സാഗര്‍ ഏലിയാസ് ജാക്കിയെന്ന പേരിട്ടത് മോഹന്‍ലാല്‍, നാര്‍ക്കോട്ടിക്‌സിന് നോ പറഞ്ഞതിന്റെ കാരണം, എസ് എന്‍ സ്വാമി സ്വാമി അഭിമുഖം

സാഗര്‍ ഏലിയാസ് ജാക്കിയെന്ന പേരിട്ടത് മോഹന്‍ലാല്‍, നാര്‍ക്കോട്ടിക്‌സിന് നോ പറഞ്ഞതിന്റെ കാരണം, എസ് എന്‍ സ്വാമി സ്വാമി അഭിമുഖം
Published on
കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താന്റെ കാലുതൊട്ടുതൊഴുന്ന സൂപ്പര്‍താരം ദീലീപ് കുമാറിന്റെ ചിത്രമായിരുന്നു സണ്‍ഡേ എന്ന മാഗസിന്റെ കവര്‍ പേജ്,ഇരുപതാം നൂറ്റാണ്ടിനെക്കുറിച്ച്, സാഗര്‍ ഏലിയാസ് ജാക്കിയുടെ പിറവിയെക്കുറിച്ച് എസ്.എന്‍ സ്വാമി

നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് പറഞ്ഞ ചരിത്രത്തിലെ ആദ്യത്തെയും ചിലപ്പോള്‍ അവസാനത്തേയും അധോലോക നായകന്‍ സാഗര്‍ ഏലിയാസ് ജാക്കിയായിരിക്കും. മയക്കുമരുന്നും കള്ളക്കടത്തും കുത്തകയാക്കി വാഴുന്ന ഡോണ്‍മാരില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു എസ് എന്‍ സ്വാമിയുടെ രചനയില്‍ കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ എന്ന ജാക്കി. മോഹന്‍ലാലിന് സൂപ്പര്‍താര പരിവേഷം നല്‍കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ട് ഇറങ്ങി 33 വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കഥാപാത്രത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി.

ആക്ഷന്‍ ക്രൈമിലേക്ക് ഉള്ള എന്‍ട്രി

ഞാന്‍ ആദ്യമായി എഴുതുന്ന ആക്ഷന്‍ ക്രൈം ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. അതുവരെ കുടുംബചിത്രങ്ങള്‍ മാത്രമെഴുതി ഒതുങ്ങിക്കൂടിയിരിക്കുകയായിരുന്നു ഞാന്‍. എനിക്കിഷ്ടവും അത്തരം കഥകളായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തിരക്കഥയ്ക്കായി ആദ്യം സമീപിച്ചത് ഡെന്നീസ് ജോസഫിനെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സമയക്കുറവ് മൂലം എന്നെ അപ്രോച്ച് ചെയ്യുകയായിരുന്നു. ഞാനാണെങ്കില്‍ അങ്ങനെയൊരു ആക്ഷന്‍ ചിത്രമൊന്നും അതിനുമുമ്പ് എഴുതിയിട്ടുമില്ല. ചക്കരയുമ്മ പോലയുള്ള ചിത്രങ്ങളായിരുന്നു എന്റെ ഫേവറേറ്റ്സ്. പിന്നെ കഥാപാത്രത്തിനും കഥയ്ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

ഹാജിമസ്താനില്‍ നിന്ന് സാഗറിലേക്ക്

ഇംഗ്ലീഷ് മാഗസിനുകള്‍ വായിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.അങ്ങനെ പഴയകുറച്ച് പുസ്തകങ്ങള്‍ നോക്കുന്നതിനിടെയാണ് സണ്‍ഡേ എന്ന മാഗസിന്റെ കവര്‍ പേജ് എന്റെ കണ്ണിലുടക്കുന്നത്. കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താന്റെ കാലുതൊട്ടുതൊഴുന്ന സൂപ്പര്‍താരം ദീലീപ് കുമാറിന്റെ ചിത്രമായിരുന്നു സണ്‍ഡേ എന്ന മാഗസിന്റെ കവര്‍ പേജ്. ഞാന്‍ കഥയൊക്കെ എഴുതുന്നതിനുംമുമ്പ് അടിയന്തരാവസ്ഥക്കാലത്തിന് ശേഷം ഇറങ്ങിയതായിരുന്നു അത്. ആ ചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാനൊക്കെ ആരാധിക്കുന്ന വലിയൊരു നടന്‍ ഹാജി മസ്താനെപ്പോലൊരു ഡോണിന്റെ കാലുതൊട്ടുതൊഴുന്നത് വളരെ വിചിത്രമായി തോന്നി. പെട്ടെന്ന് മനസ്സില്‍ ആ ചിത്രം സ്ട്രൈക്ക് ചെയ്തു. പിന്നെയതിന്റെ ഹിസ്റ്ററിയൊക്കെ അറിഞ്ഞുവന്നപ്പോള്‍ കൂടുതല്‍ ഇഷ്ടമായി. അങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ പിറവി

'സാഗര്‍ ഏലിയാസ് ജാക്കി'യെന്ന് വിളിച്ചത് മോഹന്‍ലാല്‍

വിദ്യാസാഗര്‍ എന്നാണല്ലോ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. അണ്ടര്‍വേള്‍ഡില്‍ അറിയപ്പെട്ടിരുന്നത് ജാക്കിയെന്നും. ഞാന്‍ ആദ്യം സാഗര്‍ അഥവാ ജാക്കിയെന്നാണ് കഥാപാത്രത്തെ വിളിച്ചത്. എന്നാലത് പരിഷ്‌കരിച്ച് സാഗര്‍ ഏലിയാസ് ജാക്കി എന്നാക്കിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു. ആ പേര് ഹിറ്റാകുമെന്നാണ് അന്നേ ലാല്‍ പറഞ്ഞു. മുഖ്യമന്ത്രിയെപ്പോലും സ്വാധിനിക്കുന്നൊരു കള്ളക്കടത്തുകാരനായിട്ടാണ് ജാക്കിയെ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും സാമ്രാജ്യത്തില്‍ വാഴുന്നൊരു രാജാവിന്റെ പവറാണ് ചിത്രത്തില്‍ നായകന്. ഒരു കള്ളക്കടത്തുകാരന് രാജാവിന്റെ പവര്‍ കിട്ടുക എന്നുപറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. എല്ലാവരും പേടിച്ച് വണങ്ങുകയും ആദരിക്കുകയുമെല്ലാം ചെയ്യുന്ന ശരിക്കും കിരീടം വയ്ക്കാത്ത രാജാവായിരുന്നു ജാക്കി. അതുപോലെ മയക്കുമരുന്ന് കച്ചവടം വൃത്തികെട്ട ബിസിനസ് ആണെന്ന് വിളിച്ചുപറയുന്ന ഒരു അധോലോക നായകന്‍ എന്നത് അന്ന് പുതുമയുമായി. ഈ ചിത്രത്തിന്റെ ചുവടുപിടിച്ച് അത്തരത്തിലുള്ള കുറേയേറെ സിനിമകളും അന്ന് ഇറങ്ങി.

മാസ് പടത്തിന് മാസ് ക്ലൈമാക്സ്

ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും പ്രിയപ്പെട്ട ഭാഗമേതെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയും ക്ലൈമാക്സ് എന്ന്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് ക്ലൈമാക്സ്. അന്ന് അത്രഭംഗിയായി തിരുവനന്തപുരം വിമാനത്താവളം ചിത്രീകരിച്ച മറ്റൊരു ചിത്രമുണ്ടാകില്ല. രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം 4 മണിയ്ക്കുള്ളില്‍ പൂര്‍ത്തീകരിച്ച ഗംഭീരമായൊരു ഷൂട്ടായിരുന്നു ക്ലൈമാക്സിന്റെത്. പക്ഷേ അത് കണ്ടാല്‍ ഒറ്റദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണെന്ന് പറയില്ല. അതേപോലെ തന്നെ തെലുങ്ക് പതിപ്പിലും ചിത്രമിറങ്ങിയിരുന്നു. അതിലും ഇതേ ലൊക്കേഷനില്‍ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി ഇരുപതാം നൂറ്റാണ്ടിന്റെ കാസറ്റ് ഇട്ട് ഷോട്ട് ബൈ ഷോട്ട് ആയിട്ടാണ് അവരും ഷൂട്ട് ചെയ്തത്. എന്നാല്‍ നാലുദിവസം കൊണ്ടാണ് തെലുങ്ക് പതിപ്പിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. അതിനാല്‍ ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത് നമ്മുടെ അഭിനേതാക്കളുടേയും സംവിധായകന്റെയും അണിയറപ്രവര്‍ത്തകരുടേയും മികവ് ഒന്ന് തന്നെയാണ് എന്ന് നിസംശയം പറയാം. വളരെ ചെലവേറിയതായിരുന്നു ആ ചിത്രീകരണവേള എന്ന് സ്വാമി ഓര്‍ത്തെടുക്കുന്നു.അനേകം ആര്‍ട്ടിസ്റ്റുകള്‍ ക്ലൈമാക്സില്‍ അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിന്റെ അവസാനഭാഗത്ത് കണക്ഷന്‍ ഫ്ളൈറ്റുകളുടെ വരവും വിമാനത്തില്‍ കയറിപ്പോകുന്നതുമെല്ലാം സമയബന്ധിതമായി തീര്‍ക്കാനായത് ശരിക്കും മറക്കാനാവില്ലെന്നും തനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ആ ക്ലൈമാക്സ് തന്നെയാണെന്നും എസ് എന്‍ സ്വാമി. തന്റെ ആദ്യമാസ് പടം തന്നെയാണ് ഇരുപതാം നൂറ്റാണ്ട് എന്നുപറയാമെന്നും അദ്ദേഹം.

സകല റെക്കോര്‍ഡുകളും തിരുത്തി

1987 മെയ് 14നായിരുന്നു ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. പിന്നീട് 2009 ല്‍ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡും എത്തി. രണ്ട് ചിത്രങ്ങളും എഴുതിയത് എസ് എന്‍ സ്വാമിതന്നെയാണ്. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് അമല്‍ നീരദ് ആണ് സംവിധാനം ചെയ്തിരുന്നത്. മോഹന്‍ലാലിനെക്കൂടാതെ സുരേഷ്ഗോപി, ജഗതി ശ്രീകുമാര്‍, അംബിക തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന, അക്കാലത്തെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. തിയറ്ററുകളില്‍ 200 ദിവസങ്ങളോളം പ്രദര്‍ശനം നടത്തിയ സിനിമ അന്ന് രണ്ട് കോടിയ്ക്ക് മുകളില്‍ കളക്ഷനും നേടി.

നാർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്

നാർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ് എന്ന കിടിലൻ ഡയലോഗ് പിറവിയെടുത്തതിന് പിന്നിൽ വലിയ കഥയൊന്നുമില്ല എന്നാണ് സ്വാമി പറയുന്നത്. നമ്മുടെയൊക്കെ മനസിൽ മയക്കുമരുന്നിനോടും കള്ളക്കടത്തിനോടുമെല്ലാം ഒരു എതിർപ്പുണ്ടാകുമല്ലോ. അങ്ങനെയൊരു മാനസീകാവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്ന ഡയലോഗ് ആണത്. പിന്നെ അത് ഒരു കള്ളക്കടത്ത്കാരൻ കൂടിയായ നായകൻ പറയുമ്പോൾ കൂടുതൽ പ്രാധാന്യം ഉണ്ടാകും എന്ന് കരുതിയാണ് സാഗർ ഏലിയാസ് ജാക്കി യെ കൊണ്ട് തന്നെ ആ ഡയലോഗ് പറയിപ്പിച്ചത്. പിന്നീട് ആ ഡയലോഗ് ചുവടുപിടിച്ച് കുറെയേറെ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈയടുത്ത് ലൂസിഫറിൽ പോലും അത് മെൻഷൻ ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും സ്വാമി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in