അത് 'ദൈവത്തിന്‍റെ കൈ' ഗോള്‍ പിറന്ന ജഴ്സിയല്ല, മറ്റൊന്ന്; ലേലത്തിന് മുന്നേ മറഡോണയുടെ മകള്‍

അത് 'ദൈവത്തിന്‍റെ കൈ' ഗോള്‍ പിറന്ന ജഴ്സിയല്ല, മറ്റൊന്ന്; ലേലത്തിന് മുന്നേ മറഡോണയുടെ മകള്‍
Published on

ദൈവത്തിന്‍റെ കൈ എന്നറിയപ്പെടുന്ന ഗോള്‍ പിറന്നപ്പോള്‍ തന്‍റെ പിതാവ് അണിഞ്ഞ ജഴ്സിയല്ല ഇത്തവണ ലേലത്തിന് വെക്കുന്നതെന്ന് ഡീഗോ മറഡോണയുടെ മകള്‍. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഐതിഹാസികമായ ആ ഗോള്‍ പിറന്നപ്പോള്‍ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് ലേലത്തിന് വരുന്നതെന്ന അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെ ആദ്യ പകുതിയില്‍ അണിഞ്ഞ ജേഴ്‌സിയാണ് ഇപ്പോള്‍ ലേലത്തില്‍ വരുന്നത് എന്നാണ് ഡാല്‍മ മറഡോണ അവകാശപ്പെടുന്നത്. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ മത്സരം അവസാനിച്ചതിന് ശേഷം മറഡോണ താനുമായി ജേഴ്‌സി കൈമാറി എന്നാണ് ഇംഗ്ലണ്ടിന്റെ മധ്യനിര താരം സ്റ്റീവ് ഹോഡ്ജ് പറയുന്നത്. ഹോഡ്ജിന് ലഭിച്ച ജേഴ്‌സിയാണ് ഇപ്പോള്‍ ലേലത്തില്‍ വെക്കുന്നത്.

എന്നാല്‍ മറഡോണയുടെ മകളുടെ വാദം ജഴ്സി ലേലത്തില്‍ വെക്കുന്ന സോത്‌ബൈ എന്ന കമ്പനി തള്ളി. ജേഴ്‌സിയുടെ വിശ്വാസ്യത ഉറപ്പാക്കിയതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ടണലില്‍ വെച്ച് മത്സരത്തിന് ശേഷം ഹോഡ്ജുമായി ജേഴ്‌സി കൈമാറിയത് മറഡോണയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ തന്റെ പിതാവ് അണിഞ്ഞ ജേഴ്‌സി മറ്റൊരാളുടെ കൈകളിലാണെന്നാണ് ഡാല്‍മ മറഡോണ അവകാശപ്പെടുന്നത്. പക്ഷേ ആ ഉടമയുടെ പേര് വെളിപ്പെടുത്താന്‍ ഡാല്‍മ തയ്യാറായില്ല. എന്റെ ജീവനായ ഷര്‍ട്ട് എങ്ങനെ അയാള്‍ക്ക് നല്‍കും എന്ന് മറഡോണ പറഞ്ഞിരുന്നതായും ഡാല്‍മ പറയുന്നു.

ഈ മുന്‍ താരം വിചാരിച്ചിരിക്കുന്നത് എന്റെ പിതാവ് രണ്ടാം പകുതിയില്‍ അണിഞ്ഞ ജഴ്‌സി സ്വന്തമാക്കി എന്നാണ്. എന്നാല്‍ ഫസ്റ്റ് ഹാഫിലെ ജേഴ്‌സിയാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഈ ജഴ്‌സി വാങ്ങാന്‍ പോകുന്ന ആളുകള്‍ ഇത് അറിഞ്ഞിരിക്കണം. അതുകൊണ്ടാണ് വ്യക്തമാക്കുന്നത് എന്നും ഡാല്‍മ പറഞ്ഞു.

1986ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റീന 2-1 എന്ന സ്കോറിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി കലാശിച്ചെങ്കിലും രണ്ടാം പകുതിയില്‍ മറഡോണ നേടിയ രണ്ട് ഗോളുകളുടെ പിന്‍ബലത്തില്‍ അര്‍ജന്‍റീന വിജയിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in