പരാതി നല്‍കാന്‍ പോയപ്പോള്‍ പൊലീസ് തല്ലിച്ചതച്ചു, എട്ടുമാസമായി നീതിക്കായി ഈ ദളിത് യുവാവ് നടക്കുന്നു

പരാതി നല്‍കാന്‍ പോയപ്പോള്‍ പൊലീസ് തല്ലിച്ചതച്ചു, എട്ടുമാസമായി നീതിക്കായി ഈ ദളിത് യുവാവ് നടക്കുന്നു
Published on

2021 ഫെബ്രുവരി മൂന്നിന് ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതാണ് കൊല്ലം തെന്മല സ്വദേശി രാജീവ്. അന്ന് തുടങ്ങിയതാണ് ഈ ദളിത് യുവാവിന്റെ കഷ്ടകാലം. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിനെതിരെ പരാതി നല്‍കാനാണ് രാജീവ് പൊലീസിനെ സമീപിച്ചത്. തെന്മലയില്‍ ലൈഫ് മിഷന്‍ പ്രകാരം വീടുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജീവ് നല്‍കിയ പരാതിയിലാണ് ബന്ധുവുമായുള്ള തര്‍ക്കത്തിന്റെ തുടക്കം.

ലൈഫ് പദ്ധതിയിലൂടെ അനര്‍ഹര്‍ക്ക് വീട് അനുവദിച്ചെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സ്വന്തമായി വീടില്ലാത്ത താന്‍ കൊല്ലം ജില്ലാ കലക്ടറെ 2018ല്‍ സമീപിക്കുന്നതെന്ന് രാജീവ്. തെന്മല പഞ്ചായത്തില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം ലഭിച്ചിരുന്നു. വീടില്ലാത്തതിനാല്‍ അമ്മയുടെ വീട്ടിലാണ് രാജീവും ഭാര്യയും മൂന്ന് മക്കളും താമസിക്കുന്നത്. 2018ല്‍ നല്‍കിയ പരാതിയിന്‍മേല്‍ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ അന്വേഷണം നടത്തുകയും അനര്‍ഹരുടേതെന്ന് കണ്ടെത്തിയ മൂന്ന് വീടുകളുടെ പണി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭവനപദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതാണ് പഞ്ചായത്ത് ഭരണസമിതിക്ക് തന്നോട് വൈരാഗ്യമുണ്ടാക്കിയതെന്ന് രാജീവ്. ഇതേ പ്രശ്‌നത്തിലാണ് ബന്ധു രാജീവിനെ അസഭ്യം പറയുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുള്‍പ്പെടെ ഹാജരാക്കാനായാണ് സി.ഐ വിശ്വംഭരനെ രാജീവ് സമീപിക്കുന്നത്

സി.ഐ വിശ്വംഭരന്‍ പരാതി വായിച്ച ശേഷം ബന്ധുവിനോട് രാവിലെ ഒമ്പതരയ്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. തൊട്ടടുത്ത നിമിഷം കാര്യമില്ലാതെ ഒരാള്‍ അസഭ്യം പറയുമോ എന്ന് ചോദിച്ച് അടുത്തുണ്ടായിരുന്ന ചൂരലെടുത്ത് സി.ഐ തന്നെ മര്‍ദ്ദിച്ചെന്ന് രാജീവ് ആരോപിക്കുന്നു.

'ഇയാള്‍ ചീത്ത വിളിക്കാതെ ഒരാള്‍ തിരിച്ച് ചീത്ത വിളിക്കുമോ' എന്ന് ചോദിച്ചാണ് കയ്യിലുണ്ടായിരുന്ന ചൂരല്‍ എടുത്ത് സി.ഐ മര്‍ദിച്ചതെന്ന് രാജീവ്. സാറേ, ഞാന്‍ ചീത്ത വിളിച്ചിട്ടില്ല, എന്റെ കയ്യില്‍ ഫോണ്‍ റെക്കോഡുമുണ്ടെന്ന് ആവര്‍ത്തിച്ചെങ്കിലും സി.ഐ ചെവിക്കൊണ്ടില്ലെന്ന് രാജീവ്.

പരാതിക്കാരനായിട്ടും ക്രൂരമായ മര്‍ദ്ദനം, ചെവിക്കല്ലിന് അടിച്ചു

പരാതിയുമായി വന്ന തന്നോട് വളരെ മോശമായാണ് സി.ഐ പെരുമാറിയത്.

''ചൂരലുകൊണ്ട് തുടയ്ക്ക് അടിച്ചിട്ട് 'പോടാ' എന്ന് പറഞ്ഞു. ടാക്‌സി ഡ്രൈവര്‍ ആണെങ്കിലും ഒരു പെറ്റി കേസ് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. സി.ഐയുടെ പെരുമാറ്റം എനിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കി. പരാതി എഴുതി തന്ന ചേട്ടനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ രസീത് വാങ്ങിവരാന്‍ പറഞ്ഞു. കൂടെ ആരുമില്ലാത്തതുകൊണ്ട് തന്നെ പേടിയുണ്ടായിരുന്നു.

അതുകൊണ്ടാണ് മൊബൈലില്‍ വീഡിയോ ഓണാക്കി രസീത് ചോദിക്കാന്‍ പോയത്. സത്യം പറഞ്ഞാല്‍ സ്വയരക്ഷയ്ക്ക് കൂടി വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. എന്നെ കണ്ടയുടനെ ' നീ ഇത് വരെ പോയില്ലെടാ' എന്നാണ് സി.ഐ ചോദിച്ചത്. രസീത് ചോദിച്ച ഉടനെ ചീത്ത വിളിയായിരുന്നു. ചീത്ത വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍ സി.ഐ ചെവിക്കല്ലിന് അടിക്കുകയായിരുന്നു. പോക്കറ്റിലിരുന്ന ഫോണ്‍ പിടിച്ചുവാങ്ങി എന്നെ സ്റ്റേഷനിലാക്കി പുറത്ത് പോകുകയും ചെയ്തു,

ഈ സമയത്തെല്ലാം എന്നെ കാണാതെ വീട്ടുകാര്‍ വിളിക്കുന്നുണ്ട്. ഒരു കുടിലനകത്താണ് ഞങ്ങള്‍ താമസിക്കുന്നത്. നീ അഹങ്കാരം കുറയ്ക്ക്, നിനക്ക് രസീതൊക്കെ വേണമല്ലേ എന്ന് പറഞ്ഞ് പൊലീസെന്ന ഭീഷണിപ്പെടുത്തുകയായിരുന്നു. അപമാനം താങ്ങാനാകാതെ ഞാന്‍ പൊലീസ് സ്റ്റേഷനിലിരുന്ന് കരയുകയായിരുന്നു.

രണ്ടര മണിക്കൂറോളം അവരെന്നെ അവിടെ പിടിച്ചു നിര്‍ത്തി. തിരിച്ച് സി.ഐ വന്നപ്പോള്‍ നീ പഞ്ചായത്ത് ഭരണസമിതിക്കെതിരായൊക്കെ നില്‍ക്കുമല്ലേ എന്നാണ് ചോദിച്ചതെന്നും രാജീവ് പറയുന്നു. ഞാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നൊക്കെയാണ് വീട്ടിലുള്ളവരോട് സി.ഐ പറഞ്ഞത്. പിന്നീട് അമ്മയും സഹോദരനും വന്നാണ് എന്നെ സ്റ്റേഷനില്‍ നിന്ന് ഇറക്കുന്നത്. എസ്.ഐ ശാലു ഫോണ്‍ തിരിച്ച് തന്നിട്ട് സി.ഐയ്ക്ക് അബദ്ധം പറ്റിയതാണ് പരാതിയും കൊണ്ടൊന്നും പോകരുത് എന്നെന്നോട് പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് തികച്ചും അപമാനിതനായി ശാരീകമായി തളര്‍ന്നാണ് ഞാന്‍ വീട്ടിലേക്ക് പോയതെന്ന് രാജീവ് പറഞ്ഞു.

വീഡിയോ ഫേസ്ബുക്കിലിട്ടു, പിന്നീട് നടന്നത്

വീട്ടിലെത്തിയാണ് വീഡിയോ ഫേസ്ബുക്കിലിടണമെന്ന് താന്‍ തീരുമാനിക്കുന്നതെന്ന് രാജീവ് പറഞ്ഞു. ഈ വീഡിയോ നിരവധി പേര്‍ ഏറ്റെടുക്കുകയും വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. പക്ഷേ പിന്നീട് കടന്നു പോയത് കൊടും ഭീകരത നിറഞ്ഞ അനുഭവങ്ങളിലൂടെയായിരുന്നെന്ന് രാജീവ് പറയുന്നു. പുനലൂര്‍ ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് ക്യൂ നില്‍ക്കുമ്പോള്‍ പൊലീസ് തന്നെ പിടിച്ചുകൊണ്ടു പോയെന്നാണ് രാജീവ് പറയുന്നത്.

''ആശുപത്രിയിലെത്തി ഒ.പി ടിക്കറ്റിന് ക്യൂ നില്‍ക്കുമ്പോഴാണ് പൊലീസുകാര്‍ പിടിച്ച് വലിച്ച് വണ്ടിക്കകത്ത് ഇടുന്നത്. '' സി.ഐക്കെതിരെ അഡ്മിറ്റ് ചെയ്തിട്ട് നീ പരാതിയും കൊണ്ട് പോകുമല്ലേടാ,' എന്ന് എന്നോട് ചോദിച്ചു. സത്യത്തില്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ചും എസ്.ഐ എന്നെ ഭീഷണിപ്പെടുത്തി. പൊലീസുകാര്‍ ഫോണിന്റെ ലോക്ക് മാറ്റാന്‍ പറഞ്ഞു. ഫിംഗര്‍ പ്രിന്റ് ലോക്കായിരുന്നു. പേടിച്ചിട്ട് ഞാന്‍ ലോക്ക് മാറ്റി.എന്റെ ഫോണില്‍ നിന്ന് സി.ഐയുടെ ഫോണിലേക്ക് പൊലീസുകാര്‍ തന്നെ ഭീഷണി സന്ദേശമയക്കുകയായിരുന്നു,'' രാജീവ് ആരോപിച്ചു.

സ്റ്റേഷനില്‍ കൊണ്ടു പോകാതെ തന്നെ നേരെ തെന്മല ഡാമിനടുത്താണ് കൊണ്ടു പോയതെന്നും അവിടെ നിന്ന് സി.ഐ പറഞ്ഞത് പ്രകാരം കുളത്തൂപ്പുഴയിലേക്ക് കൊണ്ടു പോയെന്നും രാജീവ് പറയുന്നു.

കുളത്തുപ്പുഴയിലെ ആര്‍.പി.എല്‍ ചെക്ക് പോസ്റ്റിനടുത്ത് വെച്ച് സി.ഐ ഭീഷണിപ്പെടുത്തി. കൊന്നു കളയും, ഞാന്‍ അടിക്കുന്ന വീഡിയോ നീ ആര്‍ക്കൊക്കെ അയച്ചുവെന്നൊക്കെ ചോദിച്ചു, പെന്‍ഡ്രൈവിനകത്ത് ആക്കി വെച്ചിട്ടുണ്ടോയെന്നും ചോദിച്ചു. പറഞ്ഞോണം, അല്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു പറഞ്ഞത്. എന്നെ അടിക്കുവാണെങ്കില്‍ നിങ്ങളുടെ പേരെഴുതി വെച്ച് ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് അവരോട് പറഞ്ഞ് രക്ഷപ്പെടാനാണ് ഞാന്‍ നോക്കിയത്. കുളത്തൂപ്പുഴയില്‍ ഒരു മൊബൈല്‍ ഷോപ്പിനടുത്ത് കൊണ്ടു ചെന്ന് നിര്‍ത്തി തലയില്‍ ഹെല്‍മെറ്റിട്ട് കുനിച്ചു നിര്‍ത്തി എന്നെ അടിച്ചു.

ഫോണ്‍ കൊണ്ടുപോകല്ലേ എന്ന് പറഞ്ഞ് അപേക്ഷിക്കേണ്ടി വന്നു

ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ട് കുട്ടികള്‍ പഠിക്കുന്നതെല്ലാം മൊബൈല്‍ ഫോണിലാണ്. മൂത്ത മകന്‍ പത്തിലാണ്. ഫോണ്‍ തിരികെ തരണമെന്ന് പറഞ്ഞ് പൊലീസുകാരോട് കേണപേക്ഷിച്ചു.

'പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മോന്റെ നോട്ടെല്ലാം ഫോണിലായിരുന്നു. അത് നശിപ്പിക്കരുതെന്ന് പറഞ്ഞെങ്കിലും അവരതെല്ലാം ഡിലീറ്റാക്കി. ' ഞങ്ങളുടെ സി.ഐയുടെ ജോലി കളഞ്ഞിട്ട് നിന്റെ മക്കള്‍ പഠിക്കണ്ടടാ', എന്നാണ് അപ്പോള്‍ എസ്.ഐ പറഞ്ഞത്. ഉച്ചയോടുകൂടിയാണ് തെന്മല സ്റ്റേഷനില്‍ കൊണ്ടു ചെന്നത്. പെരുംവെയിലത്ത് വിലങ്ങിട്ട് സ്റ്റേഷനു മുന്നില്‍ നിര്‍ത്തുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച് അമ്മയുടെയും പെങ്ങളുടെയും ഫോണ്‍ പിടിച്ചു വാങ്ങിച്ചു. പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും ഏഷ്യാനെറ്റ് വാര്‍ത്തയുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു.

പരാതി പിന്‍വലിക്കില്ലെന്ന് ഉറപ്പിച്ചു

അനുഭവിച്ച പ്രയാസങ്ങളൊക്കെ മുന്നിലുണ്ടെങ്കിലും പരാതി പിന്‍വലിക്കില്ലെന്ന് ഉറച്ച് രാജീവ് റൂറല്‍ എസ്. പിക്ക് സംഭവത്തില്‍ പരാതി നല്‍കി. അപ്പോഴും ഭീഷണിയുണ്ടായിരുന്നു. പക്ഷേ റൂറല്‍ എസ്.പിയുടെ അന്വേഷണം നടന്നില്ല.

മുഖ്യമന്ത്രിക്ക് പരാതി

രണ്ടാമത് മുഖ്യമന്ത്രിക്കും രാജീവ് പരാതി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കരയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിച്ചുവെന്ന് രാജീവ് പറയുന്നു. അവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും രാജീവ് പറഞ്ഞു. സി.ഐയെക്കെതിരെ ഉന്നയിച്ച കാര്യത്തിന് തെളിവില്ലെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തലെന്നും രാജീവ് പറഞ്ഞു.

ആഭ്യന്തര സെക്രട്ടറിക്കും, ഡി.ജി.പിക്കും പരാതി

സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം എവിടെയും എത്താതായപ്പോഴാണ് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്‍കുന്നത്. ആ അന്വേഷണത്തില്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി വിളിപ്പിച്ചു. അതുപ്രകാരമാണ് പട്ടികജാതി കമ്മീഷന്‍ കേസെടുത്തതെന്നും രാജീവ് പറഞ്ഞു.

തെളിവുകളും പൊലീസ് നശിപ്പിച്ചു

സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് നശിപ്പിച്ചു. ഗവണ്‍മെന്റ് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും വിവരാവകാശം കൊടുത്തിട്ട് നല്‍കിയില്ലെന്ന് രാജീവ് പറയുന്നു. അന്ന് ഏഷ്യാനെറ്റില്‍ വന്ന ദൃശ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തെളിവായി തന്റെ കയ്യിലുള്ളതെന്നും താന്‍ ഷൂട്ട് ചെയ്ത വീഡിയോയെല്ലാം പൊലീസ് തന്നെ ഡിലീറ്റാക്കിയെന്നും രാജീവ് പറഞ്ഞു.

ഇപ്പോഴും തുടരുന്ന ഭീഷണി

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഭീഷണിക്കു നടുവില്‍ ഭയന്നാണ് ജീവിക്കുന്നത്. വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.

ടിപ്പര്‍ ഓടിച്ചാണ് ഞാന്‍ ജീവിക്കുന്നത്. കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ആരും ഓടിക്കാന്‍ വണ്ടി തരുന്നില്ല. ഇപ്പോള്‍ വീട്ടില്‍ ഒരു ഗതിയുമില്ല. പലരും സഹായിച്ചിട്ടാണ് അരി പോലും വാങ്ങുന്നത്. അക്കൗണ്ടില്‍ ചിലരായി പൈസയൊക്കെ അയച്ചു തന്നാണ് കേസുമായി ബന്ധപ്പെട്ട വണ്ടിക്കൂലിക്കൊക്കെ പണം കിട്ടുന്നത്. എവിടെയും ജോലി കിട്ടാത്ത അവസ്ഥയാണ്. ഞാന്‍ പുറത്തിറങ്ങുന്നത് കുഞ്ഞുങ്ങള്‍ക്കും പേടിയാണെന്ന് രാജീവ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in