​ഗ്രൂപ്പുതല ഘട്ടം അവസാനിക്കുമ്പോൾ അർജന്റീനയുടെ സാദ്ധ്യതയെന്ത്; പ്രീക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്യുമോ മെസ്സിപ്പട

​ഗ്രൂപ്പുതല ഘട്ടം അവസാനിക്കുമ്പോൾ അർജന്റീനയുടെ സാദ്ധ്യതയെന്ത്; പ്രീക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്യുമോ മെസ്സിപ്പട
Published on

ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ അവസാന ഗ്രൂപ്പ്തല മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്. പോളണ്ടുമായി നടക്കാനിരിക്കുന്ന മത്സരത്തിൽ അർജന്റീന ഒരു ഗോളിനെങ്കിലും ജയിച്ചാൽ അവർക്ക്‌ പ്രീക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്യാം. എന്നാൽ സമനില വഴങ്ങിയാൽ കാര്യങ്ങൾ കടുപ്പമാകും.

നിലവിൽ 4 പോയിന്റോടെ പോളണ്ടാണ് ഗ്രൂപ്പ്‌ സിയിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്‌. രണ്ടാം സ്ഥാനത്ത്‌ അർജന്റീന (3)യാണ്. സൗദി(3), മെക്സിക്കോ(1) എന്നിവർ മൂന്ന്, നാല് സ്ഥാനങ്ങളിലും. സൗദിക്കും അർജ്ജന്റീനക്കും 3 പോയിന്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിൽ അർജന്റീന സൗദിയെ പിന്തള്ളി.

അർജന്റീന സമനില വഴങ്ങിയാൽ എന്താണ് സാദ്ധ്യത എന്ന് നോക്കാം

1) അർജന്റീന പോളണ്ട്‌ മത്സരം സമനിലയിൽ കലാശിക്കുകയും സൗദി മെക്സിക്കോ പോരാട്ടത്തിൽ സൗദി ജയിക്കുകയും ചെയ്താൽ സൗദി 6 പോയിന്റോടെ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായും പോളണ്ട്‌ 5 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടർ യോഗ്യത നേടും.

2) അർജന്റീന പോളണ്ട്‌ മത്സരം പോലെ സൗദി മെക്സിക്കോ മത്സരവും സമനിലയിലായാൽ അർജന്റീനക്ക്‌ സാദ്ധ്യതയുണ്ട്‌. പോളണ്ട്‌ 5 പോയിന്റുമായി ഗ്രൂപ്പ്‌ ചാമ്പ്യന്മാരാകുമെങ്കിലും സൗദിക്കും അർജന്റീനക്കും 4 പോയിന്റുകൾ ആകും. ഈ ഘട്ടത്തിൽ ഗോൾ വ്യത്യാസം പരിഗണിക്കും. നിലവിൽ അർജന്റീനക്ക്‌ +1 ഉം സൗദിക്ക്‌ -1ഉം ആണ് ഗോൾ വ്യത്യാസം. ഇരു ടീമുകളും സമനില വഴങ്ങിയത്‌ കൊണ്ട്‌ തന്നെ ഗോൾ വ്യത്യാസത്തിൽ മാറ്റമുണ്ടാകുന്നില്ല. അതുകൊണ്ട്‌ അർജന്റീന ഗോൾ വ്യത്യാസത്തിൽ സൗദിയെ മറികടന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തും.

3) അർജന്റീന പോളണ്ട്‌ മത്സരം സമനിലയിലാവുകയും സൗദി മെക്സിക്കോ മത്സരത്തിൽ മെക്സിക്കോ ജയിക്കുകയും ചെയ്താൽ കണക്കിലെ കളി തുടങ്ങുകയായി. ഈ ഘട്ടത്തിലും പോളണ്ട്‌ 5 പോയിന്റുമായി ഗ്രൂപ്പ്‌ ചാമ്പ്യന്മാരാകും. എന്നാൽ അർജന്റീനക്കും മെക്സിക്കോയ്ക്കും 4 പോയിന്റ്‌ വീതമാകും. നിലവിൽ മെക്സിക്കോയുടെ ഗോൾ വ്യത്യാസം -2 ആണ്. അർജന്റീനക്ക്‌ മേൽ പറഞ്ഞ പ്രകാരം +1 ഉം. മെക്സിക്കോയുടെ ജയം 3-0 അല്ലെങ്കിൽ അതിന് മുകളിലോ ആയാൽ മെക്സിക്കോ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ യോഗ്യത നേടും. അല്ലാത്ത പക്ഷം അർജന്റീന തന്നെയാകും രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുക.

നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്‌. അതുകൊണ്ട്‌ മെക്സിക്കോ ജയിച്ചാൽ തന്നെ 3 ഗോളുകളുടെ വ്യത്യാസത്തിലൊരു ജയം പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും ഫുട്ബോളാണല്ലോ. കണ്ടുതന്നെയറിയണം. കാത്തിരിക്കാം മിശിഹായും കൂട്ടരും പ്രീക്വാർട്ടറിലേക്ക്‌ യോഗ്യത നേടുന്ന സുന്ദര നിമിഷത്തിനായി.

Related Stories

No stories found.
logo
The Cue
www.thecue.in