തോറ്റെങ്കിലും അര്‍ജന്റീനയെ വിറപ്പിച്ച് കാനഡ; കോപ്പയിലെ ആദ്യ മാച്ചില്‍ മെസ്സിക്കും സംഘത്തിനും രണ്ടു ഗോളിന്റെ വിജയം

തോറ്റെങ്കിലും അര്‍ജന്റീനയെ വിറപ്പിച്ച് കാനഡ; കോപ്പയിലെ ആദ്യ മാച്ചില്‍ മെസ്സിക്കും സംഘത്തിനും രണ്ടു ഗോളിന്റെ വിജയം
Published on

കോപ്പ അമേരിക്കയുടെ ആദ്യ മാച്ചില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വിറപ്പിച്ച് ആദ്യമായി ടൂര്‍ണമെന്റ് കളിക്കാനെത്തിയ കാനഡ. രണ്ട് ഗോളിന് അര്‍ജന്റീന വിജയിച്ചെങ്കിലും മെസ്സിയും ഡി മരിയയും അടക്കമുള്ള പ്രമാണിമാരുടെ മുന്നേറ്റങ്ങള്‍ തടഞ്ഞുകൊണ്ട് ഗംഭീര പ്രകടനമാണ് കാനഡ നടത്തിയത്. ജൂലിയന്‍ അല്‍വാരസ്, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. മെസ്സിയെയും ഡി മരിയയെയും ഗോളടിക്കാന്‍ കാനഡ അനുവദിച്ചില്ല. കളിയുടെ 42-ാം മിനിറ്റില്‍ സ്‌റ്റെഫാന്‍ എസ്റ്റക്യുവിന്റെ ഹെഡര്‍ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ ചാമ്പ്യന്‍മാരുടെ വിജയം ഒരു ഗോളിന്റെ മാര്‍ജിനില്‍ ഒതുങ്ങിയേനെ.

തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച കാനഡ അര്‍ജന്റീന നടത്തിയ മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുത്തു. അതിനൊപ്പം തന്നെ അവസരങ്ങള്‍ സൃഷ്ടിച്ച് കടന്നു കയറുകയും ചെയ്തു. 9-ാം മിനിറ്റില്‍ കാനഡയ്ക്ക് ലഭിച്ച കോര്‍ണറില്‍ പന്ത് തട്ടിയെടുത്ത ഏഞ്ചല്‍ ഡി മരിയ വന്‍ മുന്നേറ്റം നടത്തി കാനഡയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോള്‍കീപ്പര്‍ അത് സേവ് ചെയ്തു. 39-ാം മിനിറ്റിലും ഗോള്‍ ശ്രമമുണ്ടായി. മാക് അലിസ്റ്റര്‍ തൊടുത്ത ഹെഡര്‍ കനേഡിയന്‍ ഗോളി മാക്‌സിം ക്രപ്യു തട്ടിയകറ്റി. വലതു വിങ്ങിലൂടെ മെസ്സിയും ഡി മരിയയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അല്‍വാരസിന് ലഭിച്ച അവസരവും നഷ്ടപ്പെടുത്തി.

കാനഡ ഉയര്‍ത്തിയ കനത്ത പ്രതിരോധത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതി തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 49-ാം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്ന് മെസ്സി നല്‍കിയ ഒരു ത്രൂബോള്‍ മാക് അലിസ്റ്ററര്‍ അല്‍വാരസിന് നല്‍കി. അല്‍വാരസ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. 65-ാം മിനിറ്റില്‍ മെസ്സി ഒരു മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍കീപ്പര്‍ അതിന് തടയിട്ടു. റീബൗണ്ടിലും ബോള്‍ മെസ്സിയുടെ കാലുകളില്‍ എത്തി. പക്ഷേ, ഷോട്ട് കനേഡിയന്‍ ഡിഫന്‍ഡര്‍ തടഞ്ഞു. 79-ാം മിനിറ്റിലും മെസ്സിയുടെ ഗോള്‍ ശ്രമം പാഴായി. പിന്നീട് 88-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റിലാണ് ലൗട്ടാറോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in