ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാന്‍ ട്വന്റി 20 ലോകകപ്പ് സെമിയില്‍; പുറത്തായത് ഓസ്‌ട്രേലിയയും

ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാന്‍ ട്വന്റി 20 ലോകകപ്പ് സെമിയില്‍; പുറത്തായത് ഓസ്‌ട്രേലിയയും
Published on

സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. എട്ട് റണ്‍സിനാണ് ബംഗ്ലാദേശിനെ അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യക്കു പിന്നിലായി രണ്ടാം സ്ഥാനത്തോടെ അഫ്ഗാന്‍ സെമിയില്‍ പ്രവേശിക്കുകയായിരുന്നു. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യ തിങ്കളാഴ്ച സെമി ഉറപ്പാക്കിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ ഓസ്‌ട്രേലിയയും സെമി കാണാതെ പുറത്തായി. അഫ്ഗാനെ ബംഗ്ലാദേശ് വലിയ മാര്‍ജിനില്‍ കീഴ്‌പ്പെടുത്തിയിരുന്നെങ്കില്‍ ഓസീസിന് സെമി സാധ്യതയുണ്ടായിരുന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. തുടര്‍ന്ന് മഴ പെയ്തതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി ചുരുക്കി. എന്നാല്‍ 17.5 ഓവറില്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് 105 റണ്‍സില്‍ അഫ്ഗാന്‍ അവസാനിപ്പിച്ചു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാന്‍ നാലു പോയിന്റുകളുമായാണ് സെമിയില്‍ എത്തിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ അഫ്ഗാന്‍ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണ് ഇത്. അതേസമയം സൂപ്പര്‍ 8ല്‍ ഒരു മത്സരവും വിജയിക്കാനാകാതെയാണ് ബംഗ്ലാദേശ് പുറത്താകുന്നത്.

ടോസ് ലഭിച്ച് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 54 റണ്‍സ് പിറന്നു. റഹ്‌മാനുള്ള ഗുര്‍ബാസ് 55 ബോളില്‍ 43 റണ്‍സെടുത്തപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 29 ബോളില്‍ നിന്ന് 18 റണ്‍സ് നേടി. 3.5 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖാണ് മാന്‍ ഓഫ് ദി മാച്ച്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികള്‍. വ്യാഴാഴ്ച രാവിലെ ആറുമണിക്കാണ് മത്സരം.

Related Stories

No stories found.
logo
The Cue
www.thecue.in