‘ഇതുപോലെ ഒട്ടനവധി പേരെ ലോകത്തിന് വേണം’; വൈറല്‍ ചിത്രത്തിലെ ദമ്പതികള്‍ക്ക് കയ്യടി
മാഞ്ചസ്റ്ററിലെ ആവേശകരമായ ഇന്ത്യ പാക് മത്സരത്തോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ദമ്പതികളുടെ ചിത്രം. ഇന്ത്യയുടെയും പാകിസ്താന്റെയും ജഴ്‌സികള്‍ ചേര്‍ത്ത് തുന്നി ധരിച്ചെത്തിയ ദമ്പതികളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ പാക് മത്സരം പുരോഗമിക്കെയാണ് ഇവരുടെ ഫോട്ടോ വൈറലായത്. ലക്ഷ്മി കൗള്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഇവരുടെ ചിത്രം പങ്കുവെച്ചത്. മത്സരത്തില്‍ ഇന്ത്യ 89 റണ്‍സിന് വിജയിച്ചിരുന്നു. ലോകകപ്പുകളുടെ ചരിത്രത്തില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ ഏഴാം വിജയമായിരുന്നു ഇത്. ഒരുഭാഗത്ത് ഇന്ത്യയുടെയും മറുഭാഗത്ത് പാകിസ്താന്റെയും ജഴ്‌സികള്‍ ചേര്‍ത്തുവെച്ച് തുന്നിയായിരുന്നു ഇവരുടെ വസ്ത്രം. യുവാവ് പാകിസ്താന്‍ സ്വദേശിയും ഭാര്യ ഇന്ത്യക്കാരിയുമാണെന്ന് ലക്ഷ്മി കൗള്‍ പറയുന്നു.
മത്സരത്തിനിടെയാണ് കണ്ടതെന്നും കളിയുടെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇവരെന്നും ലക്ഷ്മി കുറിച്ചു. കാനഡയില്‍ നിന്ന് മത്സരം കാണാനെത്തിയതാണ് ദമ്പതിമാര്‍.ഇവര്‍ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയാണന്നും ലക്ഷ്മിയുടെ കുറിപ്പില്‍ പറയുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന് വന്‍ പ്രചാരമാണ് കൈവന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും കളിയെ ആ രീതിയില്‍ കാണണമെന്നും ഐക്യത്തിനായി മത്സരം സഹായിക്കുമെന്നുമുള്ള സന്ദേശം നല്‍കുന്നതാണ് ചിത്രം. ലോകത്തിന് ഇവരെ പോലെ ഒട്ടനവധി പേര്‍ വേണമെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ആര് വിജയിച്ചുവെന്നത് പ്രസക്തമല്ലെന്നും ഐക്യ സന്ദേശം നല്‍കുന്നതാണ് ചിത്രമെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. ഇത്തരത്തില്‍ ലക്ഷ്മിയുടെ പോസ്റ്റിന് വന്‍ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുവരുന്നത്.