുണ്ടാവുമെന്നറിയാം. എല്ലാത്തിനും ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞെന്ന് വരില്ല. ഇനി എന്താണ് നടക്കാന്‍പോകുക എന്നതിനെ പറ്റി ധാരണയില്ലാത്തതു കൊണ്ട് എല്ലാ സര്‍പ്രൈസുകളും പ്രിയമുള്ളതായി. എല്ലാ വെല്ലുവിളികളും കോരിത്തരിപ്പിക്കുന്നതായി. എല്ലാ നിരാശകളും പാഠം പഠിക്കാനുള്ള അവസരങ്ങളായി. നിനക്കിത് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയില്ല. ലക്ഷ്യത്തേക്കാളുപരി മാര്‍ഗമാണ് പ്രധാനം. ആ പ്രയാണങ്ങളെല്ലാം ഗംഭീരമാണ്.
നിനക്കായി ജീവിതം ഒരുപാട് വലിയ കാര്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് വിരാട്. നിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാ അവസരങ്ങളേയും നേരിടാന്‍ നീ പ്രാപ്തനായിരിക്കണം. വരുന്ന അവസരങ്ങളെല്ലാം പിടിച്ചെടുക്കുക. ഒന്നിനെയും ചോദ്യം ചെയ്യാതെ സ്വീകരിക്കുക. എല്ലാവരെയും പോലെ നീയും തോല്‍വിയെ അഭിമുഖീകരിക്കും. കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കുക.
നിന്നെ സ്‌നേഹിക്കാനും വെറുക്കാനും ഒരുപാട് പേര്‍ ഉണ്ടാകും. നിന്നെ അറിയാത്തവര്‍ പോലും. അവരെ കുറിച്ച് ചിന്തിക്കാതെ നിന്നില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോകുക.
അച്ഛന്‍ ഇന്ന് സമ്മാനിക്കാമെന്ന് പറഞ്ഞ ഷൂസിനെപ്പറ്റിയാണ് നിന്റെ ചിന്തയെന്ന് എനിക്കറിയാം. ഇന്ന് രാവിലെ നിനക്ക് അച്ഛന്‍ തന്ന ആലിംഗനത്തോളമോ നിന്റെ ഉയരത്തെപ്പറ്റി അച്ഛന്‍ പറഞ്ഞ തമാശയോളമോ വലുതല്ല ഒന്നും. ഇതെല്ലാം വിലപ്പെട്ടതായി കരുതുക. ചില സമയങ്ങളില്‍ അദ്ദേഹം കര്‍ക്കശക്കാരനായിരിക്കാം. പക്ഷെ അതെല്ലാം നിന്റെ നേട്ടത്തിന് വേണ്ടിയാണ്. ചിലപ്പോള്‍ രക്ഷിതാക്കള്‍ക്ക് നിന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് തോന്നാം. പക്ഷെ ഒരു കാര്യം ഓര്‍ത്തു വച്ചോളു- നമ്മുടെ കുടുംബം മാത്രമേ നമ്മെ നിരുപാധികമായി സ്‌നേഹിക്കുകയുള്ളു. അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക, അവരുമായി സമയം ചിലവഴിക്കുക.ഇന്നും നാളെയും ഇനി എന്നും അച്ഛനോടുള്ള സ്‌നേഹം അദ്ദേഹത്തെ ബോധ്യപ്പെടുത്തുക.
നിന്റെ മനസ്സിനെ പിന്തുടരുക, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക,വലിയ സ്വപ്നങ്ങള്‍ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ലോകത്തെ അറിയിക്കുക.
പരാത്ത എല്ലാം ആസ്വദിച്ച് കഴിക്കു തോഴ. വരും കാലങ്ങളില്‍ അതെല്ലാം ആഡംബരപൂര്‍ണമാകും.
വിരാട്..എല്ലാ ദിവസങ്ങളും സൂപ്പറാക്കൂ..
ബംഗ്ലാദേശിനെതിരെയുള്ള ടി 20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ കളത്തിലിറങ്ങില്ല. കോഹ്ലി വിശ്രമത്തിന് ശേഷം ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം