കോപ അമേരിക്ക ഫൈനലിന്റെ പശ്ചാത്തലത്തില്‍ സന്ദീപ് ആലിങ്കീല്‍ എഴുതുന്നു
"Brazil, tell me how it feels / To have your daddy in your house"
2014 ൽ ബ്രസീലിൽ വെച്ച് നടന്ന ഫിഫ ലോകകപ്പിൽ ജർമനിയോട് ദയനീയ പരാജയം ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായ ബ്രസീലിനെ കളിയാക്കികൊണ്ട് റിയോ ഡി ജനീറോയിലെ തെരുവിൽ അർജന്റീനിയൻ ആരാധകരുടെ മുദ്രാവാക്യമാണ് മുകളിലത്തേത്. ഒടുവിൽ ഫൈനലിൽ ജർമനിയോട് തോൽക്കേണ്ടി വന്ന അർജന്റീനയെ അതെ നാണയത്തിൽ കളിയാക്കികൊണ്ട് ബ്രസിലുകാർ ആ മുദ്രാവാക്യം തിരിച്ചു വിളിക്കുകയുണ്ടായി ."Argentina, tell me how it feels / To see those five stars staying far away"
ലോക ഫുട്ബോളിലെ വൻ ശക്തികളായ,തെക്കേ അമേരിക്കയെ പ്രതിനിധീകരിക്കുന്ന ഇരു രാജ്യങ്ങൾ തമ്മിലുള്ള 'സോക്കർ ശത്രുത' വീണ്ടും അതിന്റെ പാരമ്യത്തിൽ ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ആരാധകർക്ക് ഒരിക്കൽ കൂടി അവസരം വന്നിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് നടക്കുന്ന കോപ്പ അമേരിക്കയുടെ ഫൈനൽ മത്സരം തീർച്ചയായും സൂപ്പർ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല.ഇരു രാഷ്ട്രങ്ങളുടെ രാജ്യതന്ത്രത്തിൽ നിന്ന് ഫുട്ബോൾ കുറച്ചാൽ വേച്ചു വേച്ചു നടക്കുന്ന മുടന്തുള്ള മൂന്നാം ലോക രാജ്യമെന്ന മെലിച്ചിൽ തന്നെയായിരിക്കും ഫലം.
സോക്കറിൽ കണക്കുകൾക്ക് പ്രസക്തിയുണ്ടോ?
ബ്രസീൽ x അർജന്റീന സോക്കർ വൈരത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1914 സെപ്റ്റംബർ 20 ബ്യൂനസ് അയെഴ്സിൽ വെച്ച് ഇരു ടീമുകളും അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിക്കുകയുണ്ടായി.അതെ മാസം 27ന് കോപ്പ ജൂലിയ റോക്ക യിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തി. ഗാരിഞ്ചയും പെലെയും സീകൊയും അടങ്ങുന്ന സുവർണ തലമുറ ഉയർന്നു വന്ന 58 വരെ അർജന്റീന അവരുടെ സോക്കർ ശത്രുവിനു മേൽ മേധാവിത്വം പുലർത്തുകയുണ്ടായി.പ്രതിഭകൾ ഏറെയുണ്ടായിട്ടും, അഞ്ചു തവണ കപ്പിടനുത്തെത്തിയിട്ടും എന്നാൽ 93' മുതൽ തുടരുന്ന കപ്പ് ക്ഷാമം അർജന്റീനയുടേമേൽ ദുരന്തപൂർണമായ വിഷാദ ഛായ ചാർത്തുന്നു. 2007ലെ ബ്രസീലിമായുള്ള കോപ്പ ഫൈനൽ മുതൽ 2004 ,2015,2016 കോപ്പ ഫൈനൽ തോൽവികളും 2014ലെ ലോകകപ്പ് തോൽവിയും ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത നഷ്ടങ്ങളാണ്.ഇക്കാലത്തിനിടയിൽ 2008ലെ ഒളിമ്പിക് ഗോൾഡ് മെഡലാണ് മെസ്സിക്കും കൂട്ടർക്കും ഓർത്തു മധുരിക്കാനുള്ള ഏക നേട്ടം.ബ്രസീലാണെങ്കിൽ 98ലെ അവരുടെ ദുഖപൂർണമായ രാത്രിയെ 2002ൽ മായ്ച്ചു കളയുകയുണ്ടായി.2004ലും 2007ലും 2019ലും കോപ്പ നേടിയ ബ്രസീൽ 2014ലെ മാരകാന ദുരന്തത്തിനു ശേഷം ലക്ഷണമൊത്ത ഒരു ടീമായി ഖത്തർ ലോകകപ്പിന് മുന്നേ രൂപപ്പെട്ട് വന്നിരിക്കുന്നു എന്നത് ലാറ്റിനമേരിക്കൻ പ്രതീക്ഷയാണ്.ഇതുവരെ ഇരു ടീമുകളും 105 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 41തവണ ബ്രസീലും 38തവണ അർജന്റ്റീനയും വിജയിക്കുകയുണ്ടായി. 26മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഇതിൽ തന്നെ ആകെ 33മത്സരങ്ങളാണ് കോപ്പയിൽ ഇരു ടീമുകളും നേർക്കുനേർ വന്നത്. 15കളികൾ അർജന്റീന വിജയിച്ചപ്പോൾ 10കളികൾ ബ്രസീൽ ജയിച്ചു അവശേഷിക്കുന്ന 8 കളികൾ സമനിലയിൽ പിരിഞ്ഞു. ബ്രസീൽ 163 ഗോളുകൾ അടിച്ചപ്പോൾ 160ഗോളുകളാണ് അർജന്റീനയ്ക്ക് അടിക്കാനായത്. കോപ്പയിൽ ഇത് 52 അർജന്റ്റീനയും, ബ്രസീൽ 40മാണ്. ഏറ്റവും അവസാനം മുഖമുഖം വന്ന സൂപ്പർ 2019ലെ ക്‌ളാസിക്കോയിൽ അർജന്റീന ഏകപക്ഷീയമായ ഒരുഗോളിന് വിജയിക്കുകയുണ്ടായി.
ബ്രസീൽ x അർജന്റീന സോക്കർ വൈരത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1914 സെപ്റ്റംബർ 20 ബ്യൂനസ് അയെഴ്സിൽ വെച്ച് ഇരു ടീമുകളും അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിക്കുകയുണ്ടായി
നായകന്മാരുടെ കളി
ചരിത്രം വാപിളർത്തി നിൽക്കുന്ന ഇരുണ്ട ഗുഹകളിലൂടെ കണ്ണുംപൂട്ടി ഒളിച്ചോടി പോകാൻ കഴിയാത്ത വിധം നായകന്മാർ അകപ്പെട്ടു പോയിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച കളിക്കാരന് തലയിൽ ചൂടാൻ ഒരു അന്താരാഷ്ട്ര കിരീടമില്ലെന്ന കുറവായിരിക്കും ഒരുപക്ഷെ കാലത്തിന്റെ ഏറ്റവും ക്രൂരമായ തമാശകളിൽ ഒന്ന്.മെസ്സിയുടെ നെടുനായകത്തത്തെ അധികമൊന്നും ആശ്രയിക്കരുതെന്ന് കരുതി കളിക്കുന്ന ഒരു കൊച്ചധിഷ്ഠിത ടീമിനെ പ്രതിഭ കൊണ്ട് അയാൾ മുറിച്ചു കടക്കുന്ന കാഴ്ച അവിസ്മരണീയമാണ്. അർജന്റീന ആകെ അടിച്ച 11 ഗോളുകളിൽ നാല് ഗോളുകളും അഞ്ചു അസിസ്റ്റുകളും അയാളുടെ ബൂട്ടിൽ നിന്നാണ്. യുവ താരങ്ങൾ ഒന്നിന് പിറകെ ഒന്നായ് അവസരങ്ങൾ തുലച്ചു കളയുമ്പോൾ അക്ഷോഭ്യനായി അവരെ മോറലി പിന്തുണച്ചും ഓപ്പൺ പോസ്റ്റുകളിൽ ഷൂട്ട് ചെയ്യാതെ അസിസ്റ്റ് ചെയ്തും ടീമിനെയും കളിയെ മുന്നോട്ട് മാത്രം നയിക്കുന്നു അയാൾ. സ്ഥിരതയുള്ള പതിനൊന്നു പേരെ ഇതുവരെ വാർത്തെടുക്കാൻ കഴിയാത്ത സ്കോളനിയെ മൈതാനത്ത് വെച്ച് അയാൾ സുന്ദരമായി ഓവർലാപ്പ് ചെയ്യുന്നു. മെസ്സി തന്നെയാണ് അവരുടെ ഗാർഡിയൻ ഏയ്ഞ്ചൽ.ഏറ്റവും ഒടുവിൽ ട്രൈ ബ്രെക്കറിൽ കൊളമ്പിയയെ തോൽപിച്ചതിനു ശേഷം മെസ്സി പറഞ്ഞ കാര്യം 'ഞങ്ങൾ ആദ്യം ഒരു ഗോൾ നേടുകയാണെങ്കിൽ ഞങ്ങൾക്ക് എമി ഉണ്ട്, അയാൾ നന്നായി കളിക്കുന്നു' എന്നാണ്. ലോകത്ത് അയാളിപ്പോൾ ഇഷ്ടപെടുന്ന, വിശ്വാസമർപ്പിക്കുന്ന ഒരാൾ തീർച്ചയായും അർജന്റ്റീനയുടെ ഗോൾ വല കാക്കുന്ന എമി മാർട്ടിനെസ് തന്നെയായിരിക്കും.മറുവശത്ത് ബ്രസീലിന്റെ സുവർണ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നെയ്മർ-പാക്വിറ്റ് കൂട്ടുകെട്ടിൽ നിന്ന് ചന്ദസാർന്ന സോക്കർ പ്രസരിക്കുന്നു. ആധുനിക ബ്രസീൽ ഫുട്ബോളിന് അധികം പരിചയമില്ലാത്ത കപ്പ-ഏറ പോലുള്ള ബ്രസീലിയൻ ഫോക് - കറുത്ത വംശജരുടെ ആയോധന കലയുമായി സാമ്യമുള്ള കേളി ശൈലി കൊണ്ട് നെയ്മർ അതിശയിപ്പിക്കുന്നു. ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ കാലിൽ കോർത്തുവെച്ച പന്തുമായി അയാൾ പ്രതിരോധ നിരക്കാരുടെ ഇടയിൽ നൃത്തം ചെയ്യുമ്പോൾ അടിമ ചങ്ങലകൾ കിലുങ്ങി കിലുങ്ങി വരുന്നു.കാലം ഘനീഭവിച്ചു നിൽക്കുന്നു.കാസിമെരോയും ടി സിൽവയും അടങ്ങുന്ന സംഘം സുവർണ കാലത്തെ അനുസ്മരിപ്പിക്കുന്ന സോക്കർ കളിക്കുന്നു എന്നത് മെസ്സിക്കും കൂട്ടർക്കും ഫൈനൽ എളുപ്പമാകില്ല.
ഏതാണ്ട് ഇന്ത്യക്ക് സമാനമായ അവസ്ഥ നേരിടുന്ന ബ്രസീലിൽ ടൂർണമെന്റ് നടത്തുന്നതിനെതിരെ ഫുട്‌ബോൾ ഫെഡറേഷനും ബ്രസീൽ കളിക്കാരും കോച്ചും രംഗത്ത് വന്നു. ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് തുറന്നടിച്ചു. യഥാർത്ഥത്തിൽ ഒരാഴ്ച്ച വ്യത്യാസത്തിൽ ടൂർണമെന്റ് ഏറ്റെടുക്കാനുള്ള തീരുമാനം ബ്രസീൽ പ്രസിഡന്റ് ബോൾസോനാറോയുടേത് മാത്രമായിരുന്നു.
ലാറ്റിനമേരിക്കൻ ഫുട്ബോൾ അതിജീവിക്കുമോ?
ഒരു പതിറ്റാണ്ടിന്റെ കഥ പറയാനുണ്ട് കോപ്പ അമേരിക്കക്ക്. 1916ൽ ആരംഭിച്ച കപ്പ് 1967-75 കാലഘട്ടത്തിൽ മാത്രമാണ് നടക്കാതിരുന്നത്. യൂറോ കപ്പ് ആണെങ്കിൽ 1960ലും.കോപ്പ അമേരിക്ക ടൂർണമെന്റ് യൂറോ കപ്പിനെ അപേക്ഷിച്ചു തീരെ ആകർഷകത്വം ഇല്ല എന്നാണ് പൊതുവെ സോക്കർ ലോകത്തെ പരാതി. കോവിഡിന്റെ ഒന്നാം തരംഗത്തിൽ യൂറോപ്പ് അതിവേഗം പിടിവിട്ട് വഷളാകുന്നത് കണ്ടു മൂന്നാം ലോകത്തെ ജനങ്ങൾ ഞെട്ടിയിട്ടുണ്ടാകും. എന്നാൽ അതെ വേഗതയിൽ യൂറോപ്പ് കൊറോണയിൽ നിന്ന് കരകയറുകയും രണ്ടാം തരംഗത്തെ സൂക്ഷ്മമായി തടയുകയും ചെയ്തു. ഒന്നാം തരംഗം കാര്യമായി ബാധിക്കാത്ത ലാറ്റിനമേരിക്ക ഉൾപ്പെടുന്ന മൂന്നാം ലോകം രണ്ടാം തരംഗത്തിൽ സ്തബ്ദരായി പോകുന്നു. കോപ്പ ആദ്യം നിശ്ചയിച്ച അർജന്റീന കോവിഡ് പ്രശ്നം ഉന്നയിച്ചു വേദി ഒരുക്കുന്നതിൽ നിന്ന് പിന്മാറുന്നു.ഇതിനെ തുടർന്ന് സഹ ആതിഥയർ ആയ കൊളമ്പിയയും അവരുടെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പിന്മാറുകയിരുന്നു. ഏതാണ്ട് ഇന്ത്യക്ക് സമാനമായ അവസ്ഥ നേരിടുന്ന ബ്രസീലിൽ ടൂർണമെന്റ് നടത്തുന്നതിനെതിരെ ഫുട്‌ബോൾ ഫെഡറേഷനും ബ്രസീൽ കളിക്കാരും കോച്ചും രംഗത്ത് വന്നു. ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് തുറന്നടിച്ചു. യഥാർത്ഥത്തിൽ ഒരാഴ്ച്ച വ്യത്യാസത്തിൽ ടൂർണമെന്റ് ഏറ്റെടുക്കാനുള്ള തീരുമാനം ബ്രസീൽ പ്രസിഡന്റ് ബോൾസോനാറോയുടേത് മാത്രമായിരുന്നു. കോപ്പ അമേരിക്ക നടത്താനുള്ള സമ്മതം CONMEBOL നെ അറിയിച്ചു കൊണ്ട് ബോൾസാനാരോ തന്റെ മന്ത്രിമാരോട് 'അത് നിശ്ചയിക്കപ്പെട്ടു' എന്നറിയിക്കുകയായിരുന്നു. ബ്രസീലിൽ കോവിഡ് പിടിച്ചു കെട്ടുന്നതിൽ അമ്പേ പരാജയമായ വലത് പക്ഷ പ്രസിഡന്റ് ജൈർ ബോൾസോനാറോയ്ക്കെതിരെ ഉയരുന്ന പ്രതിഷേധം മറച്ചു വെക്കാൻ സോക്കറിനെ മറയാക്കുകയായിരുന്നു. ആളുന്ന തീയിലേക്ക് പന്തിട്ട് കൊടുത്താൽ അവിടെ വെച്ചും ബ്രസീലുകാർ കളി ആസ്വദിക്കും എന്നയാൾക്ക് നല്ല നിശ്ചയമുണ്ട്. എന്നാൽ പ്രസിഡന്റ്‌നെതിരെ കൊടി ഉയർത്തിയ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് റോജെരിയോ കോബോക്ലോയെ ലൈംഗീക ആരോപണത്തിന്റെ പേരിൽ എത്തിക്സ് കമ്മിറ്റി മുപ്പത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.അതായത് കോപ്പ അമേരിക്ക തീരും വരെ കോബോക്ലോയോ നിശബ്ദനാക്കി.
യൂറോപ്യൻ സാമ്രാജ്യത്വ ശക്തികൾ പിഴിഞ്ഞ് ചണ്ടി പരുവമാക്കിയ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വീണ്ടും വീണ്ടും ജനാധിപത്യം ഇറക്കുമതി ചെയ്യുന്ന പേരിൽ നവ ഉദാരവത്കരണം നടപ്പിലാക്കുന്ന പാവ സർക്കാറുകളിലൂടെ നുഴഞ്ഞു കയറി അവശേഷിക്കുന്നതും കൊള്ളയടിക്കുക മാത്രമാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം.ലാറ്റിനമേരിക്ക -ഏഷ്യ -ആഫ്രിക്ക എന്നിവിടങ്ങയിൽ നിന്ന് ഒരു രാജ്യം കഴിഞ്ഞ 19 വർഷമായി ലോകകപ്പ് നേടിയിട്ടില്ല എന്ന് കൂടി നാം ഓർക്കണം. മൂന്നാം ലോക രാജ്യത്തെ അതിന്റെ 'തനിമ' നിലനിർത്തി പ്രതിഭകളെ ചെറി പിക് ചെയ്യുന്ന ഏർപ്പാട് മാത്രമേ ഇനിയും ഉണ്ടാകൂ. അവരുടെ സോക്കർ ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൈ സഹായവും യൂറോപ്പിൽ നിന്നോ ഫിഫയുടെ പോലും ഭാഗത്ത് നിന്നോ പൂർണമനസ്സോടെ ഉണ്ടാകില്ല.
യൂറോപ്പോ മൂന്നാം ലോകമോ?
അമേരിക്കയുടെ കോച്ചായ യുർഗൻ ക്ലിൻസ്മാൻ പറഞ്ഞത് 16ടീം മാത്രം കളിക്കുന്ന കോപ്പ അമേരിക്ക 24ടീം കളിക്കുന്ന യൂറോയേക്കാൾ മികച്ചതാണെന്നാണ്. മികച്ച സോക്കർ നിമിഷങ്ങൾ, കളി മികവും ശൈലിയും നോക്കുമ്പോൾ ലാറ്റിമേരിക്കൻ പ്രതിഭയുടെ മുന്നിൽ യൂറോപ്പ് ഒന്നുമല്ല. പാണാധിപത്യമല്ല, മറിച്ചു എങ്ങനെ കളിക്കുന്നു എന്നാണ് നോക്കേണ്ടതെന്ന് ക്ലിൻസ്മാൻ പറയുന്നു.
കളിക്കാരുടെ, ടീമിന്റെ സമ്മാന തുക ,ടൂർണമെന്റ് സമ്മാനത്തുക, സ്പോൺസർഷിപ് എന്നിവയെ അടിസ്ഥാനമാക്കി നടക്കുന്ന സ്ഥിതിവിവര കണക്കുകളിൽ എന്നാൽ ലാറ്റിനമേരിക്ക യുറോപ്പിന് പിന്നിൽ കിതച്ചു നിൽക്കുന്നു. ഞങ്ങൾക്ക് പ്രതിഭകളെ മാത്രം മതി എന്ന നിലയിൽ മാത്രമാണ് യൂറോപ്യൻ ഫുട്ബോൾ വ്യവസായം ലാറ്റിൻ ഫുട്ബോളിനെ കാണുന്നതെന്ന് നിസംശയം പറയാം.
Marketwatch.com പുറത്ത് വിട്ട കണക്ക് പ്രകാരം 483 മില്യൺ യൂറോയാണ് 2016ൽ യൂറോകപ്പിന് സ്പോൺസർഷിപ്പായി UEFA ലഭിച്ചത്. ജൂൺ 11മുതൽ 22 വരെ യൂറോയുടെ സംപ്രേക്ഷണവകാശം സ്വന്തമാക്കിയ സോണി പിക്ച്ചർ സ്പോർട്സ് നെറ്റ്‌വർക്ക് (SPSN) ന്റെ റിപ്പോർട്ട് പ്രകാരം ആദ്യത്തെ 21 മത്സരങ്ങൾ 37മില്യൺ ആളുകൾ കാണുകയുണ്ടായി. ഇത് 2016നെ അപേക്ഷിച്ചു മൂന്ന് മടങ്ങു അധികമാണ്.കോപ്പ അമേരിക്കയിൽ ആണെങ്കിൽ ആദ്യത്തെ പത്ത് മത്സരങ്ങൾ ഓരോ മത്സരത്തിനും ഒരു മില്യൺ എന്ന നിലയിലായിരുന്നു.ടൂർണമെന്റിനു ലഭിക്കുന്ന സ്പോൺസർഷിപ് കളി കാണുന്നവരുടെ എണ്ണത്തെയും ബാധിക്കുന്ന അവസ്ഥ. യൂറോ കപ്പിലെ 25% സ്പോൺസിഷിപ്പ് വരുമാനം യൂറോപ്പിലെ പ്രമുഖ കളിക്കാരുടെ അസോസിയേറ്റ് ബ്രാൻഡുകൾ വഴി വന്നു ചേരുന്നു.2016ലെ കോപ്പയിൽ 18മില്യൺ ഡോളറാണ് ആകെ സാമാനത്തുകയായി CONMEBOL വകയിരുത്തിയത്. യൂറോയിൽ ഇത് 304മില്യൺ യൂറോ ആയിരുന്നു. 2021 കോപ്പയിൽ 23മില്യനും യൂറോയിൽ 373മില്യൺ ഡോളറും ആകുന്നു.
യൂറോയിൽ ചാമ്പ്യൻ ടീമിന് 10മില്യൺ യൂറോ കിട്ടുമ്പോൾ (ഗ്രൂപ്പ് സ്റ്റേജ് മുതൽ ലഭിക്കുന്ന സമ്മാനത്തുക കൂട്ടിയാൽ 34മില്യൺ യൂറോ വരും ) കോപ്പയിൽ 6.3മില്യൺ ഡോളർ മാത്രമാണ്.ഗ്രൂപ്പ് സ്റ്റേജ്, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ തുടങ്ങി ക്വാളിഫയിങ്ങിന് വരെ മികച്ച സാമ്പത്തിക പിന്തുണ യുവേഫ യൂറോയിൽ മത്സരിക്കുന്ന ടീമുകൾക്ക് ഉറപ്പ് വരുത്തുന്നു. ലാറ്റിമേരിക്കൻ ടീമുകൾക്ക് ഇതൊക്കെ കിട്ടാകനിയാണ്. വളരെ പ്രാരാബ്ദം നിറഞ്ഞ, രാഷ്ട്രീയ അസ്ഥിരതയുള്ള നാടുകളിൽ പന്ത് തട്ടി യുറോപ്യൻ ക്ലബുകളുടെ പ്രീതി സാമ്പാദിക്കാനായി യുവാക്കൾ മത്സരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. എന്നാൽ പാസ്സ്പോര്ട്ടും പൗരത്വവും ഉയർന്ന പ്രതിഫലവും കാട്ടി കൊതിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ മോഹന വാഗ്ദാനങ്ങൾക്ക് മുന്നിൽ സ്വതാഭിമാന പ്രശ്‌നത്താൽ ഇച്ചാശക്തി പ്രകടിപ്പിക്കുന്ന ലാറ്റിമേരിക്കൻ പ്രതിഭകൾ ചില്ലറക്കാരല്ല.
90കൾക്ക് മുൻപ് ഭൂരിപക്ഷം വരുന്ന ലാറ്റിനമേരിക്കൻ കളിക്കാരും സ്വന്തം ലീഗിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു. സോക്രടീസ് ഒക്കെ ഒരു സീസനാണ് ഇറ്റലിയിൽ കളിച്ചത്. 90കൾ വരെയുള്ള മികച്ച ഫുട്ബോൾ കളിക്കാരുടെ പട്ടിക എടുത്താൽ ഈ പ്രത്യേകത കാണും. 86നു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെ സംപ്രേകഷ്ണാവകാശം വലിയ തുകക്ക് വിറ്റ് പോയതും കളിക്കാരുടെ പ്രതിഫലം ഉയർന്നതും യൂറോപ്പ് കളിക്കാരുടെ ഇഷ്ട കേന്ദ്രമായി മാറാൻ കാരണമായിട്ടുണ്ട്. യൂറോപ്പ് അവർക്ക് വേണ്ട പ്രതിഭകളെ ചെറി പിക് ചെയ്യുന്ന ഏർപ്പാട് തുടങ്ങിയതും ഈ കാലത്താണ്. ഉയർന്ന പ്രതിഫലവും മാധ്യമ ശ്രദ്ധയും കളിക്കാരുടെ ശ്രദ്ധ യൂറോപ്പിലേക്ക് കേന്ദ്രികരിക്കാൻ ഇടയായിട്ടുണ്ട്. യൂറോപ്പാണ് ഫുട്ബോളിന്റെ മെക്കയെന്ന് വരുത്തി തീർക്കാൻ ലൈവ് ടെലികാസ്റ് സംവിധാനവും അതുവഴി ധനമൂലധനത്തിന് സാധിച്ചിട്ടുണ്ട്.86ലെ മെക്സിക്കൻ ലോകകപ്പിൽ കളി സമയം യൂറോപ്പിന്റെ പ്രൈം ടൈമിന് അനുസൃതനായി നിശ്ചയിച്ചത് ലാറ്റിമേരിക്കൻ കളിക്കാരെ ചൊടിപ്പിച്ചിരുന്നു. പലപ്പോഴും പൊരിവെയിലത്ത് കളിക്കേണ്ടി വന്ന ടീമുകൾ ഫിഫക്കെതിരെ പ്രതിഷേധം നടത്തി. മറഡോണയാണ് ഇക്കാര്യത്തിൽ പരസ്യമായി രംഗത്ത് വന്ന കളിക്കാരൻ(82ലെ ലോകകപ്പ് ഡിഫെർഡ് ലൈവ് ആയിട്ടാണ് ടെലികാസ്റ്റ് ചെയ്തത്.86ൽ ഇത് ലൈവ് ടെലികാസ്റ്റ് ആയി മാറി. ഇത് സോക്കറിന്റെ വാണിജ്യപരത തുറന്നു കൊടുത്തു)അതുകൊണ്ട് ആയിരം റിക്വൽമിമാർ ബൊക്ക ജൂനിയേസിൽ കളിച്ചാലും അവർക്ക് ആവശ്യമുള്ള കാലത്ത് ഉപയോഗിച്ച് കളയും എന്നുറപ്പാണ്. ആത്യന്തികമായി യൂറോപ്പ്യൻ കുത്തകകൾ ഫുട്ബോളിനെ വിദേശ നിക്ഷേപം സ്വീകരിക്കുന്ന, നല്ല ലാഭം കൊയ്യാനാവുന്ന മ്യുചൽ ഇൻവെസ്റ്റ്മെന്റ് പരിപാടിയാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ട് മൂന്നാം ലോക രാജ്യങ്ങൾക്ക് ചുരുങ്ങിയത് ലറ്റിനമേരിക്കക്ക് ഒന്നിച്ചു നില്കാതെ ഇനി മുന്നോട്ട് പോകാനാവില്ല.
ലാറ്റിനമേരിക്ക ഉൾപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് ഒരു ടീം ഖത്തർ ലോകകപ്പ് നേടുന്നതാണ് 2022 കാണുന്ന ഏറ്റവും പ്രതീക്ഷ നിർഭരമായ രാഷ്ട്രീയ മുന്നേറ്റം.