വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ അനിശ്ചിതത്വം തുടരുന്നു; വിധി പുറപ്പെടുവിക്കാനുള്ള തിയതി വീണ്ടും നീട്ടി

വിനേഷ് ഫോഗട്ട്
വിനേഷ് ഫോഗട്ട്
Published on

ശരീരഭാരത്തിന്റെ പേരില്‍ ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ തീരുമാനം വൈകുന്നു. ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും തിയതി വീണ്ടും നീട്ടി. വെള്ളിയാഴ്ച വിധി പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്. നൂറ് ഗ്രാം ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് തനിക്ക് വെള്ളി മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിനു മുന്‍പായി ഓഗസ്റ്റ് 10ന് വിധി പുറത്തു വരുമെന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പ്. പിന്നീട് ഇത് ഓഗസ്റ്റ് 13ലേക്ക് മാറ്റി. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30ന് മുന്‍പായി വിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പിന്നീടാണ് 16-ാം തിയതിയിലേക്ക് ഇത് മാറ്റിയതായി അറിയിപ്പ് എത്തിയത്. 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ചതിനു പിന്നാലെയായിരുന്നു വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. ഫൈനല്‍ ദിവസം രാവിലെ നടത്തിയ ഭാര പരിശോധനയില്‍ അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഒളിമ്പിക്‌സ് ഗുസ്തിയില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതയെന്ന നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി അയോഗ്യയാക്കപ്പെട്ടത് താരത്തെയും ആരാധകരെയും നിരാശരാക്കിയിരുന്നു. തനിക്ക് തുടരാന്‍ ശക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിനേഷ് വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. തുടര്‍ന്ന് തനിക്കും വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിനേഷ് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ക്യൂബന്‍ താരം യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനൊപ്പം വെള്ളി പങ്കുവെയ്ക്കണമെന്നാണ് ആവശ്യം. സെമിയില്‍ വിനേഷിനോട് പരാജയപ്പെട്ട ക്യൂബന്‍ താരം വിനേഷിനെ അയോഗ്യയാക്കിയതോടെ ഫൈനല്‍ യോഗ്യത നേടിയിരുന്നു. ഫൈനല്‍ യോഗ്യത നേടിയ മത്സരത്തില്‍ തനിക്ക് അനുവദനീയമായ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് അപ്പീലില്‍ വിനേഷ് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യാന്തര കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി 1984ല്‍ രൂപീകരിക്കപ്പെട്ട കോടതിയാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് (CAS). പരാതിയില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ്, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എന്നിവരാണ് എതിര്‍കക്ഷികള്‍. വിനേഷിന്റെ കേസില്‍ ഡോ.അനബെല്‍ ബെന്നെറ്റിനെ സിഎഎസ് അഡ്‌ഹോക് ഡിവിഷന്‍ സോള്‍ ആര്‍ബിട്രേറ്ററായി നിയമിച്ചു. ഇവരാണ് കേസില്‍ വിധി പറയേണ്ടത്.

അന്തിമ വിധി ഓഗസ്റ്റ് 16ന് പാരീസ് സമയം വൈകിട്ട് 6 മണിക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. വിനേഷിനു വേണ്ടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഹാജരായത്. ഫ്രഞ്ച് അഭിഭാഷകരായ ജോയല്‍ മോന്‍ലൂയിസ്, എസ്‌തെല്‍ ഇവാനോവ, ഹബീന്‍ എസ്‌തെല്‍ കിം, ചാള്‍സ് ആംസണ്‍ എന്നിവരും വിനേഷിന്റെ അഭിഭാഷക സംഘത്തിലുണ്ടായിരുന്നു. ഭാരം കുറയ്ക്കുന്നതിനായി ഫൈനലിന്റെ തലേ രാത്രി വിനേഷ് ഉറക്കമൊഴിഞ്ഞ് വ്യായാമം ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് താരത്തിന് പിന്നീട് വൈദ്യസഹായം തേടേണ്ടി വന്നു

വിഷയത്തില്‍ വിനേഷിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കയ്യൊഴിഞ്ഞത് വിവാദമായിരുന്നു. ഗുസ്തിയുള്‍പ്പെടെയുള്ള കായികയിനങ്ങളില്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത് താരങ്ങളുടെയും കോച്ചിന്റെയും ഉത്തരവാദിത്തമാണെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായ പി.ടി.ഉഷ പറഞ്ഞതാണ് വിവാദമായത്. വിനേഷ് ഫോഗട്ട് വിഷയത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന ഔദ്യോഗിക മെഡിക്കല്‍ സംഘത്തെ സോഷ്യല്‍ മീഡിയയും ആരാധകരും കുറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉഷയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in