‘തോന്ന്യാസം നടക്കില്ല,പുല്‍വാമ ദിനമായി ആചരിക്കണം’; വാലന്റൈന്‍സ് ദിനത്തില്‍ പാര്‍ക്കിലും പബ്ബിലുമെത്തുന്നവരെ തടയുമെന്ന് ബജ്‌റംഗദള്‍
വാലന്റൈന്‍സ് ദിനത്തില്‍ പാര്‍ക്കുകളിലും പബ്ബുകളിലുമെത്തുന്ന യുവാക്കളൈ തടയുമെന്ന ഭീഷണിയുമായി ബജ്‌റംഗദള്‍. വിദേശ സംസ്‌കാരം പിന്‍തുടര്‍ന്നുള്ള യുവാക്കളുടെ തോന്ന്യാസം അനുവദിക്കില്ലെന്നാണ് തെലങ്കാന ഘടകത്തിന്റെ വാദം. പ്രണയത്തിന്റെ പേരില്‍ പബ്ബിലും പാര്‍ക്കിലും ഒത്തുകൂടുന്ന യുവാക്കളുടെ നടപടി അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ബജ്‌റംഗദള്‍ സംസ്ഥാന കണ്‍വീനര്‍ സുഭാഷ് ചന്ദറിന്റെ പരാമര്‍ശം.
ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കണം. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് അന്ന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് വേണ്ടത്. അല്ലാതെ കമിതാക്കള്‍ തോന്ന്യാസം കാണിക്കുകല്ല. അത് പിന്‍തുടരുന്നവര്‍ വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യന്‍ സംസ്‌കാരത്തെ പണയപ്പെടുത്തുകയാണ്. മാതാപിതാക്കള്‍ക്ക് മാനക്കേടുണ്ടാക്കുന്ന വിധത്തിലും ഇന്ത്യന്‍ പാരമ്പര്യത്തെ മോശപ്പെടുത്തുന്ന രീതിയിലും പ്രവര്‍ത്തിക്കുന്നവരോട് സ്വദേശി സംസ്‌കാരത്തെക്കുറിച്ച് വിശദീകരിക്കുമെന്നും സുഭാഷ് ചന്ദര്‍ പറഞ്ഞു.
വാലന്റൈന്‍സ് ദിനത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ചില കമ്പനികള്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാളുകളും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളും കച്ചവടം ലക്ഷ്യമിട്ട് ഈ ദിവസത്തിന് പ്രചാരം നല്‍കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. പ്രണയത്തോട് വിരോധമില്ലെന്നും എന്നാല്‍ വാലന്റൈന്‍സ് ദിനാചരണത്തോടാണ് എതിര്‍പ്പെന്നുമാണ് സംഘടനയുടെ വാദം.